ചേച്ചിയും അനുജനും ഒരുമിച്ചാണെന്ന് എനിക്കറിയാം; കുറിപ്പുമായി നന്ദുവിന്റെ അമ്മ
Tuesday, March 15, 2022 6:45 PM IST
അര്ബുദരോഗത്തെത്തുടർന്ന് വിടപറഞ്ഞ നന്ദു മഹാദേവിന്റെ അമ്മയ്ക്ക് അപ്രതീക്ഷിത സമ്മാനവുമായി ഒരമ്മ. അന്തരിച്ച നടി ശരണ്യ ശശിയുടെ അമ്മ ഗീതയാണ് ശരണ്യയുടെ ജന്മദിനമായ മാർച്ച് 15ന് സമ്മാനവുമായി ലേഖയുടെ വീട്ടിലെത്തിയത്. ശരണ്യയും നന്ദവും ഒരുമിച്ചിരിക്കുന്ന ചിത്രം വരച്ചതാണ് ഗീത സമ്മാനിച്ചത്.
അര്ബുദരോഗത്തെത്തുടർന്നാണ് ശരണ്യയും മരണത്തിന് കീഴടങ്ങിയത്. ശരണ്യയുടെ കഴിഞ്ഞ ജന്മദിനത്തിൽ നന്ദുവും ഒപ്പമുണ്ടായിരുന്നു. സീമ ജി നായരാണ് നന്ദുവിനെ ശരണ്യയുടെ വീട്ടിലെത്തിച്ചത്. നന്ദുവിന്റെ അമ്മ ലേഖയാണ് കഴിഞ്ഞ വർഷം മാർച്ച് 15ലെ സംഭവങ്ങളുടെ ഓർമ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
പോസ്റ്റിന്റെ പൂർണരൂപം
എത്ര പെട്ടന്ന് ആണ് ദിവസങ്ങൾ ഓടി മറയുന്നത്..
കഴിഞ്ഞ വർഷം മാർച്ച് 15 നു ശരണ്യയെ ഒരു രാജകുമാരിയെ പോലെ ഒരുക്കി രണ്ടു അമ്മമാർ.
സീമയും ഗീതയും
ഞങ്ങൾ വൈകിട്ട് ചെന്നപ്പോൾ അവിടെ വളരെ സന്തോഷത്തിൽ ആയിരുന്നു.....
സീമ ഓടി വന്നു നന്ദുവിനെ പിടിച്ചു ശരണ്യയുടെ അടുക്കൽ കൊണ്ടുപോയി
നന്ദുവിനെ കണ്ടപ്പോൾ ശരണ്യ സന്തോഷം കൊണ്ട് പൊട്ടിച്ചിരിച്ചു...
ഒരുപാടു സന്തോഷ നിമിഷങ്ങളിൽ ഒടുക്കം യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ രണ്ടുപേരും അടുത്ത ജെന്മ നാളിൽ നമുക്ക് കുറച്ചും കൂടി അടിച്ചു പൊളിക്കാം എന്ന് പറഞ്ഞു...
വണ്ടിയിൽ കയറാൻ നേരം ശരണ്യ വിളിച്ചു നന്ദുട്ടാ ഒരു കാര്യം മറന്നു പോയി..
അപ്പോൾ നന്ദു ചോദിച്ചു എന്താ ചേച്ചികുട്ടി എന്ന്
അപ്പോൾ ശരണ്യ പറഞ്ഞു നീ എനിക്ക് ഒരു പാട്ടു പാടി തന്നില്ലല്ലോ എന്ന്..
അപ്പോൾ നന്ദു പറഞ്ഞു ഞാൻ നാളെ കോഴിക്കോട് പോകും അവിടെ ചെന്നിട്ടു പാടി അയച്ചു തരാം എന്ന്
പക്ഷെ വേദന കാരണം അത് നടന്നില്ല..
ഇന്ന് ശരണ്യ മോളുടെ പിറന്നാൾ ദിനത്തിൽ അവളുടെ അമ്മ അവരുടെ രണ്ടുപേരുടെയും ഫോട്ടോ വരച്ചു കൊണ്ട് തന്നു....
ഹൃദയം പൊട്ടുന്ന വേദന ഉള്ളിൽ എങ്കിലും ചിരിച്ചു അത് വാങ്ങി ഞാൻ
എന്റെ പൊന്നു മോൾക്ക് പിറന്നാൾ ആശംസകൾ നേരുന്നു
ഞങ്ങളുടെ ഹൃദയത്തിൽ ഇന്നും ജീവിച്ചിരിക്കുന്ന ചിരികുടുക്ക സുന്ദരികുട്ടി
എനിക്ക് അറിയാം ചേച്ചിയും അനുജനും ഒരുമിച്ചാണ് സ്വർഗത്തിൽ എന്ന് ഒരുപാടു കഥകൾ പറഞ്ഞു പാട്ടു പാടി നിങ്ങൾ പറന്നു നടക്കുന്നുണ്ട് അല്ലെ...