"അയ്യോ റോഡില്‍ കാട്ടാന'; ജീവനും കൊണ്ടോടുന്ന യുവാവ്
Saturday, June 10, 2023 11:16 AM IST
അരിക്കൊമ്പനും പടയപ്പയുമൊക്കെ നമുക്ക് സുപരിചിതമായ പേരുകളാണല്ലൊ. പേര് പരിചിതമാണെങ്കിലും കാട്ടാനയുടെ രീതി എല്ലാവര്ക്കുമത്ര നിശ്ചയമുള്ളതല്ല. അവ എപ്പോള്‍ അപകടകാരികളായി മാറുമെന്ന് ആര്‍ക്കും പറയാനാകില്ല.
അതിനാല്‍തന്നെ ഏറെ സൂക്ഷിക്കണമെന്ന് അധികൃതര്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ട്. ദൗര്‍ഭാഗ്യവശാല്‍ പലരും ഇത് വേണ്ട ഗൗരവത്തില്‍ കാണാറില്ല. തത്ഫലമായി വലിയ അപകടങ്ങളില്‍പെടുകയും ചെയ്യും.
അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ നെറ്റിസണെ ആകെ ഞെട്ടിച്ചു. അതിന് കാരണം ഒരു യുവാവ് കാട്ടാനയുടെ മുന്നില്‍ പെട്ടുപോയതായിരുന്നു വീഡിയോയിലെ ഉള്ളടക്കം.
ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങളില്‍ വിനോദസഞ്ചാരികളായ കുറച്ചുപേര്‍ വനംവകുപ്പിന്റെ ബസുകളില്‍ സഞ്ചരിക്കുകയാണ്. ഈ സമയം ഒരു യുവാവിനെ കാണാം. ഇയാള്‍ ഒരു കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടിരിക്കുകയാണ്.
ഇയാള്‍ പ്രാണരക്ഷാര്‍ഥം ഓടുകയാണ്. യുവാവിനെ കണ്ട് മറ്റ് വിനോദസഞ്ചാരികളും വഴിയരികില്‍ നിന്നവരും ബഹളം വെയ്ക്കുന്നതും വീഡിയോയിലുണ്ട്. ഒടുവില്‍ കാട്ടാനയുടെ പിടിയില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയാണ് യുവാവ്.
തമിഴ്നാട് സ്വദേശിയാണ് വീഡിയോയിലുള്ളത്. ഇയാളെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "സാഹസികത കാട്ടിയതാണെങ്കില് അര്‍ഹമായ ശിക്ഷ നല്‍കണം' എന്നാണ് ചിലര്‍ കമന്റുകളില്‍ പറഞ്ഞത്.