സ്റ്റൈലിഷ് ലുക്കിൽ "ആക്രി ദന്പതികൾ'; ചിത്രങ്ങൾക്ക് പിന്നിലെ കഥ
Friday, February 26, 2021 11:39 PM IST
വെഡ്ഡിംഗ് ഫോട്ടോഷൂട്ട് വൈറലാകുന്നത് ഇപ്പോൾ സാധാരണമാണ്. വെള്ളത്തിലും കരയിലുമായി ഫോട്ടോഷൂട്ട് നടത്തുന്നതാണ് ഇപ്പോൾ ട്രൻഡ്. ഫിലിപ്പൈൻസ് സ്വദേശികളായ ദന്പതികളുടെ ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
റോസലിൻ ഫെറർ (50), റോമെൽ ബാസ്കോ (55) എന്നിവരുടെ വെഡിംഗ് ഫോട്ടോകളാണ് ചർച്ചയാവുന്നത്. 24 വർഷമായി ഒരുമിച്ചാണ് ഇരുവരുടെയും താമസം. ആറുമക്കളുണ്ടെങ്കിലും പക്ഷെ വിവാഹം കഴിക്കാൻ ഇരുവർക്കും ഇതുവരെ കഴിഞ്ഞില്ല. അതിനു കാരണവുമുണ്ട്. ആക്രി പെറുക്കി വിറ്റാണ് ഇരുവരും ജീവിക്കുന്നത്. ജീവിതപ്രാരാബ്ദം കൊണ്ട് വിവാഹം കഴിക്കാൻ സമയം കിട്ടിയില്ല.
ഇവരുടെ വീടിന്റെ അടുത്തുള്ള ഹെയർഡ്രസറായ റിച്ചാർഡ് സ്ട്രാൻസ് കഴിഞ്ഞ ദിവസമാണ് ഇവരെ കാര്യമായി ശ്രദ്ധിക്കുന്നത്. കൂടിക്കാഴ്ചയ്ക്കിടെ റിച്ചാർഡിനോട് അവർ കാര്യം പറഞ്ഞു. നിയമപരമായി വിവാഹം ചെയ്യണമെന്നും അതിന്റെ ചിത്രങ്ങൾ പകർത്തണമെന്നുമായിരുന്നു അത്. കഴിഞ്ഞ 13ന് ഇരുവരുടെയും വിവാഹം നടന്നു.
വധു വെള്ള ഗൗണിൽ എത്തിയപ്പോൾ വരൻ സ്യൂട്ടാണ് ധരിച്ചിരുന്നത്. ജീവിക്കാൻവേണ്ടി ശേഖരിച്ച ആക്രികളുടെ ഇടയിലായിരുന്നു ഇരുവരുടെയും വെഡിംഗ് ഷൂട്ട്. റിച്ചാഡും സുഹൃത്തുക്കളും ചേർന്നാണ് വിവാഹ ചെലവുകൾ നടത്തിയത്.