ലോകത്തിലെ ഏറ്റവും വലിയ ഗുഹ; ആകസ്മികമായി കണ്ടെത്തിയത്...
Friday, October 11, 2024 2:57 PM IST
നമ്മുടെ ഈ പ്രകൃതിയില്‍ തെളിഞ്ഞിരിക്കുന്നതിലും അധികം ഇടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ചിലപ്പോള്‍ മണ്ണിനടിയിലാകാം മറ്റ് ചിലപ്പോള്‍ കടലിന്റെ ഉള്ളറകളില്‍, അതുമല്ലെങ്കില്‍ മഞ്ഞ് മൂടിയ ഇടങ്ങളായി അവയുണ്ടാകും.
പല ശാസ്ത്രജ്ഞരും ഇത്തരം ഇടങ്ങളും മറ്റും തേടി സഞ്ചരിക്കാറുണ്ട്. എന്നാല്‍ അവിചാരിതമായിട്ടാണ് പല കണ്ടുപിടിത്തങ്ങളും സംഭവിക്കാറുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഗുഹ കണ്ടെത്തിയതും അത്തരത്തില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു.
വിയറ്റ്നാമില്‍ നിന്നുള്ള ഹോ ഖാന് എന്നയാള്‍ ആണ് ഇതാദ്യമായി കണ്ടത്. ഇദ്ദേഹം 1991-ല്‍ ഫോംഗ് നാ-കെ ബാംഗ് നാഷണല്‍ പാര്‍ക്കില്‍ കാട്ടിലൂടെ ട്രെക്കിംഗ് നടത്തവേ ഒരു കൊടുങ്കാറ്റുണ്ടായി. ഈ കൊടുങ്കിറ്റിനില് നിന്നും രക്ഷനേടാനായി ഹോ ഈ ഗുഹയിലാണ് എത്തിയത്.
എന്നാല്‍ പ്രവേശന കവാടത്തില്‍ നിന്നും അദ്ദേഹം അല്പം ഇടറിവീണു. അപ്പോള്‍ അദ്ദേഹത്തിന് അല്പനേരം സ്ഥലകാലബോധം നഷ്ടപ്പെടുകയുണ്ടായി. പിന്നീട് അദ്ദേഹം ആഴത്തില്‍ പര്യവേക്ഷണം നടത്താതെ അവിടെ നിന്നും മടങ്ങി.
വര്‍ഷങ്ങള്‍ക്ക് ശേഷം, ബ്രിട്ടീഷ് കേവ് റിസര്‍ച്ച് അസോസിയേഷനില്‍ നിന്നുള്ള ഹോവാര്ഡുമായും ഡെബ് ലിംബെര്ട്ടുമായും അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചു. നദികളും പച്ചപ്പും നിറഞ്ഞ സണ്‍ ഡൂംഗ് ഗുഹയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണം ഗവേഷകര്‍ക്ക് കൗതുകമുണര്‍ത്തി. 2009-ല്‍, ഹോവാര്‍ഡ് ലിംബെര്ട്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ്-വിയറ്റ്നാം ഗുഹ പര്യവേഷണ സംഘം ഹോ പറഞ്ഞയിടത്തെത്തി.
അവർ ഹാംഗ് സണ്‍ ഡൂംഗി നെ ഔദ്യോഗികമായി സര്‍വേ നടത്തി അളന്നു. 38.5 ദശലക്ഷം ക്യുബിക് മീറ്ററായിരുന്നു അളവ്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ഗുഹ അതാണെന്ന് അവര്‍ പ്രഖ്യാപിച്ചു. 2013-ല്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സ് ഇതിനെ ഏറ്റവും വലിയ പ്രകൃതിദത്ത ഗുഹയായി അംഗീകരിക്കുകയും ചെയ്തു.
സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ ഈ ഗുഹയുടെ ദൃശ്യങ്ങള്‍ എത്തിയിരുന്നു. പ്രകൃതിയുടെ എല്ലാ മനോഹാരിതയും കവിഞ്ഞൊഴുകുന്ന ആ ഇടം ആളുകളെ ഹഠാദാകര്‍ഷിച്ചു. നിരവധി ഉപയോക്താക്കള്‍ ഈ മനോഹരമായ സ്ഥലം സന്ദര്‍ശിക്കാനുള്ള തങ്ങളുടെ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി.