"താങ്കൾക്ക് മനസാക്ഷി ഉണ്ടെങ്കിൽ ആ കുഞ്ഞിനെ പോയി കാണണം'
Monday, August 30, 2021 3:06 AM IST
ആറ്റിങ്ങലിലെ എട്ടു വയസ്സുകാരിയെ പിങ്ക് പോലീസ് ഓഫീസർ രജിത പോയി കാണണമെന്ന് തിരക്കഥകൃത്ത് കെ വി അനിൽ. സ്ത്രീകളുടെയും പെൺ കുഞ്ഞുങ്ങളുടെയും സുരക്ഷയ്ക്ക് വേണ്ടി സർക്കാർ ഉണ്ടാക്കിയ സംവിധാനമാണ് പിങ്ക് പോലീസ്. ആ വാഹനത്തിന് മുമ്പിൽ നിന്നാണ് ഒരു എട്ടു വയസ്സുകാരി ഭയന്ന് വാവിട്ട് നിലവിളിച്ചതെന്നും അനിൽ കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ആറ്റിങ്ങൽ പിങ്ക് പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ രജിത അറിയാൻ ...
മുഷിഞ്ഞ ഉടുപ്പിട്ട ... കറുത്ത തൊലിയുള്ള കുടവയറും സ്വർണ്ണമാലയും ഇല്ലാത്ത ജയചന്ദ്രൻ എന്ന പാവത്തിനോട് ...
എട്ടു വയസ്സുള്ള ആ കുഞ്ഞുമകളോട് നിങ്ങൾ കഴിഞ്ഞ ദിവസം ചെയ്തത്
കൊടും ക്രൂരത ആണ്.
സ്ത്രീകളുടെയും പെൺ കുഞ്ഞുങ്ങളുടെയും സുരക്ഷയ്ക്ക് വേണ്ടി സർക്കാർ ഉണ്ടാക്കിയ സംവിധാനമാണ് പിങ്ക് പൊലീസ്. ആ വാഹനത്തിന് മുമ്പിൽ നിന്നാണ് ഒരു എട്ടു വയസ്സുകാരി ഇന്നലെ ഭയന്ന് വാവിട്ട് നിലവിളിച്ചത്.
അനിയന് ഒരു ബർത്ത് ഡേ കേക്ക് വേണം ...
ചിക്കൻ കൂട്ടാൻ കൊതി ആവുന്നു...
എന്നു പറഞ്ഞപ്പോൾ ഒരു മാസത്തേക്ക് ഉള്ള ഭക്ഷ്യ സാധനങ്ങൾ വീട്ടിൽ തലച്ചുമട് ആയി എത്തിച്ച പൊലീസിൻ്റെ നാട് ആണ് ഇത്.
അത്തരം പൊലീസുകാരെയാണ് ഇന്നലെ നിങ്ങൾ തോൽപ്പിച്ചത്.
ഏതൊരു പെൺകുട്ടിക്കും അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഹീറോ അവളുടെ അച്ഛനാണ്. അച്ഛൻ്റെ ബാങ്ക് ബാലൻസും സൗന്ദര്യവും പദവിയും നോക്കിയല്ല ഒരു മകളും അച്ഛനെ ഇഷ്ടപ്പെടുന്നത്. സ്വന്തം അച്ഛൻ നടുറോഡിൽ നിന്ന് ഷർട്ട് ഉയർത്തി കാണിച്ച് " ഞാൻ കള്ളനല്ല " എന്ന് പറയുന്നത് കാണേണ്ടി വന്ന എട്ടു വയസ്സുകാരിയുടെ മാനസികാവസ്ഥ നിങ്ങൾ ചിന്തിച്ചോ ?
ആ കുരുന്ന് ഹൃദയത്തിൽ വീണ മുറിവിൻ്റെ ആഴം അളന്നോ ?
നിങ്ങളുടെ മൊബൈൽ ഫോണിനെക്കാളും പതിനായിരം മടങ്ങ് വിലയുണ്ട് ആ കുഞ്ഞിൻ്റെ അഭിമാനത്തിന്.
താങ്കൾക്ക് കഴിയുമെങ്കിൽ ...
മനസ്സാക്ഷി ഉണ്ടെങ്കിൽ ....
ആ കുഞ്ഞിനെ പോയി കാണണം.
പൊലീസിനോടുള്ള ആ കുരുന്ന് മനസ്സിലെ ഭയം മാറ്റണം.
ആ കുഞ്ഞു കവിളിൽ ഒരു ഉമ്മയും നൽകി...
കൈയിൽ ഒരു മിഠായി യും വച്ചു കൊടുത്ത് ..
" ആൻറിക്ക് ഒരു തെറ്റ് പറ്റി "
എന്ന് ഏറ്റ് പറയണം.
ഇതിലും വലിയ കൗൺസിലിംഗ് ഏതാണ് ?
ഇതിനെക്കാളും വലിയ നല്ലനടപ്പ് എന്താണ് ?