"അലക്കാനുള്ള തുണികളുടെ മല'; ചിത്രം പങ്കുവച്ച് ഒരമ്മ
Sunday, April 18, 2021 1:31 PM IST
കുഞ്ഞുങ്ങളുടെ തുണി അലക്ക് അമ്മമാരുടെ വലിയ ജോലിയാണ്. ഒരു ദിവസംതന്നെ പലതവണ വസ്ത്രംമാറുന്നതിനാൽ കുഞ്ഞുങ്ങളുള്ള വീട്ടിൽ തണികളുടെ എണ്ണം കൂടുതലായിരിക്കും. ഇതൊക്കെ ഒന്നോ രണ്ടോ കുഞ്ഞുങ്ങളുടെ വീട്ടിലെ കാര്യമാണ്. എന്നാൽ കുഞ്ഞുങ്ങളുടെ എണ്ണം രണ്ടക്ക സംഖ്യയിലേത്ത് എത്തിയാലോ?

പതിനൊന്ന് കുട്ടികളുള്ള ഒരു അമ്മ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ബ്രിട്നി ചർച്ച് എന്ന മുപ്പത്തിരണ്ടുകാരിയാണ് വീട്ടിൽ അലക്കാൻ കൂട്ടിയിട്ടിരിക്കുന്ന തുണികളുടെ വീഡിയോ പങ്കുവച്ചത്. അലക്കാനുള്ള തുണികളുടെ മല എന്ന അടിക്കുറുപ്പോടെയാണ് ടിക്ക് ടോക്കിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തുണികൾക്കിടയിൽ കളിക്കുന്ന കുഞ്ഞുങ്ങളെയും വീഡിയോയിൽ കാണാം.

പന്ത്രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന ബ്രിട്നിക്ക് കുറച്ചുദിവസം കുട്ടികളുടെ വസ്ത്രം അലക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് തുണികൾ മലപോലെ കുന്നുകൂടിയത്. 16-ാമത്തെ വയസിലാണ് ബ്രിട്നി ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. 2019-ൽ ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ ജനിച്ചത് വാർത്തപ്രാധാന്യം നേടിയിരുന്നു.