ആ പേരുകൾ നോക്കി അവർക്കായി ദിവ്യബലിയർപ്പിച്ച് വൈദികൻ; ഹൃദയത്തിൽ സ്തോത്രം ചൊല്ലി ഇടവകജനം
Saturday, March 28, 2020 2:24 PM IST
കൊറോണയുടെ കാലത്തും നൂറുകണക്കിനു ദൈവജനത്തിന്റെ സാന്നിധ്യസങ്കൽപ്പത്തിൽ ദൈവത്തെ സ്തുതിക്കുക ..... പാലാ അന്ത്യാളം പള്ളിയുടെ അൾത്താരയിൽ യേശുനാഥനേയും വിശുദ്ധമത്തായി ശ്ലീഹായേയും സാക്ഷിനിർത്തി വികാരി ഫാ.ജയിംസ് വെണ്ണായിപ്പള്ളിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ ഇടവക ജനം ഒന്നാകെയുണ്ട്.
ദേവാലയത്തിനുള്ളിലെ ബഞ്ചുകളില്‍ ഇടവകയിലെ ഓരോ കുടുംബങ്ങളുമുണ്ടെന്ന സങ്കല്‍പ്പത്തിലാണ് ഫാ. ജയിംസ് വെണ്ണായിപ്പള്ളില്‍ ഓരോ ദിവസവും ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കുന്നത്.
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദേവാലയങ്ങളില്‍ ജനപങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുര്‍ബാന നിര്‍ത്തിയതോടെയാണ് പാലായ്ക്കു സമീപമുള്ള അന്ത്യാളം സെന്റ് മാത്യൂസ് ഇടവകയില്‍ വികാരി ഫാ. ജയിംസ് വെണ്ണായിപ്പള്ളില്‍ പള്ളിയിലെ ബഞ്ചില്‍ ഇടവകയിലെ 240 കുടുംബങ്ങളുടെയും പേരുകള്‍ എഴുതിവച്ച് അവരെ സമര്‍പ്പിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പണം തുടങ്ങിയത്. വാര്‍ഡ് അടിസ്ഥാനത്തിലാണ് ഇടവകാംഗങ്ങളുടെ പേരുകള്‍ എഴുതിയിരിക്കുന്നത്.

ഇടവകാംഗങ്ങളോടൊപ്പം ബലിയര്പ്പിക്കാനാകാത്തതു ചിന്തിക്കാനാവില്ലാത്ത കാര്യമാണ്. ഇതോടെയാണ് തന്റെ ഇടവകാഗംങ്ങളെ മനസില്‍ കാണുന്നതിനായി കുടുംബങ്ങളുടെ പേരുകള്‍ ബഞ്ചുകളില്‍ എഴുതിച്ചേര്‍ത്തത്. ദിവ്യബലിയര്‍പ്പണം നടക്കുമ്പോള്‍ ഓരോ കുടുംബങ്ങളെയും മനസില്‍ കണ്ടുകൊണ്ടും ഓര്‍ത്തുമാണ് ബലിയര്‍പ്പണം നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 6.30 നു ഫാ. ജയിംസ് വെണ്ണായിപ്പള്ളില്‍ ഒറ്റയ്ക്കാണു ദിവ്യബലിയര്‍പ്പിക്കുന്നത്.
പകര്‍ച്ചവ്യാധിയില്‍ നിന്നും ലോകത്തെ രക്ഷിക്കണമെന്ന് പ്രാര്‍ഥിച്ചുകൊണ്ടുള്ള അഖണ്ഡ ജപമാലയ്ക്കും വെള്ളിയാഴ്ച രാത്രി ഇടവകയില്‍ തുടക്കമായി. എല്ലാ കുടുംബങ്ങളും വീട്ടിലിരുന്നു പങ്കെടുക്കുന്ന ജപമാല സമര്‍പ്പണം ഏപ്രില്‍ ഒന്നിന് അവസാനിക്കും.
✍ജിബിൻ കുര്യൻ