ആളുകള്‍വേറിട്ട രീതിയിലുള്ള ലോക റിക്കാര്‍ഡുകള്‍ തീര്‍ക്കുന്ന വാര്‍ത്തകള്‍ നാം ദിവസേന കേള്‍ക്കാറുണ്ടല്ലൊ. ആ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് തീര്‍ച്ചയായുമത് മധുരിക്കുന്ന ഒന്നായിരിക്കുമല്ലൊ.

എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ഗ്രിഗറി ഫോസ്റ്റര്‍ നേടിയ റിക്കാര്‍ഡിന് മധുരത്തിന് പകരം എരിവാണുള്ളത്. കാരണം എരിവിന്‍റെ കാഠിന്യം നിമിത്തം "പ്രേത മുളക്’ എന്നറിയപ്പെടുന്ന ഭൂട്ട് ജോലോകിയ കഴിച്ചാണദ്ദേഹം റിക്കാര്‍ഡില്‍ ഇടം നേടിയത്.

ഒരു മിനിറ്റില്‍ 17 ഭൂട്ട് ജോലോകിയ ആണ് ഇദ്ദേഹം അകത്താക്കിയത്. 2021 നവംബര്‍ 14നാണ് ഗ്രിഗറി ഫോസ്റ്റര്‍ ഈ റിക്കാര്‍ഡ് തീര്‍ത്തത്. എന്നാലിത് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ തിങ്കളാഴ്ചയാണ്.

ഈ മുളക് പ്രേമി ഒരു മിനിറ്റിനുള്ളില്‍ ഏകദേശം 110.50 ഗ്രാം മുളകാണ് അകത്താക്കിയത്. കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ ഒരു പൊതു പാര്‍ക്കില്‍ വച്ചാണ് ഇദ്ദേഹം ഈ സാഹസം ചെയ്തത്. സംഭവത്തിന്‍റെ ഫോട്ടോകളും വീഡിയോകളും ക്ലിക്കുചെയ്യാന്‍ നിരവധി വഴിയാത്രക്കാരും ഒത്തുകൂടിയിരുന്നു.

മസാലകള്‍ നിറഞ്ഞ ഭക്ഷണം കഴിക്കാന്‍ ഫോസ്റ്ററിന് സ്വതസിദ്ധമായ അഭിനിവേശമുണ്ട്. ഒരു മിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ പ്രേത മുളക് കഴിച്ചതിന് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് സ്വന്തമാക്കിയതിന് പുറമേ, ഗ്രിഗറി ഫോസ്റ്ററിന് മറ്റ് രണ്ട് റിക്കാര്‍ഡുകളും ഉണ്ട്. 120 ഗ്രാം അല്ലെങ്കില്‍ 4.23 ഔണ്‍സ് വരെ വലിപ്പമുള്ള കരോലിന റീപ്പര്‍ മുളക് ഒരു മിനിറ്റിനുള്ളില്‍ അദ്ദേഹം കഴിച്ചിട്ടുണ്ട്.

ഇതുകൂടാതെ, ഏകദേശം 8.72 സെക്കന്‍ഡിനുള്ളില്‍ മൂന്ന് കരോലിന റീപ്പര്‍ മുളക് ഏറ്റവും വേഗത്തില്‍ കഴിക്കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.