സമൂഹ മാധ്യമങ്ങളില്‍ ദിവസേന പലതരം വീഡിയോകള്‍ വൈറലാകാറുണ്ടെങ്കിലും അതുക്കും മേലെ എന്ന് പറയാവുന്ന വീഡിയോകള്‍ കുറവായിരിക്കും. എന്നാല്‍ അത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയ ഒരു വീഡിയോയുടെ കാര്യമാണിത്.

യൂട്യൂബില്‍ 91 മില്ല്യണും ട്വിറ്ററില്‍ 4.3 മില്ല്യണും കാഴ്ചക്കാരാണ് ഇതുവരെ ഈ വീഡിയോയ്ക്കുള്ളത്. പറഞ്ഞു വരുന്നത് ആഫ്രിക്കയില്‍ നിന്നുള്ള ഒരു കൂട്ടം കുട്ടികളുടെ നൃത്തത്തിന്‍റെ വീഡിയോയുടെ കാര്യമാണ്.

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പ്രശസ്ത സംഗീതജ്ഞനാണ് മാസ്റ്റര്‍ കെജി. അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ സൃഷ്ടികളിലൊന്നാണ് "ജെറുസലേമാ' എന്ന ഗാനം. ആ ഗാനത്തിനായി ചുവടുവച്ചാണ് ഈ കുട്ടികള്‍ തരംഗമായി മാറിയത്.

ഉഗാണ്ട ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന "മസാക്ക കിഡ്സ് ആഫ്രിക്കാനാ' എന്ന എന്‍ജിഒ ആണ് ഈ ദൃശ്യങ്ങളാദ്യം തങ്ങളുടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോയില്‍ കുറേ കുട്ടികള്‍ ഈ ഗാനത്തിനൊത്ത ചുവടുകള്‍ ഒരു വീടിന് മുന്നില്‍ നിന്നും മറ്റും വയ്ക്കുന്നതാണുള്ളത്.

ഏറെ വെെറലായി തീര്‍ന്ന ഈ നൃത്തത്തിന് നിരവധി ആരാധകരാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായിരിക്കുന്നത്.