വിളിക്കാത്ത കല്യാണത്തിന് ഉണ്ണുക എന്നൊരു നാട്ടു ഭാഷയുണ്ടല്ലൊ. സിനിമകളില്‍ കല്യാണക്കുറി ആവശ്യപ്പെടുന്ന തമാശകളും നാം കണ്ടിട്ടുണ്ട്.

എന്നാല്‍ വിവാഹത്തിനെത്തിയവരോട് ഊണ് കഴിക്കണേല്‍ ആധാര്‍ കാര്‍ഡ് കാട്ടണം എന്നാവശ്യപ്പെട്ട സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം. സാധാരണയായി ഏതെങ്കിലും വ്യവസായിക കാര്യങ്ങള്‍ക്കൊ സര്‍ക്കാരിന്‍റെ ഔദ്യോഗിക കാര്യങ്ങള്‍ക്കൊ ഒക്കെയാണല്ലൊ ആധാര്‍ രേഖ വേണ്ടി വരാറുള്ളത്.

എന്നാല്‍ ഹസന്‍പൂരിലുള്ള രണ്ട് സഹോദരിമാരുടെ കല്യാണത്തിന് വീട്ടുകാര്‍ അതിഥികളോട് ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. തങ്ങള്‍ വിളിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയതിനാലാണ് അവര്‍ ഇത്തരത്തില്‍ ചെയ്തതത്രെ.

ഏതായാലും സംഗതി അല്‍പം കെെവിട്ടുപോയി വിളിച്ചിട്ട് കല്യാണത്തിന് എത്തിയ പലര്‍ക്കും ഇത് തങ്ങളെ അധിക്ഷേപിക്കുന്നതായി തോന്നി. അവര്‍ സദ്യ കഴിക്കാന്‍ കൂട്ടാക്കാതെ പിണങ്ങി.

വേര്‍ഷ സിംഗ് എന്നയാള്‍ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. വെെറലായ ദൃശ്യങ്ങള്‍ക്ക് നിരവധി രസകരമായ അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. കല്യാണക്കുറിക്ക് പകരം ആധാര്‍ കാര്‍ഡ് ചോദിച്ചതാണ് പലരെയും അമ്പരപ്പിക്കുന്നത്.