ജീവിതത്തിൽ നി​രാ​ശ തോ​ന്നു​ന്നു​ണ്ടോ; പ്ര​ജ്ഞ​യെ അ​റി​യു​ന്പോൾ അ​തു മാ​റും
Friday, January 15, 2021 7:28 PM IST
ജീ​വി​ത​ത്തി​ൽ പ്ര​തി​സ​ന്ധി​യു​ണ്ടാ​വു​കയെ​ന്ന​ത് സാ​ധാ​ര​ണ കാ​ര്യ​മാ​ണ്. അ​വ​യെ ത​ര​ണം ചെ​യ്യു​ന്ന​വ​രാ​ണ് ജീ​വി​ത​ത്തി​ൽ വി​ജ​യി​ക്കു​ന്ന​ത്. പ​ക്ഷെ ചി​ല​രു​ണ്ട്, ജീ​വി​ത​ത്തി​ൽ ചെ​റി​യ പ്ര​ശ്നം വ​രു​ന്പോ​ൾ ക​ടു​ത്ത തീ​രു​മാ​നം എ​ടു​ക്കും. ഇ​വ​രൊ​ക്കെ ക​ണ്ടു​പ​ഠി​ക്കേ​ണ്ട ഒ​രാ​ളു​ണ്ട് - പ്ര​ജ്ഞ വേ​ദാ​ന്ത്.

സ്വ​പ്ന​ങ്ങ​ൾ ചി​റ​ക് മു​ള​യ്ക്കു​ന്നു

ആ​രാ​ണ് പ്ര​ജ്ഞ വേ​ദാ​ന്ത് എ​ന്ന​ല്ലേ? മും​ബൈ​യി​ലെ ഒ​രു സാ​ധാ​ര​ണ​ക്കാ​രി. 16-ാം വ​യ​സി​ൽ വി​വാ​ഹം ക​ഴി​ഞ്ഞ് ഭ​ർ​ത്താ​വി​നൊ​ടൊ​പ്പ​മാ​ണ് പ്ര​ജ്ഞ മും​ബൈ​യി​ൽ ആ​ദ്യ​മാ​യി എ​ത്തു​ന്ന​ത്. ചെ​റു​പ്പം​മു​ത​ലെ ഒ​രു ബ്യൂ​ട്ടീ​ഷ​നാ​വു​ക​യെ​ന്ന​ത് അ​വ​രു​ടെ സ്വ​പ്ന​മാ​യി​രു​ന്നു. മും​ബൈ​യി​ലെ ഒ​റ്റ​മു​റി​യും അ​ടു​ക്ക​ള​യു​മു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റ് പ്ര​ജ്ഞ വൈ​കാ​തെ ഒ​രു സ​ലൂ​ണാ​ക്കി മാ​റ്റി. ത്രെ​ഡിം​ഗും ട്രി​മ്മിം​ഗും പോ​ലു​ള്ള ചെ​റി​യ കാ​ര്യ​ങ്ങ​ൾ അ​വി​ടെ ചെ​യ്യാ​ൻ തു​ട​ങ്ങി. കൂ​ടെ മെ​ഹ​ന്ദി ക്ലാ​സു​ക​ളും ന​ട​ത്തി. പ​തി​യെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം കൂ​ടി. ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷം അ​ല​യ​ടി​ച്ച കാ​ലം.

വീ​ഴ്ച​ക​ളു​ടെ കാ​ലം

പ​ക്ഷെ ജീ​വി​ത​ത്തി​ൽ മാ​റി​മ​റി​ച്ച​ലു​ക​ളു​ണ്ടാ​വാൻ അ​ധി​കം സ​മ​യം വേ​ണ്ട​ല്ലോ? 2005ലെ ​മും​ബൈ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പ്ര​ജ്ഞ​യു​ടെ സ​ലൂ​ണും വീ​ടും ത​ക​ർ​ന്നു. പ​ത്തു​വ​ർ​ഷ​ത്തെ ത​ന്‍റെ സ്വ​പ്നം ക​ണ്‍​മു​ൻ​പി​ൽ ത​ക​ർ​ന്നു വീ​ഴു​ന്ന​ത് ക​ണ്ട പ്ര​ജ്ഞ​യ്ക്ക് അ​ത് താ​ങ്ങാ​നാ​യി​ല്ല. സ്ട്രോ​ക്ക് വ​ന്ന് ഇ​ട​തു​വ​ശം ത​ള​ർ​ന്നു. പി​ന്നീ​ടു​ള്ള മൂ​ന്നു മാ​സം ഫി​സി​യോ​തെ​റാ​പ്പി. പി​ന്നെ പ​തി​യെ വീ​ൽ​ചെ​യ​റി​ലേ​ക്ക്. പ​ക്ഷെ അ​പ്പോ​ഴേ​ക്കും ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച​യും ഇ​ട​ത് ക​യ്യു​ടെ ച​ല​ന​ശേ​ഷി​യും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

ബ്യൂ​ട്ടി​ഷ​ൻ രം​ഗ​ത്തേ​ക്ക് വീ​ണ്ടും

പ​ക്ഷെ പ്ര​ജ്ഞ​യു​ടെ മ​നോ​വീ​ര്യ​ത്തെ ത​ക​ർ​ക്കാ​ൻ ഇ​തി​നൊ​ന്നു​മാ​യി​ല്ല. ഇ​ന്ന് ഒ​രു ബ്യൂ​ട്ടി​ഷ്യ​ൻ ക​ണ്‍​സ​ൾ​റ്റ​ന്‍റാ​ണ് പ്ര​ജ്ഞ. 35,000ൽ ​അ​ധി​കം സ്ത്രീ​ക​ളാ​ണ് ഇ​തു​വ​രെ പ്ര​ജ്ഞ​യു​ടെ അ​ടു​ത്ത്നി​ന്ന് ട്രെ​യി​നി​ങ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. കുറഞ്ഞ ഫീസിലും ചിലരെ സൗജന്യമായുമാണ് പ്രജ്ഞ പഠിപ്പിക്കുന്നത്. ത​ന്‍റെ ഓ​രോ വീ​ഴ്ച​യും എ​ങ്ങ​നെ എ​ഴു​ന്നേ​ൽ​ക്ക​ണ​മെ​ന്ന പാ​ഠം പ​ഠി​പ്പി​ച്ചെ​ന്ന് പ്ര​ജ്ഞ പ​റ​യു​ന്നു. ഇപ്പോൾ പ്രജ്ഞയും ഒരു പഠനത്തിലാണ്- സ്വയം ന‌ടക്കാൻ. പതിയെ ചുവടുകൾ വച്ചു തുടങ്ങി അവർ. പ്രജ്ഞയെ അറിയുന്നവർ ഒരു കാര്യം ഉറപ്പിച്ച് പറയുന്നു- "ന‌‌ടക്കും, പഴയതിനേക്കാൾ ഉറച്ച കാൽവയ്പ്പോടെ'.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.