ഓൺലൈനിൽ വാങ്ങിയ അലമാരയിൽ 1.2 കോടിരൂപ!
Friday, April 29, 2022 7:23 PM IST
അടുക്കളയിലേക്ക് ഓൺലൈനിൽ നിന്നു വാങ്ങിയ അലമാരയിൽ നിന്നും ലഭിച്ചത് 1.2 കോടിരൂപ! ജർമ്മനിയിലെ സോഷ്യൽ ഹൗസിംഗ് വർക്കറായ തോമസ് ഹെല്ലർക്കാണ് അലമാരയിൽ നിന്നും വൻതുക ലഭിച്ചത്. 19,000 രൂപയ്ക്കാണ് പ്രായമായ ദമ്പതികളിൽ നിന്ന് തോമസ് അലമാര വാങ്ങിയത്. ഇബേയിലാണ് ഓർഡർ ചെയ്തത്
അലമാര വീട്ടിലെത്തി കുറച്ചുദിവസങ്ങൾക്ക് ശേഷമാണ് ഇത്രയും തുക അലമാരയ്ക്കകത്തുണ്ടെന്ന് തോമസ് മനസിലാക്കുന്നത്. ഭർത്താവ് മരിച്ചതിനെത്തുടർന്ന് ഒരു റിട്ടയർമെന്റ് ഹോമിൽ താമസിപ്പിച്ചിരുന്ന 91 വയസ്സുള്ള സ്ത്രീയുടേതായിരുന്നു പണം. ആർക്കും എളുപ്പം കണ്ടെത്താനാകാത്ത വിധമാണ് പണം ഒളിപ്പിച്ചത്. അലമാര വിറ്റത് ഇവരുടെ കൊച്ചുമകനായിരുന്നു.
എന്നാൽ ഇതിനുള്ളിൽ പണം ഉള്ളതായി തനിക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കളഞ്ഞുകിട്ടുന്ന പണം ഒരു നിശ്ചിത തുകയിൽ കൂടുതൽ സൂക്ഷിക്കാൻ ജർമ്മനിയിൽ അനുവാദമില്ല. അത് മൂന്നുവർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്. സത്യസന്ധത മാനിച്ച് തുകയുടെ മൂന്ന് ശതമാനത്തിന് തോമസിന് അർഹതയുണ്ടാവും.