ചാരമായാലും തീരില്ലീ സ്നേഹം; വിസ്മയമായി നായയുടെ പ്രത്യക്ഷപ്പെടല്‍
Thursday, May 26, 2022 12:52 PM IST
നായകള്‍ക്ക് തങ്ങളുടെ യജമാനനോടുള്ള സ്നേഹം പ്രശസ്തമാണല്ലൊ. ഒന്ന് കൈ ഞൊടിച്ചാല്‍ ആ നിമിഷംതന്നെ അവ ഉടമയുടെ അരികിലെത്തുമല്ലൊ.
എന്നാല്‍ ബിസ്ക്യുട്ട് എന്ന ഒരു നായയുടെ വരവ് സര്‍വരേയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. കാരണം അത് തന്‍റെ യജമാനത്തി വിളിച്ചപ്പോള്‍ എത്തിയത് സ്വന്തം മരണത്തില്‍ നിന്നാണ്.
വിശ്വസിക്കാന്‍ അല്‍പം പ്രയാസമുള്ള ഈ കാര്യം നടന്നത് അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയിലാണ്. നതാലി ഫ്രാങ്കോ ലാറാസണ്‍ എന്ന യുവതിയുടെ പ്രിയപ്പെട്ട നായയായിരുന്നു ബിസ്ക്യൂട്ട്. ഷെപ്പേര്‍ഡ് കൂലിയിനം നായകളുടെ സങ്കരയിനമായ ഇതിനെ ചിക്കാഗൊയിലെ ഒരു മൃഗപരിപാലന കേന്ദ്രത്തില്‍ നിന്നാണ് നതാലി സ്വന്തമാക്കിയത്.
എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ കുറച്ച് മാസങ്ങള്‍ക്കുമുമ്പ് ബിസ്ക്യൂട്ട് പെട്ടെന്ന് ചാവുകയായിരുന്നു. നതാലി ഇതില്‍ ഏറെ ദുഃഖിതയായിരുന്നു.
കഴിഞ്ഞ ദിവസം തന്‍റെ നായുടെ ചാരവുമായി നതാലി ബിസ്ക്യൂട്ടിനും ഇഷ്ടമുണ്ടായിരുന്ന കാലിഫോര്‍ണിയയിലെ ഒരു പാര്‍ക്കിലെത്തി. അവിടെ വെച്ച് നതാലി നായയുടെ ചാരം ദൂരേക്കെറിഞ്ഞ്. അത്ഭുതമെന്നവണ്ണം ആ ചാരം ബിസ്ക്യുട്ടിന്‍റെ രൂപമായി കുറച്ചുനേരം വായുവില്‍ നിന്നു. പിന്നീട് മായുകയും ചെയ്തു.
നതാലിയുടെ ഭര്‍ത്താവ് ഈ കാഴ്ചകള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇതറിഞ്ഞവരെല്ലാം ബിസ്ക്യൂട്ടിന്‍റെ ഈ സ്നേഹത്തില്‍ ആകെ അമ്പരന്നു പോയിരിക്കയാണ്. ഇതേത്തുടര്‍ന്ന് നതാലി ഒരു ടാറ്റൂ കലാകാരന്‍റെ സഹായത്തോടെ തന്‍റെ പ്രിയപ്പെട്ട നായയുടെ ചാരം കലര്‍ത്തിയ ടാറ്റൂ സ്വന്തം ശരീരത്തില്‍ ചെയ്യുകയുണ്ടായി.
നതാലി ഈ വിവരം യൂട്യൂബിലൂടെ പുറംലോകത്തെ അറിയിച്ചപ്പോള്‍ നിരവധി മൃഗസ്നേഹികളാണ് ഈ നായയുടെ സ്നേഹത്തെ പുകഴ്ത്തിയുള്ള സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നത്.