പ്രതീകാത്മക ചിത്രം
ഒരു ചെറിയ വെള്ള കാർ, ലോകത്തിലെ ഏറ്റവും വലിയ കാറുകൾക്കൊപ്പം അഭിമാനത്തോടെ നിൽക്കുന്നു. ഫ്രാൻസിന്റെ ബുഗാട്ടി റോയലിനൊപ്പം, ജർമ്മനിയുടെ മെഴ്സിഡസ് ബെൻസിനൊപ്പം.ആ കാറിന്റെ പേരാണ് മാരുതി 800. നമ്മുടെ സ്വന്തം 800.
1983 ന് മുമ്പ്, കാർ എന്ന് പറഞ്ഞാൽ അംബാസിഡർ, ഫിയറ്റ്. അത് വലിയ കാശുള്ളവർക്ക് മാത്രം സ്വന്തമാക്കാൻ പറ്റുന്ന ഒന്ന്.അപ്പോഴാണ് 1983 ഡിസംബർ 14 ന് ഒരു ചെറിയ വെള്ളക്കാർ നിരത്തിലിറങ്ങിയത്. വില വെറും 52,500 രൂപ.
അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ലക്കി ഡ്രോയിൽ വിജയിച്ച ഹർപാൽ സിങ്ങ് എന്ന ഡൽഹിക്കാരന് ആ ആദ്യ കാറിന്റെ താക്കോൽ കൈമാറി. അതിന്റെ നമ്പർ DIA 6479.ആ കാറാണ് ഇന്ന് ലോകം അംഗീകരിച്ചിരിക്കുന്നത്.
ഇപ്പോൾ ലോകം പറയുന്നു - ഇത് ഹെറിറ്റേജ് ആണ്!
ചരിത്രപ്രാധാന്യമുള്ള വാഹനങ്ങളെ ആദരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ FIVA, അതിന്റെ ആദ്യത്തെ World Vehicle Heritage Award മാരുതി 800 ന് നൽകിയിരിക്കുന്നു.ഇതിൽ ഏറ്റവും വലിയ കാര്യം എന്താണെന്നറിയാമോ? ഈ പുരസ്കാരം കിട്ടുന്ന ആദ്യത്തെയും ഒരേയൊരു ഇന്ത്യൻ വാഹനവും മാരുതി 800 തന്നെ.
അമേരിക്ക, ബ്രസീൽ, ജർമ്മനി, ഫ്രാൻസ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 21 ചരിത്ര വാഹനങ്ങൾക്കൊപ്പമാണ് നമ്മുടെ 800 ന് സ്ഥാനം കിട്ടിയത്. അതിൽ ഫ്രാൻസിന്റെ 1926 ബുഗാട്ടി റോയൽ, 1965 മെഴ്സിഡസ് ബെൻസ് 600 പോലുള്ള ലോകോത്തര കാറുകൾ വരെ ഉണ്ട്.വില കൊണ്ടോ, വേഗത കൊണ്ടോ അല്ല ഈ പുരസ്കാരം. ഒരു രാജ്യത്തിന്റെ ജീവിതം മാറ്റിമറിച്ചതിന് ആണ്.മാരുതി 800
എന്താണ് മാറ്റിയത്?
1. കാർ സാധാരണക്കാരന്റെ താക്കി
കാർ ഇനി പണക്കാരന്റെ മാത്രമല്ല, മിഡിൽ ക്ലാസ് കുടുംബത്തിന്റെയും സ്വപ്നമാണെന്ന് 800 തെളിയിച്ചു.
2. ഇന്ത്യയെ കാർ നിർമ്മാണ രാജ്യമാക്കി
1982 ൽ സുസുക്കിയുമായി ചേർന്ന് തുടങ്ങിയ ആ ചെറിയ ഫാക്ടറി, ഇന്ന് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയാക്കി മാറ്റി.
3. സ്ത്രീകളെ ഡ്രൈവിംഗ് സീറ്റിലിരുത്തി
ഓടിക്കാൻ എളുപ്പമുള്ള ഈ ചെറിയ കാർ, എത്രയോ സ്ത്രീകൾക്ക് ആദ്യമായി സ്വന്തമായി യാത്ര ചെയ്യാനുള്ള ആത്മവിശ്വാസം കൊടുത്തു.
4. 29 ലക്ഷം കുടുംബങ്ങളുടെ സന്തോഷം
30 വർഷത്തെ യാത്രയിൽ 29 ലക്ഷത്തിലധികം മാരുതി 800 കൾ നിരത്തിലിറങ്ങി. 1987 ൽ യൂറോപ്പിലേക്ക് വരെ കയറ്റുമതി ചെയ്തു.
ആദ്യത്തെ 800
ഹർപാൽ സിങ്ങ് 2010 ൽ മരിക്കുന്നത് വരെ ആ കാർ അദ്ദേഹത്തിന്റെ കൈയിൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് 2017 ൽ മാരുതി സുസുക്കി അത് തിരിച്ചെടുത്തു. ജപ്പാനിൽ നിന്ന് വരെ പാർട്സ് കൊണ്ടുവന്ന് പഴയ രൂപത്തിലാക്കി. ഇപ്പോൾ അത് ഡൽഹിയിലെ മാരുതി ആസ്ഥാനത്ത് അഭിമാനത്തോടെ സൂക്ഷിച്ചിരിക്കുന്നു.796cc എഞ്ചിൻ, 39.5 bhp പവർ. ഇന്നത്തെ കാറുകളെ വെച്ച് നോക്കുമ്പോൾ ഒന്നുമല്ല. പക്ഷേ അന്ന് അത് ഒരു വിപ്ലവമായിരുന്നു.
ഓർമ്മയില്ലേ ആ ശബ്ദം?
മാരുതി 800 ന്റെ പ്രത്യേക എഞ്ചിൻ ശബ്ദം. ആ ചെറിയ ഹോൺ. പിൻസീറ്റിൽ മൂന്ന് പേർ ഞെരുങ്ങിയിരുന്ന് പോകുന്ന യാത്രകൾ. ഡിക്കിയിൽ സാധനങ്ങൾ തിങ്ങി നിറച്ച് നാട്ടിൽ പോകുന്ന ഓണം.അതൊന്നും വെറും യാത്രകളായിരുന്നില്ല. അതായിരുന്നു നമ്മുടെ കുടുംബം.അതുകൊണ്ടാണ് ലോകം ഇന്ന് പറയുന്നത് ,മാരുതി 800 വെറുമൊരു കാറല്ല, ഇന്ത്യയുടെ ചരിത്രമാണ് എന്ന്.