അതിശയകരമായ ലാളിത്യം; കേരളത്തിലെ ആദ്യ ഗോത്ര പൈതൃക ഗ്രാമത്തെ കുറിച്ച് ആനന്ദ് മഹീന്ദ്ര
Wednesday, July 20, 2022 4:08 PM IST
കേരളത്തിലെ ആദ്യ ഗോത്ര പൈതൃക ഗ്രാമമായ "എൻ ഊരി'നെ പ്രശംസിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. എന്റെ ഊരിന്റെ 58 സെക്കന്റുള്ള വീഡിയോയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഇത് മനോഹരമായിരിക്കുന്നു. കേരളാ ടൂറിസം വകുപ്പിന് അഭിനന്ദനങ്ങൾ. ഗ്രാമത്തിന്റെ പരന്പരഗതമായ വാസ്തുവിദ്യകൾ അതിശയകരമാണ്. ലാളിത്യം എങ്ങനെ അതിശയിപ്പിക്കുമെന്ന് ഇതു കാണിക്കുന്നുവെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. വീഡിയോ ഇതിനോടകം നാല് ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു.
വയനാട് ജില്ലയിലെ വൈത്തിരിയിലാണ് എൻ ഊര് ഗ്രാമം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പദ്ധതിയുടെ പൂർണ നിയന്ത്രണവും ഗോത്ര വിഭാഗക്കാർക്കാണ്. ആദിവാസി സമുദായങ്ങളുടെ ഉന്നമനത്തിനും അവരുടെ പാരന്പര്യവും ജീവിതശൈലിയും പൊതുജനങ്ങളെ അറിയിക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യമിടുന്നത്. ഈ വർഷം ജൂണിലാണ് പൊതുജനങ്ങൾക്കായി ഗ്രാമം തുറന്നുകൊടുത്തത്.