"ചെറുതല്ല’ ഈ സന്തോഷം; അമേരിക്കയില്‍ ജനിച്ച അപൂര്‍വ ഇരട്ടക്കുട്ടികളെക്കുറിച്ച്
ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിക്കുന്നത് തന്നെ സന്തോഷത്തോടൊപ്പം വലിയ കൗതുകവും സമ്മാനിക്കുന്ന ഒന്നാണല്ലൊ. എന്നാല്‍ അമേരിക്കയിലെ വാഷിംഗ്ടണിലെ പെന്‍സില്‍വാനിയയിലുള്ള ഓഡ്രിയാന ലാംബര്‍ട്ട്, ചേസ് ദമ്പതികള്‍ക്ക് ജനിച്ച ഇരട്ടക്കുട്ടികൾ അല്പം വ്യത്യസ്തരായിരുന്നു.

ഇരട്ടകളിലെ രണ്ടാമത്തെ കുഞ്ഞായ റീഗന്‍, മില എന്ന് പേരിട്ടിരിക്കുന്ന ആദ്യത്തെ കുഞ്ഞിനേക്കാള്‍ തീരെ ചെറുതായിരുന്നു. ജനിച്ചപ്പോള്‍ മിലയ്ക്ക് രണ്ട് പൗണ്ട്സ് 13 ഔണ്‍സാണ് ഭാരമുണ്ടായിരുന്നത്. എന്നാല്‍ റീഗന് ഒരു പൗണ്ട് മാത്രമാണ് ഭാരമുണ്ടായിരുന്നത്.

ദീര്‍ഘ കാലം മക്കളില്ലായിരുന്ന ദമ്പതികള്‍ ഐവിഎഫ് ചികിത്സാ രീതികള്‍ തേടിയിരുന്നു. 2021 ജൂണിലാണ് 32കാരിയായ ഓഡ്രിയാന ഗര്‍ഭിണിയാകുന്നത്. അമേരിക്കയിലെ പിട്സ്ബര്‍ഗിലുള്ള വെസ്റ്റ് പെന്‍ ആശുപത്രിയിലാണ് ഓഡ്രിയാന ഗര്‍ഭകാല പരിശോധനകള്‍ നടത്തിയിരുന്നത്.

ആറാഴ്ചയ്ക്ക് ശേഷമുള്ള പരിശോധനയില്‍ തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികളാണെന്ന് ഇവര്‍ ഡോക്ടര്‍മാരില്‍ നിന്നും മനസിലാക്കി. എന്നാല്‍ ഇരട്ടകളില്‍ ഒരാള്‍ തീരെ ചെറുതായതിനാല്‍ ഗര്‍ഭത്തില്‍ മരിക്കുകയേ ഉള്ളുവെന്നാണ് ഡോക്ടര്‍മാര്‍ അവരോട് പറഞ്ഞത്.

എന്നാല്‍ 15-ാം ആഴ്ചയിലെ പരിശോധനാ വേളയില്‍ റീഗന്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷ ഡോക്ടര്‍മാര്‍ക്കുണ്ടായി. പക്ഷെ ആ പ്രതീക്ഷയ്ക്ക് അധികം ആയുസുണ്ടായില്ല. 20 -ാം ആഴ്ചയിലെ പരിശോധനയില്‍ വളര്‍ച്ചയില്‍ റീഗന്‍ അവളുടെ സഹോദരിയിലും 18 ശതമാനം പുറകിലാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

24മത് ആഴ്ചയിലത് 50 ശതമാനമായി മാറിയതോടെ ഡോക്ടര്‍മാരുടെ പ്രതീക്ഷ ഇല്ലാതായി. അമ്മയില്‍ നിന്നും പോഷകാഹാരം എത്തുന്നത് വളരെ കുറയുന്നതായും മെഡിക്കല്‍ സംഘം മനസിലാക്കി. അടുത്ത തവണ പരിശോധിക്കുമ്പോള്‍ റീഗന്‍ ജീവനോടെ ഉണ്ടാവുകയില്ല എന്നവര്‍ ഉറപ്പിച്ചിരുന്നു.

എന്നാല്‍ വിധി അങ്ങനെയാകരുതെ എന്ന് അവളുടെ അമ്മ ഓഡ്രിയാന ആഗ്രഹിച്ചിരുന്നു. ഏതായാലും ആ അമ്മയയുടെ പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടായി. 26-ാം ആഴ്ചയില്‍ പരിശോധിക്കുമ്പോള്‍ റീഗന്‍റെ ഹൃദയത്തുടിപ്പ് നിലയ്ക്കാഞ്ഞത് ഡോക്ടര്‍മാരെപ്പോലും അത്ഭുതപ്പെടുത്തി. തുടര്‍ന്ന് 27-ാം ആഴ്ചയില്‍ ഓഡ്രിയാനയെ വെസ്റ്റ് പെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒടുവില്‍ 29 മത്തെ ആഴ്ചയില്‍ ശസ്ത്രക്രിയ വഴി ഇരു കുഞ്ഞുങ്ങളെയും മെഡിക്കല്‍ സംഘം പുറത്തെടുത്തു. അങ്ങനെ 2021 ഡിസംബര്‍ 10ന് ഇരട്ട പെണ്‍ക്കുഞ്ഞുങ്ങളായ മിലയും റീഗനും ഓഡ്രിയാനയ്ക്ക് ജനിച്ചു. വൈകുന്നേരം 4.32 നാണ് മില ജനിച്ചത്. ഒരു മിനിറ്റിന് ശേഷം, 4.33ന് റീഗനും ജനിച്ചു.

കാലം തികയാതെ ജനിച്ച കുഞ്ഞുങ്ങളായതിനാല്‍ ഇരുവരേയും ആശുപത്രിയിലെ നിയോനേറ്റല്‍ ഐസിയുവിലേക്ക് മാറ്റി. 45 ദിവസത്തിന് ശേഷം ആരോഗ്യസ്ഥിതി വീണ്ടെടുത്ത മില ആദ്യം വീട്ടിലേക്ക് മടങ്ങി. എന്നാല്‍ 118 ദിവസത്തിന് ശേഷമാണ് റീഗന് തന്‍റെ മാതാപിതാക്കള്‍ക്കടുത്തേക്ക് എത്താനായത്.

നിലവില്‍ ആറു മാസത്തിന് മേല്‍ പ്രായമായ ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നു. 12 പൗണ്ട്സ് ആണ് ഇപ്പോള്‍ മിലയുടെ ഭാരം. ഏഴ് പൗണ്ട്സ് അഞ്ച് ഔണ്‍സുമാണ് റീഗന്‍റെ ഭാരം. ഇരുവരും മറ്റുള്ളവര്‍ക്ക് കൗതുകമാണ് സമ്മാനിക്കുന്നത്.

മറ്റുള്ളവരുടെ കാഴ്ചയില്‍ ചെറിയതായി തോന്നുമെങ്കിലും സ്വന്തം വിധിയെ വരെ തിരുത്തിയാണ് റീഗന്‍റെ ജനനം. അസാധ്യമെന്ന ഒന്നില്ലെന്നാണ് അവള്‍ നമ്മളോട് പറയുന്നത്. കാരണം അത്ര പ്രഗത്ഭരായ ഡോക്ടര്‍മാര്‍ പോലും രക്ഷപ്പെടില്ലെന്ന് കരുതിയ ഇടത്ത് നിന്നാണ് റീഗന്‍ എന്ന വിസ്മയക്കുരുന്നിന്‍റെ ജനനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.