കോടഞ്ചേരി: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിംഗ് അസോസിയേഷന് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 2025ന്റെ 11-ാമത് എഡിഷന് ഇരിവഴഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നാളെ ആരംഭിക്കും.
27 വരെ നടക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ ഒന്‍പതിന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് നിര്‍വഹിക്കും. സമാപന സമ്മേളനം 27ന് വൈകുന്നേരം അഞ്ചിന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിക്കും. ഇലന്തുകടവിലാണ് സമാപന സമ്മേളനം.
നാളെ പുലിക്കയത്ത് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി തുടങ്ങിയവര്‍ പങ്കെടുക്കും.
സമാപന സമ്മേളനത്തില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധി, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്ര, ലിന്റോ ജോസഫ് എംഎല്‍എ, ഷീജ ശശി, സ്നേഹില്‍ കുമാര്‍ സിംഗ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ്, അലക്സ് തോമസ് ചെമ്പകശ്ശേരി, മുക്കം മുനിസിപ്പാലിറ്റി ചെയര്മാന് പി.ടി ബാബു, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു,
പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ, കെ.എ.ടി.പി.എസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബിനു കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുക്കും.
മത്സരിക്കാനായി ചിലി, ബെല്‍ജിയം, ഇറ്റലി, റഷ്യ, ന്യൂസിലാന്‍ഡ്, യുഎസ്എ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ താരങ്ങള്‍ ചാലിപുഴയിലും ഇരുവഴഞ്ഞിപുഴയിലും പരിശീലനം ആരംഭിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളും പങ്കെടുക്കും.