നിരാലംബരായ കുട്ടികള്‍ക്കായി 11,000 വട പാവുകള്‍; റിക്കാര്‍ഡ് തീര്‍ത്ത് സ്വിഗ്ഗി
Tuesday, October 15, 2024 1:37 PM IST
പലതരം ഗിന്നസ് റിക്കാര്‍ഡുകള്‍ ദിവസേന ഉണ്ടാകാറുണ്ടല്ലൊ. എന്നാല്‍ അവയില്‍ ചിലത് നമ്മുടെ മനസിനെ വല്ലാതെ സ്പര്‍ശിക്കും. അതിനുകാരണം ആ റിക്കാര്‍ഡുമായി ബന്ധപ്പെട്ട ഒരു സത്പ്രവൃത്തിയാകാം.
അത്തരമൊരു റിക്കാര്‍ഡ് ഇപ്പോള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി നേടിയിരിക്കുന്നു. മുംബൈയിലെ നിരാലംബരായ കുട്ടികള്‍ക്ക് 11,000 വട പാവുകള്‍ നല്‍കിയാണ് അവര്‍ റിക്കാര്ടിട്ടത്. ഏറ്റവും വലിയ ഒറ്റ ഫുഡ് ഓര്‍ഡറിനുള്ള ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ആണ് പിറന്നത്.
അജയ്ദേവ്ഗണ് നായകനായ സിങ്കം എഗൈയ്ന്‍ എന്ന ചിത്രത്തിന്റെ അണിയറക്കാരും മുംബൈയിലുടനീളമുള്ള മിച്ച ഭക്ഷണ വിതരണത്തിലൂടെ പട്ടിണിക്കെതിരേ പോരാടുന്ന എന്‍ജിഒയായ റോബിന് ഹുഡ് ആര്‍മിയും ചേര്‍ന്നാണ് ഇത്തരമൊരു കാര്യം ചെയ്തത്. എംഎം മിതൈവാലയില് നിന്നുമാണ് അവര്‍ ഇത്രയും വട പാവുകള്‍ ഓര്‍ഡര്‍ ചെയ്തത്.
അജയ് ദേവ്ഗണ്, രോഹിത് ഷെട്ടി, സ്വിഗ്ഗി സഹസ്ഥാപകന്‍ ഫാനി കിഷന് എന്നിവര്‍ക്ക് ഓര്‍ഡര്‍ ലഭിച്ച വിലെ പാര്‍ലെയിലെ എയര്‍പോര്‍ട്ട് ഹൈസ്കൂള്‍ ആൻഡ് ജൂനിയര്‍ കോളജ് ആയിരുന്നു ആദ്യയിടം. ബാന്ദ്ര, ജുഹു, അന്ധേരി ഈസ്റ്റ് (ചാണ്ഡിവാലി, ചകാല), മലാഡ്, ബോറിവാലി എന്നിവിടങ്ങളിലെ റോബിന് ഹുഡ് ആര്‍മിയുടെ പിന്തുണയുള്ള സ്കൂളുകളില്‍ സ്വിഗി ഏജന്റുമാര്‍ വട പാവുകള്‍ വിതരണം ചെയ്തു.
കുട്ടികള്‍ക്ക് ഭക്ഷണവും സന്തോഷവും നല്‍കിയതിലും റിക്കാര്‍ഡ് നേടിയതിലും ആനന്ദമുണ്ടെന്ന് സിങ്കം എഗൈയ്നിന്റെ എഴുത്തുകാരനും സംവിധായകനുമായ രോഹിത് ഷെട്ടി പറഞ്ഞു. തങ്ങളുടെ സന്തോഷം ഹവാസ് മീഡിയ നെറ്റ്വര്‍ക്ക് ഇന്ത്യയുടെ സിഇഒ മോഹിത് ജോഷിയും സ്വിഗ്ഗിയുടെ സഹസ്ഥാപകനും ചീഫ് ഗ്രോത്ത് ഓഫീസറുമായ ഫാനി കിഷനും പങ്കുവച്ചു.
ഈ നീക്കത്തെ നെറ്റിസണ്‍സും അഭിനന്ദിച്ചു. ചിത്രം വിജയമാകട്ടെ എന്നവര്‍ ആശംസിച്ചു.