ഈ സർക്കാർ ഉദ്യോഗസ്ഥരുടെ തോട്ടത്തിൽ ചെന്നാൽ പോരാൻ തോന്നില്ല!
Friday, September 24, 2021 7:09 PM IST
വിഷമയമില്ലാത്ത പച്ചക്കറി ഉത്പാദിപ്പിക്കാൻ സർക്കാർ ജീവനക്കാരായ സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ജൈവ മാതൃകാ കൃഷി തോട്ടം വിസ്മയമാകുന്നു. വൈക്കം നഗരസഭ ഒന്നാം വാർഡിൽ ഉദയനാപുരത്തു പരമ്പരാഗത കൃഷി വികാസ് യോജന വൈക്കം പ്രസിഡന്റ് കെ.പി. വേണുഗോപാലിന്റെ കൃഷിയിടത്തിലാണ് വൈക്കം വില്ലേജിലെ വില്ലേജ് ഓഫിസർ എസ്.പി.സുമോദ്, സ്പെഷൽ വില്ലേജ് ഓഫിസർ രാംദാസ്, വൈക്കം താലുക്ക് ഓഫിസ് ജീവനക്കാരൻ എൻ. ഹരി, വൈക്കം നഗരസഭ കൃഷി ഭവൻ കൃഷി അസിസ്റ്റന്റ് മെയ്സൺ മുരളി എന്നിവർ ചേർന്നാണ് കൃഷി നടത്തിയത്.
കെ.പി. വേണുഗോപാലിന്റെ കൃഷിയിടത്തിൽ കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി തീർത്ത മഴമറയിൽ തക്കാളി, പാവയ്ക്ക, വഴുതന, വെണ്ട,ചീര, മുളക്, സാലഡ് വെള്ളരിക്ക തുടങ്ങിയവയും മഴ മറയ്ക്കു പുറത്തു ചേന, ചേമ്പ്, കാച്ചിൽ, കപ്പ തുടങ്ങിയ കിഴങ്ങു വർഗങ്ങളുമാണ് ഇവർ കൃഷി ചെയ്തത്.
ചാണകം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് തുടങ്ങിയവ വളമാക്കി ചെയ്ത കൃഷിയിലെ ഉൽപന്നങ്ങൾ സമീപ പ്രദേശത്തുള്ളവർക്കു മീതമായ വിലയ്ക്കു നൽകുകയാണിവർ. എല്ലാ ദിവസവും വൈകുന്നേരം ജോലി കഴിഞ്ഞ് ഇവർ കൃഷിയിടത്തിലെത്തി പച്ചക്കറി പരിചരണം നടത്തുകയായിരുന്നു പതിവ്.അവധി ദിവസങ്ങളിലും കൃഷിയിടത്തിലെത്തും.
പരിമിതമായ സ്ഥലത്തുനിന്നു കൂടുതൽ വിളവ് നേടുകയെന്ന ലക്ഷ്യം കൈവരിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ഇവർ പറയുന്നു. കർഷകനായ കെ.പി. വേണുഗോപാൽ, കൗൺസിലർ അയ്യപ്പൻ എന്നിവർ സർക്കാർ ജീവനക്കാരുടെ കൃഷിക്കു നിർലോഭമായ പ്രോൽസാഹനം നൽകി.
വലിയ മാനസിക സംതൃപതിയാണ് ഈ കൃഷി സമ്മാനിച്ചതെന്നു സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. സ്വഭാവത്തിലും പെരുമാറ്റത്തിലും കൂടുതൽ പക്വതയും ആർദ്രതയും കൃഷി കൊണ്ടുവന്നു. കൃഷിയുടെ നന്മ അതു ചെയ്തു തന്നെ തിരിച്ചറിയണമെന്നാണ് ഈകർഷക സുഹൃത്തുക്കൾക്കു സമൂഹത്തോടു പറയാനുള്ളത്.
സുഭാഷ് ഗോപി വൈക്കം