ട്രോളുകൾ കൊണ്ട് എന്നെ തകർക്കാനാവില്ല; വിവാദങ്ങൾക്ക് കോഹ്ലിയുടെ മറുപടി
Friday, November 9, 2018 10:14 AM IST
ഇന്ത്യൻ കളിക്കാരെ ഇഷ്ടമല്ലെങ്കിൽ ഇന്ത്യ വിട്ടുപോകണമെന്ന് ആരാധകനോടു പറഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി. ട്രോളുകൾ തനിക്ക് ശീലമാണെന്നും അതുകൊണ്ടു തന്നെ തകർക്കാനാകില്ലെന്നും കോഹ്ലി ട്വീറ്റ് ചെയ്തു.
ട്രോളുകൾ കൊണ്ട് എന്നെ തകർക്കാനാകില്ല. അത് എനിക്കു ശീലമായിക്കഴിഞ്ഞു. ഇനിയും അത് തുടരും. ആ ആരാധകന്റെ കമന്റിൽ "ഈ ഇന്ത്യൻ താരങ്ങൾ’ എന്നുണ്ടായിരുന്നു. ആ പരാമർശനത്തിനെതിരെയാണ് ഞാൻ സംസാരിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാൻ മാനിക്കുന്നു. എല്ലാവരിലും പ്രകാശം പരത്തി ഈ ഉത്സവ സീസണ് ആസ്വദിക്കൂ- ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കോഹ്ലി കുറിച്ചു.
ട്വിറ്ററിലൂടെ വിദേശ താരങ്ങളോടുള്ള ഇഷ്ടം വെളിപ്പെടുത്തിയ ആരാധകനോടാണു രാജ്യം വിട്ടുപോകാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ നായകനായ കോഹ്ലി നിർദേശിച്ചത്. തന്റെ പേരിലുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷന്റെ പ്രചാരണാർഥം പുറത്തിറക്കിയ വിഡിയോയിലായിരുന്നു കോഹ്ലിയുടെ വിവാദ പരാമർശം.
അമിത പ്രചാരം ലഭിച്ച ബാറ്റ്സ്മാനാണു കോഹ്ലി. വ്യക്തിപരമായി അദ്ദേഹത്തിന്റെ ബാറ്റിംഗിൽ എന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയിട്ടില്ല. ഇത്തരം ഇന്ത്യൻ താരങ്ങളേക്കാൾ ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും താരങ്ങളുടെ കളി കാണാനാണ് എനിക്കിഷ്ടം എന്ന് ട്വീറ്റ് ചെയ്ത ആരാധകനാണു കോഹ്ലി മറുപടി നൽകിയത്.
നിങ്ങൾ ഇന്ത്യയിൽ ജീവിക്കേണ്ടവനാണെന്നു ഞാൻ കരുതുന്നില്ല, ഇന്ത്യയിൽനിന്നു പോയി വേറെ എവിടേയെങ്കിലും ജീവിക്കൂ. ഞങ്ങളുടെ രാജ്യത്തു ജീവിച്ചു നിങ്ങൾ മറ്റുള്ള രാജ്യങ്ങളിലെ താരങ്ങളെ സ്നേഹിക്കുന്നതെന്തിനാണ് നിങ്ങൾ എന്നെ ഇഷ്ടപ്പെടുന്നില്ല എന്നത് എന്നെ ബാധിക്കുന്നില്ല. പക്ഷേ, നിങ്ങൾ ഞങ്ങളുടെ രാജ്യത്തു ജീവിച്ചു മറ്റു രാജ്യങ്ങളിലെ കാര്യങ്ങൾ ഇഷ്ടപ്പെടുന്നതു ശരിയാണെന്ന് തോന്നുന്നില്ല എന്നായിരുന്നു ആരാധകനുകോഹ്ലി നൽകിയ മറുപടി.
കോഹ്ലിയുടെ മറുപടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേർ ഇന്ത്യൻ നായകനെ വിമർശിച്ചു രംഗത്തെത്തി. ടെന്നീസിൽ സ്വിറ്റ്സർലൻഡുകാരനായ റോജർ ഫെഡററെ ആരാധിക്കുന്ന കോഹ്ലി എന്തിനാണ് ഇന്ത്യയിൽ കഴിയുന്നതെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം.