കാൽതെറ്റി വീണ യാത്രക്കാരനെ ജീവിതത്തിലേക്ക് വലിച്ചുകയറ്റി ആർപിഎഫ് ജവാൻ
Sunday, July 4, 2021 2:11 AM IST
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവേ കാൽതെറ്റി വീണ യാത്രക്കാരനെ വലിച്ചുമാറ്റി ജീവൻ രക്ഷിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ജവാൻ. ആർപിഎഫ് ജവാൻ ദിനേശ് കുമാർ റായിയാണ് യാത്രക്കാരനെ രക്ഷിച്ചത്.വെള്ളിയാഴ്ച രാവിലെ 7:52 ന് ബ്രഹ്മപുത്ര സ്പെഷ്യൽ ട്രെയിന് പ്രയാഗ്രാജ് ജംഗ്ഷന്റെ നാലാം പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴാണ് അപകടം നടന്നത്.
പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽപ്പെട്ട യാത്രക്കാരനെ ജവാൻ കൃത്യസമയത്ത് വലിച്ചു കയറ്റുകയായിരുന്നു. കുഴഞ്ഞ് വീണ് അബോധാവസ്ഥയിൽ കഴിഞ്ഞ യാത്രക്കാരന് അദ്ദേഹം പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ കൃത്യനിർവഹണത്തിൽ ജാഗ്രത പുലർത്തിയ ജവാനെ അഭിനന്ദിക്കുകയും ചെയ്തു.
എന്നാൽ, താൻ ട്രെയിനിൽ കയറാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ടോയ്ലെറ്റ് ഉപയോഗിക്കാനായി അകത്ത് കയറുകയായിരുന്നുവെന്നും പുരാൻ ലാൽ രാജ്പുത് എന്ന യാത്രക്കാരൻ വെളിപ്പെടുത്തി. ടോയ്ലറ്റ് സൗകര്യം ഉപയോഗിക്കുന്നതിനായി രജപുത് ബ്രഹ്മപുത്ര സ്പെഷലിൽ കയറിയപ്പോൾ ട്രെയിൻ സ്റ്റേഷൻവിട്ട് നീങ്ങാൻ ആരംഭിച്ചിരുന്നു. തുടർന്ന് രജപുത് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുകയും ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് വീഴുകയുമായിരുന്നു.