അക്കൗണ്ടന്റ് അറസ്റ്റിൽ, മുഖ്യപ്രതി വിദേശത്തേക്ക് കടന്നു
കൽപ്പറ്റ: തൊണ്ടർനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ കഴിഞ്ഞ രണ്ട് സാന്പത്തികവർഷത്തിനിടെ നടന്നത് ഏകദേശം 2.8 കോടി രൂപയുടെ തട്ടിപ്പ്.
വ്യക്തിഗത ആസ്തികൾ സൃഷ്ടിക്കുന്നതിന് നടപ്പാക്കിയ ആട്ടിൻകൂട്, കോഴിക്കൂട്, കിണർ തുടങ്ങിയ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുക കൂട്ടിക്കാണിച്ചും മെഷർമെന്റ് ബുക്കിൽ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയോളം തുകയ്ക്ക് ഫണ്ട് ട്രാൻസ്ഫർ ഓർഡർ നൽകി കരാറുകാരുടെയും മറ്റും അക്കൗണ്ടുകളിൽ പണം ലഭ്യമാക്കിയുമാണ് തട്ടിപ്പ് നടന്നത്.
ലോക്കൽ ഫണ്ട് ഓഡിറ്റിലും പെർഫോമൻസ് ഓഡിറ്റിലും കണ്ടെത്താതിരുന്ന തട്ടിപ്പ് അടുത്തിടെ മാനന്തവാടി എൻആർഇജി പ്രോജക്ട് ഓഫീസറുടെ പരിശോധനയിലാണ് ശ്രദ്ധയിൽപ്പെട്ടത്. തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനിയർ ജോജോ ജോണി, അക്കൗണ്ടന്റ് വി.സി. നിധിൻ, കരാറുകാരായ റാഷിദ്, നജീബ് സുബിൻ ജോസഫ്, പ്രസാദ്, ഷബീർ അലി തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് തട്ടിപ്പിനു പിന്നലെന്നാണ് പ്രാഥമിക വിവരം.
പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചതനുസരിച്ച് താത്കാലിക ജീവനക്കാരായ അക്രഡിറ്റഡ് എൻജിനിയർ, അക്കൗണ്ടന്റ്, ഓവർസീയർമാരായ പ്രിയ ഗോപിനാഥ്, റിയാസ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
സെക്രട്ടറിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത തൊണ്ടർനാട് പോലീസ് അന്വേഷണം നടത്തിവരികയാണ്. കേസിൽ ഉൾപ്പെട്ടതിൽ അക്കൗണ്ടന്റ് വി.സി. നിധിനെ ഇന്നലെ അറസ്റ്റുചെയ്തു. അക്രഡിറ്റഡ് എൻജിനിയർ ജോജോ ജോണി ദുബായിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. കരാറുകാരും ഓവർസീയർമാരും കേസിൽ പ്രതികളാണ്.
അറസ്റ്റിലായ വി.സി. നിധിൻ സിപിഎം വളവിൽ ബ്രാഞ്ച് കമ്മിറ്റിയംഗമാണ്. ഇയാളെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കി. കോണ്ഗ്രസ് ബന്ധമുള്ളയാളാണ് ജോജോ ജോണി. തട്ടിപ്പിൽ വിശദാന്വേഷണത്തിന് ജെപിസിക്ക് കത്ത് നൽകിയ പഞ്ചായത്ത് ഭരണസമിതി വെണ്ടർമാരായ കരാറുകാർക്ക് നൽകുന്നതിനുവേണ്ടി തട്ടിപ്പുസംഘം തയാറാക്കിയ 1.18 കോടി രൂപയുടെ ഫണ്ട് ട്രാൻസ്ഫർ ഓർഡർ മരവിപ്പിച്ചിട്ടുണ്ട്.
ഗുണഭോക്താവിന് നൽകിയതിലും വളരെ വലിയ തുക എസ്റ്റിമേറ്റിൽ കാണിച്ച് 160 കിണർ, 107 ആട്ടിൻകൂട്, 116 കോഴിക്കൂട് എന്നിവയുടെ ബില്ല് മാറിയത് എൻആർഇജി പ്രോജക്ട് ഓഫീസറുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കരാറുകാരെ വെണ്ടറാക്കി കയർ ഭൂവസ്ത്രം വാങ്ങുന്നതിനു മറവിലും ധനാപഹരണം നടന്നു.
എൽഡിഫ് ഭരണത്തിലാണ് തൊണ്ടർനാട് പഞ്ചായത്ത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഭരണസമിതിയിലെ എൽഡിഎഫ്, യുഡിഎഫ്, ബിജെപി അംഗങ്ങൾ പരസ്പരം കുറ്റപ്പെടുത്തി രംഗത്തുവന്നിട്ടുണ്ട്. താത്കാലിക ജീവനക്കാരിൽ ചിലരും കരാറുകാരും ചേർന്ന് തട്ടിപ്പ് നടത്തിയതിന് പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയുമാണ് യുഡിഎഫ് പഴിചാരുന്നത്.
തട്ടിപ്പിന് ഇവർ കൂട്ടുനിന്നുവെന്നു പ്രദേശത്തെ യുഡിഎഫ് നേതാക്കളായ എസ്.എം. പ്രമോദ്, കേളേത്ത് അബ്ദുറഹ്മാൻ, ടി. മൊയ്തു, കെ.വി. ബാബു, ആലിക്കുട്ടി ആറങ്ങാടൻ, സലിം അസ്ഹരി എന്നിവർ ആരോപിച്ചു. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും മാറ്റിനിർത്തി തട്ടിപ്പിൽ ഉന്നതതല അന്വേഷണം ഇവർ ആവശ്യപ്പെട്ടു.
ആസൂത്രിതവും ശാസ്ത്രീയവുമായാണ് തട്ടിപ്പ് നടത്തിയതെന്ന് യുഡിഎഫ് നേതാക്കൾ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും രാജി ആവശ്യപ്പെട്ട് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ഇവർ വ്യക്തമാക്കി. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരേ യുഡിഎഫ് നടത്തുന്നത് അപവാദപ്രചാരണമാണെന്നാണ് എൽഡിഎഫ് നിലപാട്.
പഞ്ചായത്ത് സെക്രട്ടറിയുടെയും അസിസ്റ്റന്റ് സെക്രട്ടറിയുടെയും ഡിജിറ്റൽ സിഗ്നേച്ചർ കൈവശപ്പെടുത്തിയും എംഐഎസ് സൈറ്റ് ദുരുപയോഗം ചെയ്തുമാണ് തട്ടിപ്പ് നടന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വൈസ് പ്രസിഡന്റ് എ.കെ. ശങ്കരൻ, സിപിഎം പ്രാദേശിക നേതാക്കളായ പി.എ. ബാബു, കെ. രവീന്ദ്രൻ, വേണു മുള്ളോട്ട് എന്നിവർ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിൽ മെറ്റീയൽ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയതും ടെൻഡർ നടപടികൾ അംഗീകരിച്ചതും യുഡിഎഫ്, ബിജെപി മെംബർമാർ ഉൾപ്പെടുന്ന ഭരണസമിതി ഐകകണ്ഠ്യേനയാണെന്ന് അവർ ചൂണ്ടിക്കാട്ടി. എംഐഎസ് സൈറ്റ് ഉപയോഗത്തിന് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും അനുവാദമില്ല. തട്ടിപ്പിനെക്കുറിച്ച് പോലീസിൽ പരാതി നൽകിയ സെക്രട്ടറി കേസിൽ പ്രതിയാകാൻ സാധ്യതയുണ്ടെന്നും സിപിഎം നേതാക്കൾ പറഞ്ഞു.