അടിപൊളി വീടിന് ഓലകൊണ്ടു മതിൽ!
വീടിനേക്കാൾ കാശു മുടക്കി മതിലും ഗേറ്റുമൊക്കെ ആഡംബര പൂർവം സ്ഥാപിക്കുന്ന കാലമാണിത്. കട്ടയും സിമന്‍റും കാസ്റ്റൺ അയണുമൊക്കെ പിന്നിട്ട് ഇലക്ട്രിക് ഗേറ്റിൽ വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു. ഇതിനിടയിൽ വൈക്കത്തുനിന്നു വേറിട്ടൊരു കാഴ്ച. തങ്ങളുടെ വീടിനും പുരയിടത്തിനും പഴയ രീതിയിൽ ഒാലകെട്ടി മതിൽ തീർത്തിരിക്കുകയാണ് ഒരു കുടുംബം.

ഉദയനാപുരം ഇരുമ്പൂഴിക്കര നല്ല പള്ളിമഠത്തിൽ സച്ചിതാനന്ദന്‍റെ വീട്ടിലാണ് ഈ കൗതുകക്കാഴ്ച. പണ്ടൊക്കെ പുര മേയാനും മതിൽ കെട്ടുമൊക്കെ തെങ്ങോല മെടഞ്ഞതായിരുന്നു ആശ്രയം. എന്നാൽ, കാലം മാറിയതോടെ ഓലയും പുതിയ സാങ്കേതിക വിദ്യകൾക്കു വഴിമാറി.

എന്നാൽ, വഴിമാറിപ്പോയ ഓലയെ തിരികെ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ നാൽകോയുടെ കേരളമുൾപ്പടെ നാലു സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഏരിയാ മാനേജരായിരുന്നു സച്ചിതാനന്ദൻ.

ഭുവനേശ്വർ കേന്ദ്രമാക്കി ജോലി ചെയ്തിരുന്ന സച്ചിതാനന്ദൻ പത്തു വർഷം മുമ്പാണ് ജോലിയിൽനിന്നു വിരമിച്ചു തറവാട്ടു വീട്ടിൽ താമസമാക്കിയത്. പിതാവ് ശ്രീനിവാസയ്യറും മാതാവ് ശാരദാബാംളും വീടിനു ചുറ്റും കമനീയമായി മെടഞ്ഞ ഓലകൊണ്ട് വേലി കെട്ടിച്ചിരുന്നു.

തറവാട് വീടിന്‍റെ ഇരുവശങ്ങളിലും പുറകിലുമായി താമസിക്കുന്ന സഹോദരങ്ങൾ വീടിനു സംരക്ഷണത്തിനായി കോൺക്രീറ്റ് മതിൽ തീർത്തിട്ടും ഓലമേഞ്ഞ വേലിയോടുള്ള കൗതുകത്താൽ സച്ചിതാനന്ദൻ ഒരു പതിറ്റാണ്ടായി വേലിയിൽ ഓല മേയുന്നു.

മെടഞ്ഞ ഓലയും തെങ്ങോലയുടെ തുഞ്ചും കമനിയമായി അടുക്കി കവുങ്ങിന്‍റെ വാരിയിൽ കയറുപയോഗിച്ച് ബന്ധിച്ചാണ് സമീപവാസികളായ മാവേലിത്തറ വിജയൻ , കോണിപറമ്പിൽ രാജൻ എന്നിവർ വേലി കെട്ടിക്കൊടുത്തത്. സംഗതി കൗതുകക്കാഴ്ച ആയതോടെ നല്ല പള്ളി മഠം വീട്ടിലെ ഓലവേലിയുടെ ഫ്ലക്സ് ഇരുമ്പുഴിക്കര ചട്ടമ്പിക്കവലയിലും ഇടംപിടിച്ചു.

സംഗതി കൗതുകമാണെങ്കിലും ചെലവ് ഇത്തിരി കൂടുതലാണ്. മാത്രമല്ല, ഓലമേഞ്ഞ വേലി ഒരു വർഷത്തിനകം ജീർണിക്കും. അപ്പോൾ വീണ്ടും കെട്ടേണ്ടി വരും. നാട്ടിൻപുറങ്ങളിൽ ഓലമെടയൽ നിലച്ചതോടെ മെടഞ്ഞ തെങ്ങോലയ്ക്കായി സച്ചിതാനന്ദനു വൈക്കത്തിന്‍റെ പല ഭാഗത്തും അലയേണ്ടി വന്നു.

രണ്ടു വർഷമായി വേലി കെട്ടാൻ മറവൻതുരുത്ത് പഞ്ഞിപ്പാലം സ്വദേശി രവീന്ദ്രനാണ് മെടഞ്ഞ തെങ്ങോല നൽകുന്നത്. പഴമയുടെ ഗന്ധമുള്ള ഓലവേലിയോട് സച്ചിതാനന്ദനു മാത്രമല്ല ഭാര്യ സീതാലക്ഷ്മിക്കും കാനഡയിൽ ജോലി ചെയ്യുന്ന മകൻ രാജേഷ് സച്ചിതാനന്ദനും പ്രത്യേകമായൊരിഷ്ടമുണ്ട്.

റിപ്പോർട്ട്: സുഭാഷ് ഗോപി വൈക്കം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.