"കെ റെയിലൊക്കെ പിന്നെയിടാം, ആദ്യം ഈ ഡോക്ടർമാർക്ക് ഒരു കമ്പ്യൂട്ടർ കൊടുക്കൂ'
കോട്ടയം മെഡിക്കൽ കോളിലെ അനാസ്ഥകൾ ചൂണ്ടിക്കാട്ടിയ യുവാവിന്‍റെ കുറിപ്പ് ശ്രദ്ധനേടുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഹാരിസ് സേവ്യറാണ് അപകടത്തിൽപെട്ട തന്‍റെ ബന്ധുവിന്‍റെ ദുരവസ്ഥ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

റാന്നിയിൽ വച്ചാണ് ഹാരിസിന്‍റെ ബന്ധുവിനെ പിക്കപ്പ് വാൻ ഇടിച്ചിട്ടത്. തുടർന്ന് വൈകുന്നേരം ആറുമണിയോടെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. സിഡിയിലാക്കിയ സ്കാനിംഗ് റിസൾട്ടുമായി ഡോക്ടറെ കണ്ടപ്പോൾ അത് ഇട്ടുനോക്കാൻ തനിക്ക് കമ്പ്യൂട്ടർ ഇല്ലെന്നാണ് അദ്ദേഹം മറുപടി നല്കിയതെന്നും ഫേസ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നു.

കണ്ണിനു താഴെ ആഴത്തിൽ മുറിവുണ്ടായിരുന്ന രോഗിയുടെ മുറിവ് വൃത്തിയാക്കാൻ പോരും ആരും വന്നില്ലെന്നും ഇതേത്തുടർന്ന് രാത്രി പത്തിന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ഹാരിസ് കുറിപ്പിൽ പറയുന്നു.

കെ-റെയിൽ ഒക്കെ പിന്നേം ഇടല്ലോ, ആദ്യം ഈ സിഡി റിസൾട്ട് ഇട്ടു നോക്കാൻ ഒള്ള കമ്പ്യൂട്ടർ അല്ലെ വേണ്ടത്, അല്ലെങ്കിൽ ആക്സിഡന്‍റ് പറ്റുന്ന രോഗികൾ ഒരു കമ്പ്യൂട്ടറും പ്രിന്‍ററും ആയി പോകണമെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

ഹാരിസിന്‍റെ കുറിപ്പിന്‍റെ പൂർണരൂപം:

ഇന്നലെ ( 10 -05 -2022 )ഏകദേശം ഒരു നാലുമണിയോട് കൂടി റാന്നി ഭാഗത്തു വച്ച് എന്‍റെ കസിൻ ബ്രദറിനെ (ജോമോൻ എന്ന് വിളിക്കുന്ന തോമസ് ) പുറകിൽ നിന്നും വന്ന ഒരു പിക്കപ്പ് വാൻ ഇടിച്ചിട്ടു നിർത്താതെ പോയി .കുറെ നേരം കിടന്നു (ആൾ താമസം കുറഞ്ഞ സ്ഥലം ആണ് ). അത് വഴി വന്ന രണ്ടു ചെറുപ്പക്കാർ എടുത്തു താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു . അവിടെ നിന്നും പുള്ളി ഭാര്യയുടെ നമ്പർ കൊടുത്തു വീട്ടിലേക്കു വിളിച്ചു .'

അമ്മ ഓട്ടോ വിളിച്ചു ഹോസ്പിറ്റലിൽ എത്തിയ ഉടനെ ഒരു ആംബുലൻസിൽ കോട്ടയത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചു. ഏകദേശം ആറു മണിയായിട്ടുണ്ടാവും. ഞങ്ങൾ വിവരം അറിഞ്ഞു ചെന്നപ്പോൾ ഏഴു മണിയോടടുത്തു. ചെല്ലുമ്പോൾ കാണുന്നത് ഒരു സ്റ്റീൽ സ്ട്രക് ച്ചറിൽ ( ഒരു ഷീറ്റുപോലും ഇല്ല ) കിടത്തിയിരിക്കുന്നു. വേദനക്കുള്ള എന്തോ ഇൻജെക്ഷൻ കൊടുത്തിട്ടു ബ്ലഡ് ടെസ്റ്റ് , CT സ്കാൻ ,എക്സറേയ്. ഒക്കെ കുറിച്ച് റിസൾട്ട് വന്നത് പത്തു മണിയായി .

റിസൾട്ട് തന്നത് CD യിൽ.. ഡോക്ടർ പറഞ്ഞു ഇത് എവിടെ ഇട്ടു നോക്കാൻ ആണെന്ന്. (ഡോക്ടർക്ക് കമ്പ്യൂട്ടർ ഇല്ല. റിസൾട്ട് CD യിൽ മാത്രമേ തരൂ . ഡോക്ടേർസ് പറഞ്ഞത് PRO യോട് പറയു ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നാണ്.) രാത്രി പത്തരയ്ക്ക് ഒരു കംപ്യൂട്ടർ സെന്‍റർ പോലും ഇല്ല. അതുവരെ ഒരു ട്രീറ്റ്മെന്‍റും ചെയ്തില്ല. കണ്ണിനു താഴെ ആഴത്തിൽ ഒരു മുറിവും ഉണ്ട്. കണ്ണിന്‍റെ ഡോക്ടർ അതുവരെ വന്നിട്ടില്ല.. വരാൻ ലേറ്റ് ആകും, വെയിറ്റ് ചെയ്യാൻ പറഞ്ഞു .

ഒന്ന് ക്ലീൻ ചെയ്യാൻ പോലും ആരും മെനക്കെട്ടില്ല . ഉള്ളിൽ ബ്ലീഡിംഗ് വല്ലോം ഉണ്ടോ എന്നറിയാൻ റിസൾട്ട് നോക്കണം. അവരോടു CD ഡാറ്റ പ്രിന്‍റ് ചെയ്തു തരാൻ പറഞ്ഞപ്പോൾ പറയുന്നു നാളെ ഉച്ചക്കത്തേക്കു തരാം എന്ന് . അവിടെ നിന്നും PRO യെ കാണാൻ പറഞ്ഞു . ഞങ്ങൾ കാരിത്താസിലേക്കു മാറ്റാൻ തീരുമാനിച്ചു .

സ്വന്തം ഇഷ്ടപ്രകാരം മാറ്റി എന്ന് എഴുതി കൊടുക്കാൻ പറഞ്ഞു. ഹോസ്‌പിറ്റലിന്‍റെ അനാസ്ഥ മൂലം ആറുമണിക്ക് കൊണ്ടുവന്ന (എമർജൻസി ആക്സിഡന്‍റ് കേസ്) ആളെ രാത്രി പത്തര വരെ ഒരു ചികിത്സയും നല്കാത്തതുകൊണ്ടു സ്വന്ത ഇഷ്ടപ്രകാരം കൊണ്ടുപോകുന്നു എന്ന് എഴുതി വച്ചിട്ടു കാരിത്താസിൽ കൊണ്ടുപോയി .

അവിടെ കൊണ്ടുപോയി എത്തിച്ച ഉടനെ അവർ എല്ലാം ക്ലീൻ ചെയ്തു എല്ലാ ടെസ്റ്റും നടത്തി അതിരാവിലെ അഞ്ചരക്ക് പ്ലാസ്റ്റിക് സർജറി നടത്തി റൂമിലേക്ക് മാറ്റി. കണ്ണിന്‍റെ മുറിവിന്‍റെ ഉള്ളിൽ മുഴുവൻ കല്ലും മണ്ണും ആയിരുന്നു. മെഡിക്കൽ കോളേജിൽ ഒന്നും ചെയ്തില്ല . രണ്ടു കുഞ്ഞു കുട്ടികളുടെ പ്രാർഥന കൊണ്ട് ദൈവാനുഗ്രഹം കൊണ്ടും വേറെ ഒരു പ്രോബ്ലവും ഇല്ല .

ആരോഗ്യ മന്ത്രിയോടും അധികാരികളോട് പറയാനുള്ളത്, പറ്റുമെങ്കിൽ ഒരു കമ്പ്യൂട്ടർ ഡോക്ടർക്ക് കൊടുക്കണം. കെ-റെയിൽ ഒക്കെ പിന്നേം ഇടല്ലോ. ആദ്യം ഈ CD റിസൾട്ട് ഇട്ടു നോക്കാൻ ഒള്ള കമ്പ്യൂട്ടർ അല്ലെ വേണ്ടത്. അല്ലെങ്കിൽ ആക്സിഡന്‍റ് പറ്റുന്ന രോഗികൾ ഒരു കമ്പ്യൂട്ടറും പ്രിന്‍ററുമായി പോണം. (റിസൾട്ട് CD ആക്കി മാത്രേ തരൂ.)

ഞാൻ ഈ കാര്യം കുറെ പേരോട് പറഞ്ഞപ്പോൾ അവർക്കെല്ലാം ഇതേ അനുഭവം ആണ്. ഇനിയെങ്കിലും ഇതിനു ഒരു മാറ്റം വേണ്ടേ? ഈ നാട് എന്ന് നന്നാകും? God's Own Country.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.