പുതിയ ഭാവത്തിലും രൂപത്തിലും ഇന്ത്യൻ വിപണി കീഴടക്കാൻ എത്തിയിരിക്കുകയാണ് ഫോക്സ്വാഗണ് ടൈഗൂണ്‍ ഫെയ്സ്ലിഫ്റ്റ്. ഡിസൈനിലും സാങ്കേതികവിദ്യയിലും മെക്കാനിക്കൽ ഫീച്ചറുകളിലും വിപുലമായ മാറ്റങ്ങളുമായാണ് പുതിയ ടൈഗൂണ്‍ എത്തിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഹുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാക്ക്, മാരുതി ഗ്രാൻഡ് വിറ്റാര എന്നിവയുമായാണ് ടൈഗൂണ്‍ പ്രധാനമായും മത്സരിക്കുന്നത്.
പ്രീമിയം ലുക്ക്
പഴയ മോഡലുമായി താരതമ്യം ചെയ്യുന്പോൾ പുറംഭാഗത്ത് പ്രീമിയം ലുക്ക് നൽകുന്ന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മുൻഭാഗത്ത് ഗ്രില്ലിന്റെ വലുപ്പം കുറച്ച് കൂടുതൽ ഡിസൈൻ നൽകിയിരിക്കുന്നു. ഹെഡ്ലാന്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ എൽഇഡി ഡിആർഎൽ സ്ട്രിപ്പും ഇതിന്റെ നടുവിലായി ഇല്യൂമിനേറ്റഡ് ഫോക്സ്വാഗണ് ലോഗോയും കാറിന് പുതിയ ലുക്ക് നൽകുന്നു. കൂടുതൽ സ്പോർട്ടിയായ ബംപറാണ് പുതിയ മോഡലിലുള്ളത്. ഇതിൽ ഗ്ലോസി ബ്ലാക്ക്, ക്രോ ഇൻസെർട്ടുകൾ നൽകിയിട്ടുണ്ട്.
സൈഡ് പ്രൊഫൈലിൽ മാറ്റങ്ങൾ കുറവാണെങ്കിലും പുതിയ ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകൾ ശ്രദ്ധേയമാണ്. കൂടാതെ "ജിടി’ ബാഡ്ജിംഗ് ഫെൻഡറിൽനിന്നും വാതിലുകളിലേക്ക് മാറ്റിയിട്ടുണ്ട്. സീക്വൻഷ്യൽ ടേണ്‍ ഇൻഡിക്കേറ്ററുകളോട് കൂടിയ പുതിയ കണക്റ്റഡ് എൽഇഡി ടെയിൽ ലാന്പുകളാണ് പിൻഭാഗത്തെ പ്രധാന ആകർഷണം. പിന്നിലെ ഇപ്പോൾ ഇല്യൂമിനേറ്റഡ് ലോഗോയാണ്.
ലക്ഷ്വറി ഫീച്ചറുകൾ
ലക്ഷ്വറി ഫീച്ചറുകളാൽ സന്പന്നമാണ് ഇന്റീരിയർ. ക്യാബിനുള്ളിൽ ഡാഷ്ബോർഡ് ലേഒൗട്ടിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 10.1 ഇഞ്ച് വലിപ്പമുള്ള പുത്തൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും പൂർണമായും ഡിജിറ്റലായ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയുമാണുള്ളത്. വെന്റിലേറ്റഡ് സീറ്റുകൾക്കൊപ്പം ഇപ്പോൾ മസാജ് ഫംഗ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. വോയിസ് കമാൻഡുകൾക്കായി ആർട്ടിഫിഷൽ ഇന്റലിജൻസ് സഹായവും ലഭ്യമാക്കിയിട്ടുണ്ട്. പനോരമിക് സണ്‍റൂഫ്, വയർലെസ് ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.
സുരക്ഷയുടെ കാര്യത്തിൽ 5-സ്റ്റാർ റേറ്റിംഗുള്ള ഫോക്സ്വാഗണ് ടൈഗൂണ്‍ ഇപ്പോൾ എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേഡ് ആയി നൽകുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, എബിഎസ്, ഇബിഡി, മൾട്ടി കൊളീഷൻ ബ്രേക്കിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ് എന്നിവയും സുരക്ഷ ഉറപ്പാക്കുന്നു. പുതിയ മോഡലിൽ എല്ലാ വകഭേദങ്ങളിലും റിയർ വാഷർ, വൈപ്പർ എന്നിവ സ്റ്റാൻഡേർഡ് ആക്കി.
പുതിയ ഗിയർബോക്സ്
1.0 ലിറ്റർ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ എന്നീ രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് ടൈഗൂണ്‍ ഫെയ്സ്ലിഫ്റ്റ് എത്തുന്നത്. ഇതിൽ 1.0 ലിറ്റർ വേരിയന്റിൽ പഴയ ഓട്ടോമാറ്റിക് ഗിയർബോക്സിന് പകരം പുതിയ 8-സ്പീഡ് ടോർക്ക് കണ്‍വെർട്ടർ ഗിയർബോക്സ് ഫോക്സ്വാഗണ് അവതരിപ്പിച്ചു. ഇത് വാഹനത്തിന്റെ പെർഫോമൻസും സുഗമമായ ഗിയർ മാറ്റവും ഉറപ്പാക്കുന്നു. 1.5 ലിറ്റർ എൻജിൻ പതിപ്പിൽ 7-സ്പീഡ് ഡിഎസ്ജി ഗിയർബോക്സ് തുടരുന്നു.
ഇന്ധനക്ഷമത വർധന
പുതിയ സാങ്കേതികവിദ്യയുടെ സഹായത്താൽ വാഹനത്തിന്റെ ഇന്ധനക്ഷമതയിലും ചെറിയ വർധന ഉണ്ടായിട്ടുണ്ട്. ലിറ്ററിന് 18.85 കിലോമീറ്റർ മുതൽ 19.98 കിലോമീറ്റർ വരെ മൈലേജ് കന്പനി വാഗ്ദാനം ചെയ്യുന്നു. 11 ലക്ഷം രൂപ മുതൽ 19.30 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ എക്സ്ഷോറൂം വില.
വൈൾഡ് ചെറി റെഡ്, കാൻഡി വൈറ്റ്, ഡീപ്പ് പേൾ ബ്ലാക്ക്, ലാവ ബ്ലൂ, റിഫ്ളക്സ് സിൽവർ, കാർബണ്‍ സ്റ്റീൽ, കാർബണ്‍ സ്റ്റീൽ മാറ്റ് എന്നിവയ്ക്കു പുറമേ അവക്കാഡോ പേൾ, സ്റ്റീൽ ഗ്രേ എന്നിങ്ങനെയുള്ള പുതിയ നിറങ്ങളിലും ഫോക്സ്വാഗണ് ടൈഗൂണ്‍ ഫെയ്സ്ലിഫ്റ്റ് ലഭ്യമാണ്.
വില: 11 ലക്ഷം
റേഞ്ച് : 19.98 കിലോമീറ്റര്‍
Tags : Taigun Volkswagen new look feel