ചെറുപ്പം മുതല്‍ക്കെ എല്ലാവരെയും ആകര്‍ഷിച്ചിട്ടുള്ള ഒന്നാണല്ലൊ വിമാനം. മനുഷ്യരെ പക്ഷികളേക്കാള്‍ ഉയരത്തില്‍ പറത്തുന്ന ഈ അത്ഭുത വാഹനത്തില്‍ ഒന്നുകയറാന്‍ മോഹിക്കാത്തവര്‍ ചുരുക്കമാണ്.

ഒരുപക്ഷെ പുതിയ തലമുറയ്ക്ക് അത്ര കൗതുകം വിമാനത്തില്‍ വരണമെന്നില്ല. എന്നാല്‍ കുറേ തലമുറകള്‍ക്കത് കൗതുകമായിരുന്നു താനും.

ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് തന്‍റെ 83-ാം വയസില്‍ ആദ്യ വിമാനയാത്ര നടത്തുന്ന ഒരു മുത്തശിയുടെ വീഡിയോ ആണ്. ബാഡി മമ്മി എന്ന ഇന്‍സ്റ്റഗ്രാം പേജ് പറയുന്നതനുസരിച്ച് തന്‍റെ കൊച്ചുമകളുടെ വിവാഹത്തിനായിട്ടാണ് ഇവര്‍ വിമാനയാത്ര നടത്തുന്നത്.

വിമാനത്താവളത്തിലേക്ക് എത്തുന്നതിന്‍റെയും വിമാനത്തിനുള്ളില്‍ ഇരിക്കുന്നതിന്‍റെയും പിന്നീട് ഉറക്കംപിടിക്കുന്നതിന്‍റെയും ഒക്കെ ദൃശ്യങ്ങള്‍ ബാഡി മമ്മി കാട്ടുന്നുണ്ട്.

വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. "ഇത് വളരെ ഹൃദ്യമാണ്. ബാഡി മമ്മിയോട് ഒത്തിരി സ്നേഹം' എന്നാണൊരു ഉപയോക്താവ് കുറിച്ചിരിക്കുന്നത്.