"ഉയരമുള്ളവള്‍ ആകാശത്തെ തൊടുമ്പോള്‍'; ഒരു ഉയരക്കാരിയുടെ ആദ്യ വിമായാത്രയെക്കുറിച്ച്
Tuesday, November 8, 2022 10:41 AM IST
മിക്കവര്‍ക്കും ആകാശവും വിമാനയാത്രയും കൗതുകമാണ്. വെള്ളി മേഘങ്ങളെ തൊട്ട് ഭൂമിയിലെ പച്ചപ്പുകള്‍ക്കൊക്കെ മുകളിലൂടെ ഒരിക്കലെങ്കിലും പറക്കണമെന്ന് മോഹിക്കാത്തവര്‍ ചുരുക്കമായിരിക്കും.
എന്നാല്‍ ചിലര്‍ക്ക് ഈ വിമാനയാത്ര സാധാരണമാണെങ്കില്‍ വേറെ ചിലര്‍ക്ക് അതൊരിക്കലും സാധ്യമാകാറില്ല. പക്ഷെ അപൂര്‍വം ചിലര്‍ ഈ വേലിക്കെട്ടുകളെ തകര്‍ത്ത് ഉയരങ്ങളില്‍ എത്താറുണ്ട്.
അത്തരത്തിലൊരു യാത്രയാണ് കഴിഞ്ഞ ദിവസം തുര്‍ക്കി സ്വദേശിനി റുമെയ്സ ഗെല്‍ഗി നടത്തിയത്. സാധാരണയായി വിമാന യാത്ര ഇവര്‍ക്ക് അസാധ്യമായ ഒന്നാണ്.
അസ്ഥികളുടെ അമിത വളര്‍ച്ചയ്ക്ക് കാരണമായ വീവര്‍ സിന്‍ഡ്രോം പിടിപ്പെട്ടയാളായ ഗെല്‍ഗി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുവതിയാണ്. ഏഴടിയിലധികം ഉയരമാണ് ഇവര്‍ക്കുള്ളത്.
ജീവിച്ചിരിക്കുന്ന ഒരു സ്ത്രീയുടെ ഏറ്റവും നീളം കൂടിയ വിരല്‍ (4.40 ഇഞ്ച്), ജീവിച്ചിരിക്കുന്ന ഒരു സ്ത്രീയുടെ ഏറ്റവും നീളം കൂടിയ പുറം (23.58 ഇഞ്ച്) എന്ന റിക്കാര്‍ഡും ഗെല്‍ഗിയുടേതാണ്.
ഇസ്താംബൂളില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കായിരുന്നു ഗെല്‍ഗിയുടെ യാത്ര. സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഗെല്‍ഗി ആറുമാസത്തേക്ക് അമേരിക്കയില്‍ തങ്ങാനായാണ് യാത്ര ചെയ്തത്.
ടര്‍ക്കിഷ് എയര്‍വേയ്സാണ് ഇവര്‍ക്കായി ഈ യാത്ര സൗകര്യം ഒരുക്കിയത്. യാത്രയ്ക്കായി എയര്‍ലൈന്‍ കമ്പനി ഇക്കണോമി ക്ലാസില്‍ നിന്ന് ആറ് സീറ്റുകള്‍ എടുത്ത് മാറ്റി പകരം സ്ട്രെച്ചര്‍ സംവിധാനം ഒരുക്കിയിരുന്നു.
വിമാനത്തിലെ ജീവനക്കാരും ഈ യാത്രയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്‍റെ സഹായത്തോടെ സാധ്യമാക്കിയ യാത്രയില്‍ നിന്നുള്ള നിരവധി ഫോട്ടോകള്‍ ഗെല്‍ഗി തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചു.
"ഇത് എന്‍റെ ആദ്യത്തെ വിമാനയാത്രയായിരുന്നു, പക്ഷേ ഇത് തീര്‍ച്ചയായും എന്‍റെ അവസാനമായിരിക്കില്ല' എന്നാണവര്‍ ഈ 14 മണിക്കൂര്‍ നീണ്ട ഈ യാത്രയെക്കുറിച്ച് പറഞ്ഞത്.