പിറന്ന മണ്ണ് എന്നതൊരു പ്രത്യേക വികാരമാണ്. എവിടെ നിന്നെന്ന ആളുകളുടെ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ മിക്കവരുടെയും കണ്ണുകളില്‍ ഒരു തിളക്കം കാണാനാകും.

ഇന്ത്യക്കാര്‍ പൊതുവേ ദേശസ്നേഹം പുലര്‍ത്തുന്നവരാണ്. അതില്‍ മലയാളികള്‍ ഒന്നുകൂടി കടന്ന് കേരളത്തെ വലിയൊരു വികാരമായി കാണുന്നവരാണ്.

കേരളം എന്ന മണ്ണിന് മറ്റൊരിടത്തിനും ഇല്ലാത്ത സവിശേഷതകള്‍ ഉള്ളതായി ഒരോ മലയാളിയും ഉള്ളില്‍ ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. അതിനാലാണ് കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് അവര്‍ അഭിമാനത്തോടെ പറയുന്നത്.

ഇന്ന് കേരളപ്പിറവി ദിനമാണ്. നമ്മുടെ ഐക്യ കേരളത്തിന് 66 വയസ് തികയുന്നു. ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടി ഇന്ത്യന്‍ യൂണിയന്‍ രൂപീകൃതമായിട്ടും മലയാളികള്‍ മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നില്‍ക്കുകയായിരുന്നു. വൈകാതെ ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ പലകോണുകളില്‍ നിന്നും ആരംഭിച്ചു.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനര്‍സംഘടിപ്പിക്കാനുള്ള നീക്കത്തെത്തുടര്‍ന്ന് മലയാളം പ്രധാനഭാഷയായ തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍, മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു.

തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്‍റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോട് ചേര്‍ത്തു. തിരുകൊച്ചി സംസ്ഥാനത്തോട് മലബാര്‍ ജില്ലയും തെക്കന്‍ കാനറ ജില്ലയിലെ കാസര്‍കോഡ് താലൂക്കും ചേര്‍ക്കപ്പെട്ടു.


ചുരുക്കത്തില്‍ കന്യാകുമാരി ജില്ല കേരളത്തിന് നഷ്ടമാവുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോട് ചേര്‍ക്കപ്പെടുകയുമുണ്ടായി.

കേരളത്തില്‍ ആദ്യം മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, മലബാര്‍ എന്നിവയായിരുന്നത്. പിന്നീട് ഓരോ ഘട്ടങ്ങളിലായി മറ്റ് ജില്ലകളും രൂപവത്ക്കരിക്കപ്പെട്ടു. നിലവില്‍ 14 ജില്ലകളും 63 ഉപജില്ലകളും കേരളത്തിലുണ്ട്.

1957 ഫെബ്രുവരി 28ല്‍ കേരളത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. ആ തെരഞ്ഞെടുപ്പിലൂടെ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള ആദ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പിന്നീടിതുവരെയായി പല ജനാധിപത്യ സര്‍ക്കാരുകള്‍ നമ്മളെ ഭരിച്ചു.

ഈ കാലയളവില്‍ പല ഘട്ടങ്ങള്‍ക്കും ചരിത്ര സംഭവങ്ങള്‍ക്കും മഹത്‌വ്യക്തികള്‍ക്കും ഒക്കെ സാക്ഷിയായിട്ടുണ്ട് നമ്മുടെ ഈ നാട്.

സാക്ഷരതയുടെ അടക്കം കാര്യങ്ങളില്‍ ബഹുദൂരം മുന്നേറാന്‍ നാടിനായിട്ടുണ്ട്. എന്തിനേറെ ആരോഗ്യ മേഖലയില്‍ ലോകത്തിന്‍റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റാനും കേരളത്തിനായിട്ടുണ്ട്.

വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഇക്കാലത്തും ഉയര്‍ത്തിപ്പിടിക്കുന്ന ഈ നാട് തീര്‍ച്ചായായും പ്രത്യേകത നിറഞ്ഞത് തന്നെയാണ്. മലയാളികളായ നമുക്ക് ഈ മനോഹര തീരത്തെയോര്‍ത്ത് എന്നും അഭിമാനിക്കാം.