കാളയോട്ടത്തിനിടയിലെ "കാലനോട്ടം'; തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാവിനെ കാണാം
Thursday, November 24, 2022 10:13 AM IST
ചിലരെ നമ്മള്‍ ഭാഗ്യവാന്മാര്‍ എന്നു പറയാറില്ലെ. എന്നാല്‍ അപൂര്‍വം ചിലരെ മഹാഭാഗ്യവാനെന്നും പറയും. അത്തരമൊരു മഹാഭാഗ്യവാന്‍റെ കാര്യമാണിത്.
"യു ഓള്‍ഡ് ഗയ്' എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ച വീഡിയോയില്‍ ഒരു കാളയോട്ടം നടക്കുന്നതിന്‍റെ ദൃശ്യങ്ങളാണുള്ളത്. മത്സരം വീക്ഷിക്കാനായി നിരവധിയാളുകള്‍ ഒരു വേലിക്കപ്പുറത്തായി നില്‍പ്പുണ്ട്.
ഇതിനിടയില്‍ ചില കാളകള്‍ അക്രമസക്താരാവുകയാണ്. ഈ കാളകള്‍ ഒരു യുവാവിന് നേരെ പാഞ്ഞടുക്കുന്നതും യുവാവ് അവയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്നതുമാണ് വീഡിയോയിലുള്ളത്.
യുവാവ് ആദ്യം ഒരു കാളയുടെ കൊമ്പിന്‍ മുനയില്‍ നിന്ന് അതിശയകരമായി രക്ഷപ്പെടുകയാണ്. അവിടുന്ന് ഓടി മാറുന്ന ഇയാളെ അടുത്ത ഒരു കാള ഇടിച്ചിടുന്നു. പിന്നീട് രണ്ടു കാളകള്‍ ഇരുവശത്തുനിന്നുമായി ഇടിക്കാന്‍ പാഞ്ഞടുത്തെങ്കിലും യുവാവ് എങ്ങനെയോ രക്ഷപ്പെട്ടു.
ഏറ്റവും ഒടുവില്‍ അവസാനത്തെ കാളയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് യുവാവ് വേലിക്കപ്പുറത്തേക്ക് ചാടുകയാണ്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്.
"അന്നേരം കാലന്‍റെ ശ്രദ്ധ മറ്റാരിലൊ ആയിരുന്നു' എന്നാണൊരു ഉപയോക്താവിന്‍റെ കമന്‍റ്.