ഉസൈൻ ബോൾട്ടിനെ ഓടി തോൽപ്പിച്ചു; ഗൗഡയ്ക്കായി ട്രാക്ക് തുറന്ന് കേന്ദ്ര കായിക മന്ത്രാലയം
Saturday, February 15, 2020 1:16 PM IST
പോത്തോട്ട മത്സരത്തിൽ ഉസൈൻ ബോൾട്ടിനെ തോൽപ്പിച്ച കർണാടകക്കാരൻ ശ്രീനിവാസ ഗൗഡയ്ക്കു ട്രാക്ക് തുറന്നുനൽകി കേന്ദ്ര കായിക മന്ത്രാലയം. ഗൗഡയോട് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) പരിശീലകരുമായി ബന്ധപ്പെട്ടാൻ കായികമന്ത്രാലയം നിർദേശിച്ചു. ഗൗഡയെ സായ് പരിശീലകർക്കു കീഴിൽ ട്രയലിൽ പങ്കെടുക്കാൻ ക്ഷണിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ് റിജിജു അറിയിച്ചു.
കംബല എന്ന പോത്തോട്ട മൽസരത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഓട്ടം പൂർത്തിയാക്കിയത് വാർത്തയായതിനു പിന്നാലെയാണ് ഗൗഡയെ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര നടപടി. തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് പോലെ കർണാടകയിലെ കംബല പോത്തോട്ട മൽസരവും പ്രശസ്തമാണ്.മനുഷ്യന്റെ ശാരീരിക ശേഷിയും മികവും മാറ്റുരയ്ക്കുന്ന ഒളിന്പിക്സ് പോലുള്ള മത്സരങ്ങളെ സംബന്ധിച്ച് ആളുകൾ അറിയാതെ വരുന്നതാണ് ഗൗഡയെ പോലുള്ളവർ ശ്രദ്ധിക്കപ്പെടാതിരിക്കാൻ കാരണമെന്ന് റിജിജു പറഞ്ഞു.
കർണാടകയിലെ കുഗ്രാമത്തിൽനിന്നുള്ള കംബല ജോക്കിയാണ് ഇരുപത്തെട്ടുകാരനായ ശ്രീനിവാസ ഗൗഡ. വെറും 13.62 സെക്കൻഡിലാണ് ഗൗഡ മത്സരത്തിൽ 142.5 മീറ്റർ പിന്നിട്ടത്. ഗൗഡ ഓടിത്തീർത്ത ദൂരവും സമയവും തമ്മിൽ താരതമ്യം ചെയ്താൽ ഉസൈൻ ബോൾട്ടിനേക്കാൾ വേഗതയിലാണ് ഇയാൾ മത്സരം ഓടിത്തീർത്തത്.
ബോൾട്ടിന്റെ 100 മീറ്ററിലെ ഏറ്റവും മികച്ച സമയം 9.58 സെക്കൻഡാണ്. ഗൗഡ ഓടിയ ദൂരവും സമയവും കണക്കിലെടുക്കുന്പോൾ 100 മീറ്റർ ഓടിത്തീർക്കാൻ ശ്രീനിവാസനു വേണ്ടിവന്നത് 9.55 സെക്കൻഡ് മാത്രമാണ്. അതായത് ബോൾട്ടിനേക്കാൾ 0.03 സെക്കൻഡ് കുറവ്. ഇതോടെ പോത്തോട്ട മൽസരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി ശ്രീനിവാസ ഗൗഡ മാറി.