ലൈവിനിടെ ടിവി അവതാരകയോട് വിവാഹാഭ്യര്‍ത്ഥനയുമായി റിപ്പോര്‍ട്ടര്‍; പ്രണയജോഡികൾക്ക് ആശംസകളുമായി പ്രേക്ഷകർ
വെബ് ഡെസ്ക്
സത്യസന്ധമായ പ്രണയമെന്നാല്‍ പ്രളയാഗ്നിയേക്കാള്‍ ജ്വലിച്ച് കത്തുന്ന ഒന്നാണ്. കാലമെത്ര കഴിഞ്ഞാലും അതിന്‍റെ ശോഭ കെടില്ല. ദീപ്തമായ പ്രണയത്താല്‍ അടിസ്ഥാനപ്പെട്ട വിവാഹജീവിതത്തിന്‍റെ ആരംഭവും എപ്പോഴും പൊന്‍പുലരി പോലെ തേജസുള്ളതാണ്. അതിന്‍റെ ഉത്തമ ഉദാഹരണമാണ് യുഎസില്‍ നിന്നും പുറത്ത് വരുന്ന ദൃശ്യങ്ങള്‍.

വാര്‍ത്താ ചാനല്‍ അവതാരകയോട് ലൈവിനിടെ വന്ന് വിവാഹ അഭ്യര്‍ത്ഥന നടത്തുന്ന റിപ്പോര്‍ട്ടറുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ്. യുഎസിലെ ടെന്നസിയിലുള്ള ഡബ്യുആര്‍സിബി ടിവിയിലാണ് ഈ "സുന്ദര രംഗങ്ങള്‍' അരങ്ങേറിയത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഇവര്‍ക്ക് ആശംസകളുമായി എത്തിയത്.

ലൈവ് അവസാനിക്കുന്ന സമയമായപ്പോള്‍ കോര്‍ണീലിയ നിക്കോള്‍സണ്‍ എന്ന അവതാരകയുടെ അടുത്തേക്ക് റിപ്പോര്‍ട്ടറായ റിലെ നാഗല്‍ കടന്നു വരുന്നു. ഇദ്ദേഹത്തിന്‍റെ ഒരു കൈയിൽ പൂച്ചെണ്ടും മറുകൈയിൽ മോതിരം വച്ചിരിക്കുന്ന ജ്വല്ലറി ബോക്‌സുമുണ്ട്. റിലെ വരുന്നത് കണ്ട് കോര്‍ണീലിയയുടെ മുഖത്ത് സന്തോഷവും അമ്പരപ്പുമൊക്കെ വരുന്നു.

പിന്നാലെ റിലെ മുട്ടു കുത്തി നിന്ന് കോര്‍ണീലിയയോട് വിവാഹ അഭ്യര്‍ത്ഥന നടത്തുകയാണ്. ഉടന്‍ തന്നെ മോതിരം ഇടാന്‍ കോര്‍ണീലിയ വിരല്‍ നീട്ടുന്നു. ഈ സമയം കോര്‍ണീലിയയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇവര്‍ പരസ്പരം ആലിംഗനം ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.നാലു വര്‍ഷം മുന്‍പാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടതെന്നും അന്ന് മുതല്‍ ഇവര്‍ ഇഷ്ടത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോര്‍ണീലിയ നിക്കോള്‍സണ്‍ ടിവി എന്ന് പേരുള്ള ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ മനോഹരമായ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്.

ഇരുവര്‍ക്കും ആശംസകളുമായി ഒട്ടേറെ കമന്‍റുകൾ എത്തിയിരുന്നു. "കണ്ണ് നിറയ്ക്കുന്ന ദൃശ്യങ്ങള്‍', "വ്യത്യസ്തമായ വിവാഹ അഭ്യര്‍ത്ഥന', "നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ', "നല്ല ജോഡി' എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകളാണ് ഈ വിവാഹാഭ്യർത്ഥനയുടെ ദൃശ്യങ്ങൾക്ക് നെറ്റിസണ്‍സിനിടയില്‍ നിന്നും വന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.