കുളിയോ? അതെന്താണ്? ആറു പതിറ്റാണ്ടായി കുളിക്കാത്ത മനുഷ്യൻ! കാരണമാണ് ബഹുരസം
Saturday, January 23, 2021 2:48 PM IST
മലയാളിക്ക് എത്ര ദിവസം കുളിക്കാതിരിക്കാൻ സാധിക്കും, പരമാവധി ഒന്നോ രണ്ടോ ദിവസം. അതു കഴിഞ്ഞാൽ പലർക്കും ഭ്രാന്തു പിടിക്കുന്നതുപോലാകും. അതുകൊണ്ടു തന്നെ ദിവസം രണ്ടും മൂന്നും തവണ കുളി ശീലമാക്കിയവർ നമ്മുടെ നാട്ടിലുണ്ട്. ഒരു നേരമെങ്കിലും കുളിക്കാത്തവർ വളരെ ചുരുക്കം.
എന്നാൽ, ആറു പതിറ്റാണ്ടിലേറെയായി ശരീരത്തിൽ വെള്ളമൊഴിക്കാത്ത ഒരാളുണ്ട്, അമോ ഹാജി എന്ന 87 വയസുകാരൻ. കഴിഞ്ഞ 67 വർഷത്തിനിടെ അദ്ദേഹം ഒരിക്കൽ പോലും കുളിച്ചിട്ടില്ലത്രേ.
ഇറാനിലെ കെർമാൻഷാ പ്രവിശ്യയിലെ ഒരു ഗ്രാമമായ ഡെഗയിലാണ് അദ്ദേഹം താമസിക്കുന്നത്. അയാളുടെ ശരീരം മുഴുവൻ ചാരവും അഴുക്കുംകൊണ്ട് മൂടിയിരിക്കുന്നു. എന്നാൽ, ഇങ്ങനെ കുളിക്കാത്തിരിക്കുന്നത്തിന് പിന്നിൽ എന്താണ് കാരണം എന്നു ചോദിച്ചാൽ അദ്ദേഹത്തിന് അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ, വെള്ളത്തെ ഭയമാണ്. കുളിച്ചാൽ അസുഖം വരുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

അതിലും അസാധാരണമായ കാര്യം, ചത്ത മൃഗങ്ങളുടെ മാംസമാണ്, പ്രത്യേകിച്ചു പന്നിയിറച്ചിയാണ് അദ്ദേഹത്തിന്റെ ഇഷ്ടഭക്ഷണം. ഒരു വലിയ തുരുമ്പിച്ച പാത്രത്തിൽനിന്നു ദിവസവും അഞ്ച് ലിറ്റർ വെള്ളം അദ്ദേഹം കുടിക്കുന്നു. പുകവലിക്കുന്ന സ്വഭാവവും അദ്ദേഹത്തിനുണ്ട്.
പുകയിലയാണ് ഇഷ്ടമെങ്കിലും പശുവിന്റെ ഉണങ്ങിയ ചാണകമാണ് അദ്ദേഹം അതിനു പകരമായി മിക്കപ്പോഴും ഉപയോഗിക്കുന്നത്. ചെറുപ്പത്തിൽ വൈകാരികമായ ചില തിരിച്ചടികളിലൂടെ കടന്നു പോയ ശേഷം ഒറ്റപ്പെട്ട ജീവിതം നയിക്കാൻ ഹാജി തീരുമാനിച്ചതായി ടെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധകാലത്തു ധരിക്കുന്ന ഹെൽമെറ്റ് ഉപയോഗിച്ച് അദ്ദേഹം തല മൂടാറുണ്ട്. അതു ശത്രുക്കളോട് പോരാടാനല്ല, മറിച്ച് ശൈത്യകാലത്ത് തണുപ്പിനെ അകറ്റാനാണ്. തന്റെ ഗ്രാമത്തിലൂടെ പകൽ മുഴുവൻ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അദ്ദേഹത്തിനു ഒരു വീടില്ല .
ഗ്രാമവാസികൾ ഒരു കുടിലുണ്ടാക്കി കൊടുത്തെങ്കിലും അദ്ദേഹം അവിടെ താമസിക്കാറില്ല. ഒരു ശവക്കുഴിയോട് സാമ്യമുള്ള ദ്വാരമോ, അല്ലെങ്കിൽ ആരോ ഉപേക്ഷിച്ച ഒരു തുറന്ന ഇഷ്ടിക കെട്ടിടമോ പോലുള്ള സ്ഥലങ്ങളിലാണ് അയാൾ അന്തിയുറങ്ങുന്നത്.
തലമുടി വളർന്നാൽ നമ്മളെ പോലെ അദ്ദേഹത്തിനു കത്രികയും ബ്ലേഡും ഒന്നും വേണ്ട.
തലമുടി തീയിൽ കാണിച്ച് അധികമുള്ള മുടി അദ്ദേഹം കത്തിച്ചു കളയുന്നു. അദ്ദേഹം നിശ്ചലനായിരിക്കുമ്പോൾ ഒരു പാറയെ പോലെ തോന്നിക്കുമെന്നു പ്രദേശവാസികൾ പറയുന്നു.