വീടിനു മുകളിൽ ഉൽക്ക വീണു; ഇരുട്ടിവെളുത്തപ്പോൾ യുവാവ് കോടീശ്വരനായി
Friday, November 20, 2020 7:29 PM IST
ഒരു ഉൽക്കയെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ചെറുപ്പം മുതൽ നമ്മളൊക്കെ കേട്ടിട്ടുള്ള, എപ്പോൾ വേണമെങ്കിലും ആകാശത്തുനിന്ന് തലയിൽ വീഴാവുന്നതെന്ന് വിശ്വസിക്കുന്ന ആ ഉൽക്കയാണ് ഈ താരം. ഇവിടെ ഉൽക്കവീണ് ഒരാളുടെ തലവരമാറ്റിയിരിക്കുകയാണ്.
ഉൽക്ക കാരണം ഒറ്റ രാത്രികൊണ്ട് കോടിശ്വരനായി മാറയിരിക്കുകയാണ് ഒരു യുവാവ്. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് സംഭവം. ഒരു ശവപ്പെട്ടി നിർമ്മാണ സ്ഥാപനം നടത്തുന്ന 33 കാരനായ ജോസുവ ഹുത്തഗലംഗാണ് നേരം ഇരുട്ടിവെളുത്തപ്പോൾ കോടീശ്വരനായത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഹുത്തഗലംഗ് വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്നു. ഈ സമയം വീടിന് മുൻവശത്തുള്ള വരാന്തയുടെ മേൽക്കൂര തകർത്ത് 2.1 കിലോഗ്രാം ഭാരം വരുന്ന ഉൽക്ക പതിക്കുകയായിരുന്നു. "വളരെ വലിയ ശബ്ദമായിരുന്നു. വീടിന്റെ ചില ഭാഗങ്ങൾ കുലുങ്ങി. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ല. ടെറസിന് മുകളിൽ കയറി പരിശോധിച്ചപ്പോഴാണ് ഉൽക്ക ശില കിടക്കുന്നതുകണ്ട്. പെട്ടെന്ന് അത് എടുക്കാൻ ശ്രമിച്ചെങ്കിലും, അതിന് ചുട്ടുപൊള്ളുന്ന ചൂടായിരുന്നു - ഹുത്തഗലംഗ് പറഞ്ഞു.
ഉൽക്കയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി. ഏകദേശം 13 കോടിയോളം രൂപക്കാണ് ആ ഉല്‍ക്ക അദ്ദേഹം വിറ്റതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. "ഇത്രയും വലിയ തുക ലഭിക്കുമെന്ന് താൻ കരുതിയില്ല. ആരോ വിളിച്ച് പറ്റിക്കുന്നതാണെന്നാണ് ആദ്യം കരുതിയത്. ആകാശത്തുന്ിന്ന് പണം വീഴില്ലെന്ന് പറയുന്നത് ശരിയല്ല'- ഹുത്തഗലംഗ് പറഞ്ഞു.
ജോസുവയുടെ മേല്‍ക്കൂരയില്‍ പതിച്ച ഉല്‍ക്കാശില 450 കോടിയിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ഉല്‍ക്കശിലകള്‍ ശേഖരിക്കുന്ന അമേരിക്കയിലെ ജേര്‍ഡ് കോളിന്‍സ് എന്നയാള്‍ക്കാണ് ജോസുവ ഇത് വിറ്റത്.
അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സെൻറര്‍ ഫോര്‍ മെറ്റോറൈറ്റ് സ്റ്റഡീസിലെ സഹപ്രവര്ത്തകന് ജയ് പിയാറ്റെക്കിന് കോളിന്‍സ് ഇത് വീണ്ടും വിറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോൾ കിട്ടിയ പണം ഉപയോഗിച്ച് തന്റെ ഗ്രാമത്തിൽ ഒരു ആരാധനാലയം പണിയാനാണ് ഹുത്തഗലംഗ് ആലോചിക്കുന്നത്.