പ്രാര്‍ഥനയ്ക്ക് ശേഷം ഭണ്ഡാരവും മണിയും കൊണ്ടുപോയ കള്ളന്; വീഡിയോ കാണാം
Wednesday, August 10, 2022 11:48 AM IST
പലതരം മോഷണ കഥകള്‍ ദിവസേന നാം കേള്‍ക്കാറുണ്ടല്ലൊ. ഇവയില്‍ ചിലതെങ്കിലും ആളുകളെ ചിരിപ്പിക്കുന്നതായിരിക്കും. അത്തരത്തിലുള്ള ഒരു മോഷണത്തിന്റെ വാര്‍ത്തയാണിത്. താന്‍ മോഷ്ടിക്കാനെത്തിയ അമ്പലത്തില്‍ ഭക്തിയോടെ തൊഴുത ഒരു കള്ളനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
മധ്യപ്രദേശിലെ ജബല്‍പൂരിലെ സുഖാ ഗ്രാമത്തിലെ ഒരു അമ്പലത്തിലാണ് ഈ സംഭവമുണ്ടായത്. അമ്പലത്തിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ഒരു മോഷ്ടാവ് ഉള്ളിലേക്ക് കയറുകയാണ്. ഷര്‍ട്ടിടാത്ത ഇയാള്‍ മുഖം മുഴുവന്‍ മറച്ചാണ് എത്തിയത്.
അമ്പലത്തിലെ ലക്ഷ്മി വിഗ്രഹത്തിനെ ഭക്തിയോടെ തൊഴുതുന്ന ഇയാള്‍ പിന്നീടാണ് ഭണ്ഡാരങ്ങള്‍ എടുക്കുന്നത്. എന്നാല്‍ പൈസാ മാത്രമല്ല അമ്പലത്തിലെ മണിയും കൂടി കള്ളന് മോഷ്ടിക്കുന്നുണ്ട്. മോഷ്ടിച്ച വസ്തുക്കള്‍ സമര്‍ഥമായി അവിടുന്നു മാറ്റുന്ന കള്ളനെ വീഡിയോയുടെ അവസാനം കാണാം.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ചിലര്‍ രസകരമായ കമന്റുകളാണ് ഈ വീഡിയോയ്ക്ക് നല്‍കുന്നത്.
അയാള്‍ കള്ളനല്ലെന്നും ഭക്തനാണെന്നും ആപത്ത് കാലത്ത് സഹായം ചോദിച്ചെത്തിയതാണെന്നുമാണ് അതിലൊരു കമന്റ്. ഏതായാലും ഈ മോഷ്ടാവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് മധ്യപ്രദേശ് പോലീസിപ്പോൾ.