ഇടതുവശത്ത് പരമശിവൻ, വലതുവശത്ത് സുരേഷ് ഗോപി, ഒത്ത നടുക്കായി ...
Monday, September 6, 2021 6:30 AM IST
അധ്യാപകദിനത്തിൽ ജിം ട്രെയിനർ പങ്കുവച്ച കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കൊച്ചിയിൽ ജിം നടത്തുന്ന വികാസ് ബാബുവിന്റെ പോസ്റ്റാണ് വൈറലാകുന്നത്. വർഷങ്ങൾക്ക് മുന്പ് തന്റെ ജിമ്മിൽ എത്തിയ അഭിഷേക് എന്ന എന്ന യുവാവിന്റെ ഗുരുദക്ഷിണയുടെ കഥയാണ് അഭിഷേക് പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
ഗുരുദക്ഷിണ
ഗുരു എന്ന പദവിയോടോ സ്ഥാനത്തോടോ ഒരുതരത്തിലും ചേർന്ന് നിൽക്കാൻ യാതൊരുവിധ യോഗ്യതയുമുള്ള ആളാണ് ഞാനെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. തൊഴിൽപരമായി ഇൻസ്ട്രെക്ടർ അല്ലെങ്കിൽ ട്രെയിനർ എന്നാണ് എൻറെ ജോലി നാമം. നിർദ്ദേശകൻ അല്ലെങ്കിൽ പരിശീലകൻ എന്നതിനപ്പുറം ബൗദ്ധികവും ആത്മീയവുമായ തലത്തിലേക്ക് ഞാൻ ആരെയും നയിക്കുന്നില്ല.
ആരോഗ്യത്തിനും ആത്മവിശ്വാസത്തിനും പ്രാധാന്യം നൽകുന്നവരിൽ ,ആകാര സൗഷ്ഠവം ആയ ശരീരവും അതിലൂടെ മാനസിക ഉന്മേഷം പ്രദാനം ചെയ്യുന്ന കേവലം ഒരു വഴികാട്ടി. അതിനായി എന്നോട് വഴി ചോദിച്ചു എത്തുന്നവർ. അവർക്ക് കൃത്യമായ മാർഗ്ഗത്തിൽ എത്താൻ ഞാനും അവർക്കൊപ്പം സഞ്ചരിക്കാറുണ്ട്. ചിലപ്പോൾ കൂട്ടമായും മറ്റു ചിലപ്പോൾ ഒറ്റയ്ക്കും.
ഈ യാത്രയിൽ അവരും ഞാനും തമ്മിൽ അഭേദ്യമയൊരു സ്നേഹബന്ധം ഉടലെടുക്കും. ഇങ്ങനെ ആർജിക്കുന്ന നിർലോഭസ്നേഹവും അനുഭവ സ്മരണകളുമാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്പാദ്യം. അവരിൽ ചിലരൊക്കെ ഓർമ്മയുടെ വിസ്മൃതിയിലാണ്ടു പോകുമ്പോൾ ചിലർ തരളിതമായ ഒരു ഓർമ്മയായി മനസ്സിൽ തളിർത്തു നിൽക്കും.
ഫിറ്റ്നസ് ട്രെയിനർ ആയി ഏകദേശം 20 വർഷം പിന്നിടുന്ന ഘട്ടത്തിൽ, അന്നുമുതൽ ഇന്ന് ഈ നിമിഷം വരെ എൻറെ പരിശീലനത്തിൽ വിശ്വാസ സംതൃപ്തരായി നിലകൊള്ളുന്ന ഒരു പിടി ശിഷ്യൻ ഉണ്ട്. അവരിൽ നിന്നും ഒരാളുടെ രസകരമായ കഥ പറയാം.
തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് ട്രെയിനർ ആയിട്ട് എത്തി അധിക നാളുകൾ ആയിട്ടില്ല. രാത്രികാലങ്ങളിൽ അസഹനീയമായ കൊതുക് കടിയും, രാവിലെ തന്നെ ഓടകളിലേയും കനാലിലേയും രൂക്ഷമായ മലിനജല ദുർഗന്ധവും, പനമ്പിള്ളി നഗറിലെ ഹൈ സൊസൈറ്റി ആളുകൾക്കിടയിലെ ആഷ് പോഷ് ജാഡ ജീവിതവും, എല്ലാംകൂടി ഗ്രാമീണമേഖലയിൽ നിന്ന് വന്ന എനിക്ക് പെട്ടെന്ന് പൊരുത്തപ്പെടാനായില്ല. എങ്ങനെയും ഇവിടുന്ന് രക്ഷപ്പെട്ടു തിരിച്ചുപോകണമെന്ന് ചിന്ത മാത്രമായിരുന്നു മനസ്സിൽ.
അങ്ങനെയിരിക്കെ ഒരാളെ പരിചയപ്പെട്ടു . മത്തായി. കോട്ടയം കാരനാണ് അതുകൊണ്ടുതന്നെ തെല്ലൊരു ആശ്വാസം തോന്നി. അടുത്ത ദിവസം മറ്റൊരാൾ ജിമ്മിൽ ജോയിൻ ചെയ്തു. അഭിഷേക്. ഒരു പാവം പിടിച്ച പയ്യൻ. അടുത്ത ദിവസം അവൻറെ രണ്ടു സുഹൃത്തുക്കൾ കൂടി ജോയിൻ ചെയ്തു രാകേഷും അനൂപും.
അവരുമായി ഞാൻ വളരെ വേഗം സൗഹൃദത്തിലായി. കാരണം സാധാരണക്കാരിൽ സാധാരണക്കാർ ആയിരുന്നു അവർ. എറണാകുളത്തെ കുറിച്ചുള്ള എൻ്റെ തെറ്റിദ്ധാരണകൾ ഒരു പരിധിവരെ ദുരീകരിച്ചത് അവരാണ്. അവരുടെ മൗത്ത് പബ്ലിസിറ്റിയുടെ ഫലമായി ജിമ്മിലേക്ക് അവരുടെ ധാരാളം സുഹൃത്തുക്കൾ ഒഴുകിയെത്തി.
അഭിഷേക് ആയിരുന്നു കൂട്ടത്തിൽ ഏറ്റവും നന്നായി വർക്കൗട്ട് ചെയ്യുന്നത്. അധികം സംസാരിക്കാത്ത പൊതുവേ ശാന്തശീലനയ ചെറുപ്പക്കാരൻ. സൗമ്യമായ ചിരിയും വിനയപൂർവ്വമായ സംസാരവും. അവൻറെ ആകർഷകമായ പെരുമാറ്റം, മറ്റുള്ളവരെ എന്നപോലെ എന്നെയും അവനിലേക്ക് അടുപ്പിച്ചു. മിതഭാഷി ആയതുകൊണ്ടാണോ എന്തോ അവനെക്കുറിച്ച് അധികമൊന്നും അവൻ എന്നോട് തുറന്നു സംസാരിച്ചിരുന്നില്ല. അവൻറെ സുഹൃത്തുക്കളിൽ നിന്നാണ് ചില കാര്യങ്ങൾ ഞാൻ മനസ്സിലാക്കിയത്.
വലിയ ഭക്തനാണ് അഭിഷേക്. എല്ലാദിവസവും അമ്പലത്തിൽ പോയതിനു ശേഷമാണ് ജിമ്മിലേക്ക് വരുക. ചെറിയൊരു ചായപീടിക ഉണ്ട് അഭിഷേകിന് . ജിം കഴിഞ്ഞാൽ അവൻ നേരെ കടയിലേക്ക് അച്ഛനെ സഹായിക്കാൻ നിൽക്കും. അതിനിടയിൽ പഠനം. മറ്റു ചെറു ചെറു ജോലികളും. അവനെകുറിച്ച് ഓർത്ത് എനിക്ക് അഭിമാനവും സന്തോഷവും തോന്നി.
അങ്ങനെയിരിക്കെ ഒരു ദിവസം അവൻറെ സുഹൃത്ത് എന്നോട് പറഞ്ഞു "ആശാൻ ഒരു ദിവസം അഭിഷേകിൻ്റെ കടയിൽ വരണം.... അവിടെ ഒരു കാര്യമുണ്ട് .. .ഒരു സംഭവം...
"എന്താണത്?.. ഞാൻ ചോദിച്ചു."
"അത്.. പറഞ്ഞാൽ ശരിയാവില്ല.. ആശാൻ നേരിട്ട് കണ്ടു മനസ്സിലാക്കിയാൽ മതി... "
ഞാൻ .."അതെന്താ."
"ഒന്നുമില്ല ആശാൻ ചെറുതായിട്ടൊന്നു ഞെട്ടും."..
അവൻറെ മുഖത്ത് ഗൂഢമായ ഒരു ചിരി പടർന്നിരുന്നു.
ഞാൻ പറഞ്ഞു... "ഞാൻ വരാം."..
ഒരു ദിവസം കട മനസ്സിലാക്കി ഞാൻ അവൻറെ കടയിലേക്ക് ചെന്നു. വലിയ ആഡംബരങ്ങൾ ഒന്നും ഇല്ലാത്ത സാധാരണ ചെറിയൊരു കട. ഞാൻ ചെല്ലുമ്പോൾ അവിടെ അഭിഷേക് ഉണ്ടായിരുന്നില്ല ,അവൻറെ അച്ഛൻ മാത്രമേയുള്ളൂ. അദ്ദേഹം രണ്ടുപേർ ഓർഡർ നൽകിയ ചായ എടൂക്കുന്നതിനിടയിൽ എന്നെ ശ്രദ്ധിക്കാതെ എന്നോട് ചോദിച്ചു
" എന്തുവേണം ?ചായയാണോ? അതോ ....
"ഞാൻ ..അതെ ചായയാണ് ... മീഡിയം കടുപ്പം മതി ..."
അഭിഷേക് ഇവിടെ ഇല്ലേ എന്ന് എനിക്ക് അദ്ദേഹത്തോട് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല .ഒരു പക്ഷേ ഇത് അവൻറെ കട തന്നെ ആണോ എന്നൊരു സംശയം എൻറെ ഉള്ളിൽ ഉണ്ടായി.
കാരണം , ഞാനീ കടയിൽ വരുമ്പോൾ ഞെട്ടും എന്നാണ് സുഹൃത്ത് പറഞ്ഞിരിക്കുന്നത് .ഞെട്ടാൻ തക്കവിധം ഒന്നും ഞാൻ അവിടെ കണ്ടതുമില്ല.
"ദാ..ചായ.. അവൻ്റെ അച്ഛൻ എൻറെ നേരെ ചായഗ്ലാസ് നീട്ടി.. ചായ കുടിക്കവേ ഞാൻ അവൻ്റെ അച്ഛനെ ശ്രദ്ധിച്ചു. സാധുവായ ഒരു മനുഷ്യൻ. കുറച്ച് വണ്ണം ഉണ്ടെന്നു മാത്രം. അഭിഷേക് പാവത്താനായതിൽ അത്ഭുതപ്പെടാനൊന്നുമില്ല.ഞാൻ വിലയിരുത്തി. എന്നാലും കഷ്ടപ്പെട്ട് ഇവിടം വരെ വന്നിട്ട് ഞെട്ടാൻ കഴിയാത്തതിൻ്റെ നിരാശയിൽ ചായയുടെ പൈസ എത്രയെന്ന് ചോദിച്ചു. കൊടുത്തു.
ബാലൻസ് പൈസ തിരിച്ചു തരവേ ഒരു ചില്ലറ തുട്ടു താഴെവീണു ഉരുണ്ടു പോയി. അദേഹം അത് കണ്ടുപിടിക്കാൻ ആവാതെ ഒന്ന് വിഷമിച്ചു .
"അത് സാരമില്ല അടുത്ത തവണ ചായ കുടിക്കുമ്പോൾ അതിൽ കുറയ്ക്കാം ഞാൻ തമാശയായി പറഞ്ഞു."...
"എന്നാലും അതല്ലല്ലോ മോനെ..".. പൈസയുടെ സ്ഥാനത്ത് പൈസ തന്നെ വേണ്ടേ."..
അദ്ദേഹം ഇടംവലം ഒന്ന് അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു. പിന്നെ ആയാസപ്പെട്ട് പലക തട്ടിൻ്റെ താഴെ മേശക്ക് അടിയിൽ നിന്നും നാണയം തപ്പി എടുത്തു എനിക്ക് നേരേ നീട്ടി. പിന്നെ എന്നെ ശ്രദ്ധിക്കാതെ അടുത്ത കസ്റ്റമറിൻ്റെ അടുത്തേക്ക്..
അദ്ദേഹം നീങ്ങുമ്പോൾ അദ്ദേഹത്തിന് പിന്നിലായി ഭിത്തിയിലെ പലക തട്ടിലെ കാഴ്ച കണ്ടു ഞാൻ അന്താളിച്ചുപോയി. ഞാൻ സ്തബ്ദനായി നിന്നു കൊണ്ട് യാന്ത്രികമായി ആ നാണയം വാങ്ങി. നിലത്തു വീണ നാണയത്തിന് നനവിൻ്റെ തണുപ്പ് കൈകളിൽ അരിച്ചിറങ്ങിയപ്പോൾ ,സ്വബോധം വന്ന് ഞാൻ ശരിക്കും ഞെട്ടി.
"അഭിഷേക് "...ഞാനറിയാതെ പറഞ്ഞു.എൻറെ ആത്മഗതം കുറച്ചു ഉച്ചത്തിൽ ആയിപ്പോയി.
"ഹാ...എൻറെ മോനാ... ഊണുകഴിക്കാൻ പോയിരിക്കുകയാണ് പരിചയമുണ്ടോ.?
"ഉണ്ട് ഞാനും അവനും ജിമ്മിൽ ഒന്നിച്ച്,..
"ഓ... അവന് ആ കാര്യത്തിലൊക്കെ വലിയ ഉത്സാഹമാണ്. "...
ഞാൻ പറഞ്ഞു തീർക്കും മുമ്പ് അദ്ദേഹം ഇടയിൽ കയറി പറഞ്ഞു. എൻറെ മിഴികൾ വീണ്ടും ഭിത്തിയിൽ തിരഞ്ഞുകൊണ്ടിരുന്നു. അവിശ്വസനീയമായിരുന്നു അത്. എത്ര ആയിട്ടും എനിക്കത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ചിലർ അങ്ങനെയാണ് അപ്രതീക്ഷിതമായി നമ്മെ തോൽപ്പിക്കും ,ഒരു പൂവിറുക്കുന്ന ലാഘവത്തോടെ. ഒരു ശിഷ്യനും തൻറെ ആശാനോട് ഇപ്രകാരം ചെയ്തിട്ടുണ്ടാവില്ല ചരിത്രത്തിൽ ഒരിടത്തും.
എന്നിൽനിന്ന് ഒരു ദീർഘനിശ്വാസം ഉതിർന്നു . ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു ഒരു നിമിഷം നിന്നു. കടയിൽ തിരക്ക് കൂടുകയാണ് ഞാൻ പിന്തിരിഞ്ഞു നടന്നു.പിന്നെ മനസ്സിൽ സങ്കൽപ്പിച്ചുകൊണ്ട് രണ്ടു കൈകളും ഉയർത്തി അവൻറെ നെറുകയിൽ തൊട്ടു അനുഗ്രഹിച്ചു .
ഞാൻ വാഹനത്തിലേക്ക് കയറുമ്പോൾ ആ ദൃശ്യങ്ങളിലേക്ക് ഒന്നുകൂടി കണ്ണുറപ്പിച്ചു. ഏകലവ്യൻ്റെ മഹത്തരമായ ഗുരുദക്ഷിണ പോലെ . കുറച്ച് സമയം കൂടി അതെങ്ങനെ കൺകുളിർക്കെ കണ്ടു നിൽക്കണം എന്ന് ഞാനാഗ്രഹിച്ചു. പക്ഷേ അവൻറെ അച്ഛൻ എന്നെ തിരിച്ചറിഞ്ഞാൽ ഉണ്ടാവുന്ന ഭവിഷ്യത്ത് ഓർത്ത് വേണ്ടെന്നുവച്ചു.
20 വർഷം വർഷം മുൻപ് മുമ്പ് നടന്ന ആ സംഭവം എഴുതിരിയിട്ട മയൂര വിളക്ക് പോലെ ഇന്നും എൻറെ മനസ്സിൽ മായാതെ നിറഞ്ഞു നിൽക്കുന്നു. അതിപ്രകാരമാണ് നിറഞ്ഞു കത്തുന്ന ഇരു തിരിയിട്ട നിലവിളക്കിനു പിന്നിൽ ഇടതുവശത്തായി ഭഗവാൻ പരമശിവൻ്റെ ചിത്രം. വലതുവശത്തായി ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ ചിത്രം. ഒത്ത നടുക്കായി ...അവൻറെ പ്രിയപ്പെട്ട ആശാൻ, അതായത് ഞാൻ🏋️, എൻറെ ചിത്രം🙏😀