സഹോദരി പുത്രന് മുമ്പിൽ വച്ച് യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം
Friday, September 13, 2019 4:11 PM IST
നടുറോഡിൽ സഹോദരിയുടെ മകന്റെ മുമ്പിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കിഴക്കൻ ഉത്തർപ്രദേശിൽ നേപ്പാൾ അതിർത്തിക്ക് അടുത്താണ് സംഭവം. സഹോദരിപുത്രനുമായി ബൈക്കിൽ യാത്ര ചെയ്ത റിങ്കു പാണ്ഡെ എന്ന യുവാവിനെയാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചത്.
വാഹനപരിശോധനയ്ക്കിടെ റിങ്കു പോലീസുദ്യോഗസ്ഥരുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. പിന്നീട് വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് മാറി. ജനക്കൂട്ടവും പേടിച്ചരണ്ട സഹോദരി പുത്രനും നോക്കി നിൽക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ റിങ്കുവിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.
താൻ തെറ്റ് ചെയ്തിട്ടില്ലെന്നും. ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യുവാനും റിങ്കു പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ പോലീസുകാർ മർദ്ദനം തുടർന്നു. സമീപത്ത് നിന്നവർ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയതിനെ തുടർന്ന് പോലീസുദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.