അടുപ്പ് പുകയുന്നില്ല; 2022ല്‍ ഇന്ത്യക്കാര്‍ ഇഷ്ടപ്പെട്ടത് ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തെ
Saturday, December 31, 2022 12:35 PM IST
ഒരുവര്‍ഷം കൂടി അവസാനിക്കുകയാണല്ലൊ. മിക്കവരും ഈ വര്‍ഷത്തെ തങ്ങളുടെ ലാഭനഷ്ടങ്ങളുടെ ചിന്തയിലായിരിക്കും ഈ ദിവസങ്ങളില്‍.
ഓണ്‍ലൈന്‍ ആഹാരവിതരണ ആപ്പുകളായ സ്വിഗിയും സൊമാറ്റൊയും തങ്ങളുടെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയതാണ് നെറ്റിസണിലും ഇപ്പോള്‍ ചര്‍ച്ച. 2022ല്‍ ഉപഭോക്താക്കള്‍ ധാരാളം പണം ഓണ്ലൈന്വഴിയായി ആഹാരം ലഭിക്കാനായി ഉപയോഗിച്ചെന്ന് ഇവര്‍ പറയുന്നു.
ഈ വര്‍ഷം ഒരു പൂനെ നിവാസി ഈ വര്‍ഷം 28 ലക്ഷം രൂപ സൊമാറ്റോയില്‍ ചെലവഴിച്ചതായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് വെളിപ്പെടുത്തി. മറ്റൊരാള്‍ ഒറ്റ ഓര്‍ഡറില്‍ 25,000 രൂപ വിലമതിക്കുന്ന പിസകള്‍ ഓര്‍ഡര്‍ ചെയ്തു. ഡല്‍ഹിയിലുള്ള ഒരു ഉപയോക്താവ് ഈ വര്‍ഷം ആപ്പ് വഴി 3300 ഓര്‍ഡറുകള്‍ നല്കിയപ്പോള് മറ്റൊരു ഉപയോക്താവ് 1,098 കേക്കുകള്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്തുവെന്ന് കമ്പനി വെളിപ്പെടുത്തി.
വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, 2022ല്‍ സൊമാറ്റോ ഓരോ മിനിറ്റിലും 186 ബിരിയാണികള്‍ വിതരണം ചെയ്തു. തങ്ങളുടെ പ്ലാറ്റ്ഫോമിലും ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവം ബിരിയാണിയാണെന്ന് സ്വിഗി വെളിപ്പെടുത്തി.
റിപ്പോര്‍ട്ട് പ്രകാരം ബിരിയാണിക്ക് പിന്നാലെ മസാല ദോശ, ചിക്കന്‍ ഫ്രൈഡ് റൈസ്, പനീര്‍ ബട്ടര്‍ മസാല, ബട്ടര്‍ നാന്, വെജ് ഫ്രൈഡ് റൈസ്, വെജ് ബിരിയാണി, തന്തൂരി ചിക്കന്‍ എന്നിവയാണ് ആളുകള്‍ക്ക് പ്രിയപ്പെട്ട വിഭവങ്ങള്‍.
സ്വിഗിയ്ക്കും നല്ല വര്‍ഷമായിരുന്നു 2022. ബംഗളൂരുവില്‍ നിന്നുള്ള ഒരാള്‍ സ്വിഗി ഇന്‍സ്റ്റാ മാര്‍ട്ടില്‍ നിന്ന് 16 ലക്ഷം രൂപയുടെ പലചരക്ക് സാധനങ്ങളാണ് ഓര്‍ഡര്‍ ചെയ്തത്. അവിടുള്ള മറ്റൊരു ഉപയോക്താവ് ദീപാവലി സമയത്ത് 75,378 രൂപയുടെ ഒറ്റ ഓര്‍ഡര്‍ നല്‍കിയതായും സ്വിഗി വെളിപ്പെടുത്തി. പൂനെയില്‍ നിന്നുള്ള വേറൊരു ഉപയോക്താവ് 71,229 രൂപ വിലയുള്ള ബര്‍ഗറുകളും ഫ്രൈകളും ഒരു സമയത്ത് ഓര്‍ഡര്‍ ചെയ്തിരുന്നത്രെ.
ഈ വര്‍ഷം ഉപയോക്താക്കള്‍ കൊറിയന്‍, ഇറ്റാലിയന്‍ വിഭവങ്ങള്‍ ധാരാളം ഓര്‍ഡര്‍ ചെയ്തതായും സ്വിഗി പറയുന്നു. ചുരുക്കത്തില്‍ 2022ൽ ഇന്ത്യന്‍ ഉപയോക്താക്കള്‍ ഭക്ഷണ രുചിയില്‍ പരീക്ഷണം നടത്തിയതായി സ്വിഗി, സൊമാറ്റൊ വാര്‍ഷിക റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു.