സമൂഹ മാധ്യമങ്ങളില്‍ ദിവസേന പലവധത്തിലുള്ള വീഡിയോകള്‍ വൈറലാകാറുണ്ടല്ലൊ. ചിലര്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ സ്വന്തം ജീവന്‍തന്നെ പണയംവച്ച് ചില്ലറ അഭ്യാസങ്ങള്‍ കാട്ടാറുണ്ട്.

അത്തരത്തിലൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. മീംസ് റോസ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്നിരിക്കുന്ന വീഡിയോയില്‍ ഒരാള്‍ ബൈക്കില്‍ കാണിക്കുന്ന സാഹസികതയാണുള്ളത്.

ദൃശ്യങ്ങളില്‍ നിരത്തിലൂടെ പോകുന്ന ഒരു ഹീറോ ഹോണ്ട സ്പ്ലെണ്ടര്‍ ബൈക്ക് കാണാം. ബൈക്കിന് പിറകിലായി ഒരുവശത്തേക്ക് കാലുംവച്ചിരിക്കുകയാണ് ഒരാള്‍. ബൈക്ക് മറ്റാരും ഓടിക്കുന്നുമില്ല. ആക്സിലേറ്ററില്‍ നിന്നും ഒരു ചരടുകൊണ്ടോ മറ്റൊ കെട്ടിയാണ് ഇയാള്‍ വാഹനത്തെ നിയന്ത്രിക്കുന്നത്.

പിന്നിലെ സീറ്റില്‍ തൊപ്പി ധരിച്ച് ശാന്തനായി ഇരിക്കുന്ന ഇയാളുടെ വീഡിയോ മറ്റൊരാള്‍ ചിത്രീകരിക്കുകയാണ്. വളരെ അപകടകരമായ ഈ വീഡിയോ രണ്ട് ദശലക്ഷം ആളുകളാണ് കണ്ടുകഴിഞ്ഞത്.

നിരവധിയാളുകള്‍ ഈ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ഇത്തരം ചെയ്തികള്‍ യുവജനങ്ങള്‍ക്കുള്ള തെറ്റായ സന്ദേശം കൂടിയാണെന്നാണ് കമന്‍റുകളില്‍ ഒരെണ്ണം.