"മാലാഖയാണ് ആ മനുഷ്യന്‍’; അപൂര്‍വ ശസ്ത്രക്രിയയിലൂടെ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ ഡോക്ടറെക്കുറിച്ച് ഒരു പാക്കിസ്ഥാന്‍ കുടുംബം പറയുന്നത്
Saturday, July 16, 2022 5:01 PM IST
ചില വാര്‍ത്തകള്‍ വായനക്കാരുടെ മനസില്‍ നിന്നും അത്ര വേഗം മായാതെ നില്‍ക്കും. ആ വാര്‍ത്തയുടെ ഉള്ളടക്കമാണ് അതിന് കാരണമാകുന്നത്. അത്തരത്തിലൊരു ഹൃദയസ്പര്‍ശിയായ വാര്‍ത്തയാണിത്.

നീണ്ട 13 കൊല്ലം അപൂര്‍വങ്ങളില്‍ അപൂര്‍വമായ അസുഖവുമായി കഴിഞ്ഞ ഒരു പെണ്‍കുട്ടിക്ക് അവളുടെ എല്ലാ പ്രതീക്ഷയും അസ്തമിച്ച സമയത്ത് മറ്റൊരു രാജ്യത്തെ ഡോക്ടര്‍ രക്ഷകനായി എത്തിയ കഥയാണിത്.

ഈ സംഭവം ഇത്ര ഹൃദ്യമാകുന്നതിന് പിന്നില്‍ മറ്റൊരു കാര്യവുമുണ്ട്. ക്രിക്കറ്റ് മുതല്‍ രാഷ്ട്രീയം വരെ എല്ലാ കാര്യങ്ങളിലും വൈരികളായ രണ്ട് രാജ്യത്തെ ആളുകളാണ് ഇതിലെ ഡോക്ടറും രോഗിയും എന്നതാണത്. പറഞ്ഞുവരുന്നത് പാക്കിസ്ഥാനിലുള്ള അഫ്ഷീന്‍ ഗുള്‍ എന്ന 13 വയസുകാരിയെക്കുറിച്ചും രാജ ഗോപാലന്‍ കൃഷ്ണന്‍ എന്ന ഇന്ത്യന്‍ ഡോക്ടറെ കുറിച്ചുമാണ്.

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഏഴു സഹോദരങ്ങളില്‍ ഇളയവളായി ജനിച്ച ആളാണ് അഫ്ഷീന്‍ ഗുള്‍. മറ്റ് കുട്ടികളെപ്പോലെ അവള്‍ക്കൊരിക്കലും സ്കൂളില്‍ പോകാനൊ കളിക്കാനൊ സാധിച്ചിരുന്നില്ല. അതിന് കാരണം അഫ്ഷീന്‍ ഗുള്ളിന്‍റെ കഴുത്തിന് സംഭവിച്ച ഒരപകടമാണ്.

അവള്‍ക്ക് 10 മാസം പ്രായമുള്ളപ്പോള്‍ മൂത്ത സഹോദരിയുടെ കൈയില്‍ നിന്നും വഴുതി വീണിരുന്നു. ആ വീഴ്ചയില്‍ അഫ്ഷീന്‍റെ കഴുത്ത് 90 ഡിഗ്രിയില്‍ വളയുകയായിരുന്നു. അഫ്ഷീന്‍റെ അമ്മ ജമീലാന്‍ ബീവി അവളെ പല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ ചികിത്സകള്‍ കൊണ്ടൊന്നും വലിയ ഫലമുണ്ടായില്ല. ഒരു ഡോക്ടര്‍ അവളുടെ കഴുത്തില്‍ ബെല്‍റ്റ് ഇട്ടെങ്കിലും അത് നില വഷളാക്കുകയാണ് ചെയ്തത്.

"അറ്റ്ലാന്‍റോ ആക്സിയല്‍ റൊട്ടേറ്ററി ഡിസ്‌ലൊക്കേഷന്‍' എന്നതായിരുന്നു അഫ്ഷീന്‍റെ രോഗം. നട്ടെല്ലിന്‍റെ തകരാറ് കഴുത്തിനെ ബാധിക്കുന്ന ഈ രോഗം ലോകത്തുതന്നെ ആദ്യമെന്നാണ് വിവരം.

കൂടാതെ സെറിബ്രല്‍ പാള്‍സിയും അവളെ ബാധിച്ചു. അഫ്ഷീന് ആറ് വയസ് വരെ നടക്കാനോ എട്ട് വയസു വരെ സംസാരിക്കാനോ പറ്റിയിരുന്നില്ല.

2017ല്‍ ഒരു വാര്‍ത്താ വെബ്സെെറ്റ് അഫ്ഷീനെക്കുറിച്ചൊരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതോടെയാണ് അവളുടെ കഥ ലോകത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പാക്കിസ്ഥാന്‍ ചലച്ചിത്ര താരമായ അഹ്സാന്‍ ഖാനടക്കം നിരധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ അഫ്ഷീനെക്കുറിച്ച് പങ്കുവച്ചിരുന്നു.

ലോകത്തിന്റെ പല കോണുകളില്‍ നിന്നും നിരവധി സംഘടനകളും അവളെ സഹായിക്കാനായി മുന്നോട്ടുവന്നു. എന്നാല്‍ ശരിയായ ചികിത്സ മാത്രം ലഭിക്കുകയുണ്ടായില്ല.

ഇടയില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി എംപി നാസ് ബലോച്ച് സിന്ധ് സര്‍ക്കാര്‍ അഫ്ഷീന് ചികിത്സാ സൗകര്യമൊരുക്കുമെന്ന് അറിയിച്ചു. അതിന്‍ പ്രകാരം 2018ല്‍ പാക്കിസ്ഥാനിലെതന്നെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയായ ആഗാ ഖാന്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ അഫ്ഷീന്‍ എത്തിച്ചേര്‍ന്നു.

എന്നാല്‍ 50% ഉറപ്പ് മാത്രമേ തങ്ങള്‍ക്ക് നല്‍കാനാകൂ എന്ന് ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. അതോടെ അഫ്ഷീന്‍റെ കുടുംബം പിന്മാറി. പിന്നീട് ചികിത്സയ്ക്കായി അവര്‍ പലരേയും സമീപിച്ചെങ്കിലും യാതൊരു നല്ല പ്രതികരണവുമുണ്ടായില്ല.
വൈകാതെ അഫ്ഷിന്‍റെ കഥ എല്ലാവരും മറന്നു.

എന്നാല്‍ 2019ല്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയായ അലക്സാന്ദ്രിയ തോമസ് അഫ്ഷീന്‍റെ ജീവിതം വീണ്ടും ലോകത്തെ ഓര്‍മിപ്പിച്ചു. അവര്‍ ഇക്കാര്യം തന്‍റെ കുടുംബ സുഹൃത്ത് കൂടിയായ ഇന്ത്യന്‍ ഡോക്ടര്‍ രാജഗോപാലന്‍ കൃഷ്ണനെയും ധരിപ്പിച്ചു.

ആ കുടുംബത്തിന്‍റെ കഷ്ടപ്പാട് മനസിലാക്കിയ അദ്ദേഹം അഫ്ഷീന്‍റെ ശസ്ത്രക്രിയ താന്‍ സൗജന്യമായി ചെയ്ത് തരാമെന്ന് അലക്സാന്ദ്രിയയെ അറിയിച്ചു. അതോടെ അഫ്ഷീന്‍റെ ജീവിതത്തില്‍ പുതിയൊരു വെളിച്ചമുണ്ടായി.

കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന "ഡാരുള്‍ സകൂണ്‍' എന്നൊരു സംഘടന അഫ്ഷീന് വിസാ കാര്യങ്ങളൊക്കെ എളുപ്പത്തില്‍ ചെയ്തു നല്‍കി.

അങ്ങനെ ഡല്‍ഹി അപ്പോളൊ ആശുപത്രിയിലെ നട്ടെല്ല് ശസ്ത്രക്രയയില്‍ അഗ്രഗണ്യനായ ഡോക്ടര്‍ രാജഗോപാലന്‍ കൃഷ്ണന്‍ അഫ്ഷീനെ ശസ്ത്രക്രിയ ചെയ്യുകയും അത് വിജയിക്കുകയും ചെയ്ത്. ആറു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്കിടെ ഹൃദയമൊ ശ്വാസകോശമൊ നിന്നു പോകാനുള്ള സാധ്യത കൂടുതലായിരുന്നു.

അഫ്ഷീന്‍ അധിക കാലം ജീവിക്കുമൊ എന്ന് ഡോക്ടര്‍ പോലും ഒരു ഘട്ടത്തില്‍ സംശയിച്ചിരുന്നു. എന്നാലിപ്പോള്‍ മാസങ്ങള്‍ക്കിപ്പുറവും ലോകത്തെ തലയുയര്‍ത്തി കണ്ടുകൊണ്ട് അഫ്ഷീന്‍ എന്ന പെണ്‍കുട്ടി ജീവിക്കുന്നു.

ആഴ്ചയില്‍ ഒരിക്കല്‍ സ്കൈപ്പ് വഴി ചികിത്സാ പുരോഗതി ഡോക്ടര്‍ രാജഗോപാലന്‍ കൃഷ്ണന്‍ വിളിച്ചന്വേഷിക്കാറുണ്ട്. ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ മെഡിക്കല്‍ സയന്‍സിന്‍റെ തല ഉയര്‍ത്തിയ ഡോക്ടര്‍ രാജഗോപാലന്‍ കൃഷ്ണന്‍ ഇന്ന് അകലെ ആ പാക്കിസ്ഥാന്‍ കുടുംബത്തിന് മാലാഖയാണത്രെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.