ചില കലാപരിപാടികള്‍ അങ്ങനാണ്. തുടക്കം വളരെ ഭംഗിയായിരിക്കും. പക്ഷെ ആവേശം വല്ലാതങ്ങ് കൂടുമ്പോള്‍ അവസാനമങ്ങ് കൈവിട്ട് പോകും. അത്തരത്തിലുള്ള കാര്യങ്ങള്‍ അന്നേരം ആളുകളെ ആശങ്കയിലാഴ്ത്തുമെങ്കിലും പിന്നീട് ചിരിപ്പിക്കുകയാണ് പതിവ്.

മിക്കപ്പോഴും ആളുകളുടെ ആവേശക്കൂടുതല്‍ കാരണമാണ് പ്രശ്നങ്ങള്‍ ആരംഭിക്കുക. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച ഒരു വീഡിയോയുടെ കാര്യമാണിത്.

"ഐം എ ഡ്രീമര്‍ 5' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോയില്‍ നീലയും മഞ്ഞയും ഷര്‍ട്ട് ധരിച്ച രണ്ടുപേര്‍ നാഗനൃത്തം ചെയ്യുകയാണ്. വാദ്യോപകരണങ്ങളുടെ അകമ്പടിയും ഈ നൃത്തത്തിനുണ്ട്.

എന്നാല്‍ നൃത്തം അല്‍പം ആവേശത്തിലായപ്പോള്‍ നീല ബനിയനിട്ട ആള്‍ മറ്റേയാളെ കൊത്താന്‍ തുടങ്ങുന്ന പോലെ കാണിക്കുകയാണ്. ഇത് മഞ്ഞ ഷര്‍ട്ടിട്ട നര്‍ത്തകനെ ചൊടിപ്പിക്കുന്നു. അയാള്‍ ദേഷ്യത്തോടെ തിരിച്ചും ദംശിക്കുന്നതായി കാണിക്കുന്നു. അത് ഇഷ്ടപ്പെടാഞ്ഞ നീല ഷര്‍ട്ടുകാരന്‍ മറ്റേയാളെ അടിക്കാന്‍ കൈയോങ്ങുന്നു. എതിര്‍ വ്യക്തിയും തിരിച്ചടിക്കുന്നു.

പിന്നീട് രണ്ടാളും പൊരിഞ്ഞ അടിയിലേക്ക് പോകുന്നെങ്കിലും മറ്റുള്ളയാളുകള്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയാണ്. കുറച്ചുകാലം മുമ്പ് വന്ന ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.