"നാലുകാലില്‍ നടക്കുന്ന ചൈനാക്കാര്‍'; ട്രെന്‍ഡിംഗായി ഇഴയല്‍ മത്സരം
Wednesday, November 23, 2022 9:05 AM IST
നമ്മുടെ നാട്ടില്‍ സാധാരണയായി മദ്യപിച്ച് ലെക്ക് കെട്ട് എത്തുന്നവരെയാണ് നാലുകാലില്‍ വരിക എന്നതുകൊണ്ട് ഉദ്ദേശിക്കാറ്. എന്നാല്‍ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഈ "ക്രൗളിംഗ് ചാലഞ്ച്' ട്രെന്‍ഡായി മാറിയിരിക്കുകയാണ്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റില്‍ വന്ന വാര്‍ത്ത അനുസരിച്ച് ബീജിംഗിലെ കുറച്ച് കോളജ് വിദ്യാര്‍ഥികളാണ് ഇതിന് തുടക്കം കുറിച്ചത്. അവര്‍ തങ്ങളുടെ മൈതാനത്തായി ഇത്തരത്തില്‍ മുട്ടിലിഴഞ്ഞ് വട്ടം ചുറ്റുകയായിരുന്നു.
മൃഗങ്ങളെപ്പോലെ നടക്കുന്ന ഈ പ്രവണതയെ "ക്വാഡ്രുപെഡല്‍ മൂവ്മെന്‍റ്' എന്നും വിളിക്കാറുണ്ട്. ഏതായാലും ഈ വ്യത്യസ്ത മത്സരം ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി.
കൊവിഡ് നിമിത്തമുള്ള ലോക്ഡൗണും മറ്റുമായി മാനസിക പിരിമുറുകത്തിലായ ആളുകള്‍ക്കിതൊരു മാറ്റം നല്‍കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മാത്രമല്ല നാലുകാലില്‍ നടക്കുന്നത് മനുഷ്യരുടെ പരിണാമ സിദ്ധാന്തത്തെ പുനര്‍വിചിന്തനം ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നും ചിലര്‍ കരുതുന്നു.
എന്തായാലും ഇതൊരു നല്ല വ്യായാമവും മാനസികോല്ലാസം നല്‍കുന്ന മത്സരവുമാണെന്ന് ചിലര്‍ കമന്‍റുകളില്‍ അഭിപ്രായപ്പെട്ടു.
നിലവില്‍ ചൈനയില്‍ വൈറലായ ഈ ഇഴയല്‍ മത്സരം മറ്റ് രാജ്യങ്ങളുടെയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. വൈകാതെ ലോകം മുട്ടിലിഴയാനിടയുണ്ട്.