കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസത്തിന് കൽപ്പറ്റയ്ക്കു സമീരം സർക്കാർ ഏറ്റെടുത്ത എൽസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ അടിയന്തരമായി നൽകണമെന്ന് ഐഎൻടിയുസി മേഖല കണ്വൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
എസ്റ്റേറ്റിന്റെ ഭാഗം ടൗണ്‍ഷിപ്പിനുവേണ്ടി ഏറ്റെടുത്തത് തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെയാണ്. വിരമിച്ചവരടക്കം തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ കിട്ടാനുണ്ട്. തൊഴിൽ നഷ്ടമായ തൊഴിലാളികളും കുടുംബാംഗങ്ങളും ദുരിതത്തിലാണ്. തോട്ടം ഏറ്റെടുത്ത സാഹചര്യത്തിൽ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
എന്നാൽ സർക്കാരും തോട്ടം മാനേജ്മെന്റും പരസ്പരം പഴിചാരി തൊഴിലാളികളെ കൈയൊഴിയുകയാണ്. ടൗണ്‍ഷിപ്പിന് പ്രവൃത്തി നടക്കുന്ന ഭൂമിയിലെത്തി കേമത്തം പറയുകയും റീൽസ് എടുക്കുകയും ചെയ്യുന്ന ജനപ്രതിനിധികളടക്കമുള്ളവർ തൊഴിലാളികളുടെ ദുരിതം കണ്ടില്ലെന്നു നടിക്കുകയാണ്.
ടൗണ്‍ഷിപ്പ് നിർമാണം നടക്കുന്ന ഭൂമി കൈയേറി തൊഴിലാളികൾ അവകാശസമരം നടത്തുന്ന സാഹചര്യം സർക്കാർ ഒഴിവാക്കണമെന്നും കണ്വൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി. സുരേഷ്ബാബു, സി. ജയപ്രസാദ്, എൻ.കെ. ജ്യോതിഷ്കുമാർ,
ഗിരീഷ് കൽപ്പറ്റ, മോഹൻദാസ് കോട്ടക്കൊല്ലി, നജീബ് പിണങ്ങോട്, ആർ. ഉണ്ണിക്കൃഷ്ണൻ, താരിഖ് കടവൻ, ഹർഷൽ കോന്നാടൻ, കെ. അജിത, ആയിഷ പള്ളിയാൽ, ആർ. രാമചന്ദ്രൻ, സി.സി. തങ്കച്ചൻ, എം. ഉണ്ണിക്കൃഷ്ണൻ, പി.എം. ജോസ്, തങ്കച്ചൻ പടിഞ്ഞാറത്തറ എന്നിവർ പ്രസംഗിച്ചു.