അഞ്ചോമനകൾ! ഒറ്റ പ്രസവത്തിൽ മക്കൾ അഞ്ച്; ഇത് അമേരിക്കയിലെ പഞ്ചരത്നങ്ങൾ
Thursday, October 29, 2020 7:10 PM IST
ഉത്ര, ഉത്തര, ഉത്രജ, ഉത്രജൻ, ഉത്തമ- ഉത്രം നാളുകാരായ ഈ പഞ്ചരത്നങ്ങളെ അറിയാത്ത മലയാളികൾ കുറവായിരിക്കും. ഒറ്റ പ്രസവത്തിൽ പിറന്ന അഞ്ചു സഹോദരങ്ങൾ. 1995ൽ തിരുവനന്തപുരത്തായിരുന്നു ഈ അപൂർവ പിറവി. ഇവർക്കൊപ്പം വാർത്തകൾ സഞ്ചരിച്ചു. കഴിഞ്ഞദിവസം ഉത്തരയും ഉത്തമയും ഉത്രയും ഗുരുവായൂരിൽവച്ച് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോഴും മലയാളികളുടെ മനസ് ഒപ്പംനിന്നു.
ഒരു പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾ ജനിക്കുന്നത് അപൂർവമാണ്. ക്വിന്റുപ്ലെറ്റ്സ് എന്നാണ് ഈ അപൂർവ സഹോദരങ്ങളെ വിശേഷിപ്പിക്കുന്ന പേര്. പഞ്ചരത്നങ്ങൾ വാർത്തകളിൽ നിൽക്കുന്പോൾതന്നെ അമേരിക്കയിൽനിന്ന് മറ്റൊരു വാർത്ത വരുന്നു. അവിടെയിതാ ഒരമ്മയ്ക്ക് ഒറ്റ പ്രസവത്തിൽ അഞ്ചു മക്കളുണ്ടായിരിക്കുന്നു.
മെയ്ഗൻ ഹ്യുലെൻ, ഭർത്താവ് ജോഷ്വ- നോർത്ത് ഡക്കോട്ടയിലെ മിനോ സ്വദേശികൾ. രണ്ടു മക്കൾ, ഏഴു വയസുകാരനായ ജേക്കബും രണ്ടു വയസുള്ള മാത്യുവും. സന്തുഷ്ട ജീവിതം. അങ്ങനെയിരിക്കേയാണ് ഒരു കുഞ്ഞുകൂടി വേണമെന്ന മോഹം ഉദിക്കുന്നത്. പെണ്കുഞ്ഞു വേണമെന്ന മോഹം!
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉണ്ടായിരുന്നതിനാൽ ആ മോഹം അത്രപെട്ടെന്നു നടക്കില്ല എന്നായിരുന്നു ഇരുവരും കരുതിയത്. ഇതിനുള്ള ചികിത്സ തേടിയശേഷം ഗർഭിണിയാകാമെന്ന് മെയ്ഗൻ കരുതി. പക്ഷേ സംഭവിച്ചത് അങ്ങനെയല്ല. തീർത്തും അപ്രതീക്ഷിതമായി അവർ ഗർഭിണിയായി. അതോടെ അവരുടെ മനസുനിറയെ ആശങ്കകളുമായി.
ആറാം ആഴ്ചയിലെ അൾട്രാ സൗണ്ട് സ്കാൻ റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ല. ഒരു കുഞ്ഞിന്റെ ഹൃദയമിടിപ്പു മാത്രമേ സ്കാനിംഗിൽ തിരിച്ചറിയാൻ കഴിഞ്ഞുള്ളൂ! എന്നാൽ അടുത്ത സ്കാൻ റിപ്പോർട്ട് മെയ്ഗന്റെ ഹൃദയമിടിപ്പ് വീണ്ടും കൂട്ടി. അഞ്ചു കുഞ്ഞുങ്ങളുടെ ഹൃദയമിടിപ്പു കണ്ടെത്തി!
തന്റെ വയറ്റിൽ അഞ്ചു കുഞ്ഞുങ്ങളുണെന്ന് അറിഞ്ഞപ്പോൾ മെയ്ഗന്റെ ആശങ്കയ്ക്കു കനംവച്ചു. കുട്ടികൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടാവുമോ എന്ന ചിന്ത ഒരുവശത്ത്, വരാനിരിക്കുന്ന അഞ്ചുപേർക്കായി തങ്ങൾ ഒട്ടും ഒരുങ്ങിയിട്ടില്ലല്ലോ എന്ന ചിന്ത അപ്പുറത്ത്!
പേടിയോ സന്തോഷമോ...
സ്കാൻ സെന്ററിൽനിന്ന് പുറത്തിറങ്ങിയപ്പോൾ മെയ്ഗൻ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. നേരേ വീട്ടിലേക്കു പോകാൻവയ്യ എന്നായിരുന്നു ഭർത്താവിനോടു പറഞ്ഞത്. അതുകൊണ്ടുതന്നെ മെയ്ഗനെ അദ്ദേഹം സ്വന്തം ഓഫീസിലേക്കു കൊണ്ടുപോയി. അവിടെ ഒരു മൂലയിലിരുന്ന് മെയ്ഗൻ പൊട്ടിക്കരഞ്ഞു- ഏതാണ്ട് ഒരു മണിക്കൂർ നേരം!
ആ കരച്ചിലും അവരുടെ മനസിന്റെ സമ്മർദ്ദം കുറച്ചില്ല. ഗർഭത്തിൽ അഞ്ചു കുഞ്ഞുങ്ങളുള്ളത് സാധാരണ കാര്യമല്ലല്ലോ. കൂടുതൽ സമയം നിൽക്കാനുള്ള ആരോഗ്യംപോലും തനിക്കില്ല എന്ന ചിന്ത അവരെ കൂടുതൽ തളർത്തി.
എന്തായാലും എല്ലാ പേടികൾക്കുമപ്പുറം കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് മെയ്ഗൻ- ജോഷ്വ ദന്പതികൾക്ക് അഞ്ചു മക്കൾ ജനിച്ചു. രക്തസമ്മർദ്ദത്തിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു.
ഞാൻ പ്രതീക്ഷിച്ചിരുന്നതുപോലെ ആയിരുന്നില്ല അവരുടെ ജനനം. നാലു മിനിറ്റു നേരംകൊണ്ട് അവർ അഞ്ചുപേരും പുറത്തെത്തി- ബൂം ബൂം ബൂം!- മെയ്ഗൻ പറയുന്നു.
പൂർണവളർച്ച എത്താതെ പുറത്തെടുത്തതിനാൽ അഞ്ചുപേരെയും മൂന്നാഴ്ചക്കാലം പ്രത്യേക പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിവന്നു. അലിസണ്, ആഡം, മാഡിസണ്, എമ്മ, ക്ലോയി എന്നീ അഞ്ചുപേരും ഇപ്പോൾ മിടുക്കരായിരിക്കുന്നു.

24 മണിക്കൂർ സന്തോഷം
സമ്മർദ്ദങ്ങളും ആശങ്കകളും അകന്ന് മെയ്ഗനും ജോഷ്വയും ഏഴു മക്കളും പുതിയ ജീവിതത്തിലാണ്. ദിവസത്തിൽ 24 മണിക്കൂർ പോരാത്ത സ്ഥിതി. അഞ്ചുപേരുടെയും പിന്നാലെ സദാ നിൽക്കണം. ഭക്ഷണം കൊടുക്കൽ, തുണികൾ കഴുകൽ, ഉറക്കൽ... തിരക്കോടു തിരക്ക്.
എല്ലാറ്റിനും മൂത്ത മകന്റെ സഹായമുണ്ട്. അവൻ അമ്മയോടു പറയുന്നു: അമ്മേ, ഞാൻ അനിയത്തിമാരുണ്ടാകാൻ പ്രാർഥിച്ചിരുന്നു. എനിക്കിപ്പോൾ വലിയ സന്തോഷമായി.
കുഞ്ഞുങ്ങളെ വളർത്താനുള്ള ചെലവ് ഈ ദന്പതികൾക്ക് വലിയ ചോദ്യചിഹ്നമാണ്. അതുകൊണ്ടുതന്നെ ഫേസ്ബുക്ക് പേജ് വഴി അല്പം പണം സമാഹരിക്കാനും മെയ്ഗൻ ശ്രമിക്കുന്നു.