തൊഴിലുടമയുടെ ക്രൂരപീഡനത്തിനിരയായ ഹരിദാസനു മമ്മൂട്ടിയുടെ കൈത്താങ്ങ്
Saturday, March 7, 2020 2:01 PM IST
മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂരപീഡനത്തിനിരയായ ഹരിപ്പാട് നീണ്ടൂർ പള്ളിപ്പാട് വാലേത്ത് വീട്ടിൽ ഹരിദാസനു ചികിത്സാ സഹായവുമായി നടൻ മമ്മൂട്ടി. മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാകേന്ദ്രത്തിൽ ഹരിദാസനു ചികിത്സ നൽകാമെന്നാണ് ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
മലേഷ്യയിൽ ജോലി ചെയ്ത ശന്പളം ആവശ്യപ്പെട്ടപ്പോൾ തൊഴിലുടമ ശരീരമാസകലം പൊള്ളലേൽപ്പിച്ചു പീഡിപ്പിക്കുകയായിരുന്നു. തുടർന്നു പീഡനവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചതിനെത്തുടർന്നു ഹരിദാസന്റെ ഭാര്യ രാജശ്രീ പരാതിയുമായി മാധ്യമങ്ങൾക്കു മുന്നിലെത്തി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലേഷ്യയിലെ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി അനുരാഗ് സിംഗുമായി ബന്ധപ്പെടുകയും നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു. നാട്ടിലെത്തിയെങ്കിലും ശരീരമാകെ പൊള്ളലേറ്റതിനാൽ വലിയ ദുരിതത്തിലാണ്.
കഴിഞ്ഞ ദിവസം ബന്ധുക്കൾ ഹരിദാസനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പരിശോധനയ്ക്കു കൊണ്ടുപോയി. ആരോഗ്യനില മോശമായിട്ടും ഹരിദാസനെ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തില്ലന്നും മരുന്നു നൽകി വീട്ടിലേക്കു പറഞ്ഞുവിട്ടെന്നും ബന്ധുക്കൾ പറഞ്ഞു.
ദേഹം നിറയെ പൊള്ളലേറ്റ പാടാണ്. ഒപ്പം കടുത്ത വേദനയുമുണ്ട് . നാലു വർഷം മുന്പാണ് ഹരിദാസൻ മലേഷ്യയിൽ ജോലിക്കായി പോയത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി മുഖാന്തിരം ബാർബർ ജോലിക്കായാണു പോയത്.
രണ്ടു മൂന്നു മാസം കൂടുന്പോഴായിരുന്നു ശന്പളം പോലും നൽകിയിരുന്നതത്രെ. കഴിഞ്ഞ ആറു മാസമായി പണമൊന്നും നൽകിയിരുന്നില്ലെന്നും ശരീരമാസകലം പൊള്ളലേൽപ്പിച്ച് ഒരാഴ്ചയോളം മരുന്നൊന്നും നല്കാതെ പീഡിപ്പിച്ചതായും ഹരിദാസൻ പറഞ്ഞു.
ശന്പള കുടിശിക ചോദിച്ചതിന് പണം കവർന്നെന്നു കള്ളക്കഥ ഉണ്ടാക്കിയായിരുന്നു പീഡനം. ഇരുന്പുദണ്ഡ് പഴുപ്പിച്ചു ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ബന്ധുക്കളെ ഫോണിൽ ബന്ധപ്പെടാൻ പോലും അനുവദിക്കാതെയായിരുന്നു പീഡനം.
ദിവസങ്ങൾക്കു ശേഷം സമീപത്തെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയുടെ ഫോണിൽനിന്നു ഭാര്യയെ വിളിച്ചു പീഡനവിവരം ഹരിദാസൻ അറിയിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിച്ച ചിത്രങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തു.

ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതോടെ ഹരിദാസനെ നാട്ടിലെത്തിക്കാൻ പ്രതിപക്ഷ നേതാവും എംപി അടക്കമുള്ളവരും മലേഷ്യയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു.
ഹരിദാസന്റെ ചികിത്സയും യാത്രച്ചെലവും പതഞ്ജലി ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പതഞ്ജലി അധികൃതർ ഹരിദാസന്റെ കുടുംബത്തെ ചികിത്സയുടെ കാര്യങ്ങൾ നേരിട്ട് അറിയിച്ചിട്ടുണ്ട്.