തൊടുപുഴ: മൺസൂൺ ടൂറിസത്തിൽ പ്രതീക്ഷയർപ്പിച്ചിരുന്നവർക്ക് നിരാശ. പ്രതീക്ഷിച്ചതിനേക്കാൾ കനത്ത മഴ തുടർച്ചയായി പെയ്തതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർ പതിവുപോലെ എത്തിയില്ല. ജൂൺ, ജൂലൈ മാസങ്ങളിലെ കണക്കിൽ കഴിഞ്ഞ വർഷത്തേക്കാൾ 1.24 ലക്ഷം പേരുടെ കുറവ്.
തീവ്രമഴ മുന്നറിയിപ്പുകൾ മൂലം പല ദിവസങ്ങളിലും ടൂറിസം കേന്ദ്രങ്ങൾ അടച്ചിടേണ്ടി വന്നു. ഒാറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചാൽ അപകട സാധ്യത ഒഴിവാക്കാനായി ടൂറിസം കേന്ദ്രങ്ങൾ അടച്ചിടണമെന്നാണ് നിർദേശം.
ഒാഫ് റോഡിലും കുരുങ്ങി
മണ്‍സൂണ്‍ കാലത്തെ തണുപ്പും കാലാവസ്ഥയും ആസ്വദിക്കാൻ മൂന്നാർ, വാഗമണ്‍ പോലെയുള്ള കേന്ദ്രങ്ങളിലേക്കാണ് സഞ്ചാരികൾ ഒഴുകിയെത്താറുള്ളത്. ഹോട്ടലുകളിലും റിസോർട്ടുകളിലും മുൻകൂർ ബുക്കിംഗും ലഭിക്കാറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ സഞ്ചാരികൾ ഇല്ലാത്തതു മൂലം പല റിസോർട്ടുകളും കോട്ടേജുകളും അടച്ചിടേണ്ടി വന്നു. മഴ മുന്നറിയിപ്പുകളാണ് സഞ്ചാരികളെ പിന്തിരിപ്പിച്ചത്. ഇതിനിടെ, മറ്റൊരു പ്രധാന ആകർഷണമായിരുന്ന ഓഫ് റോഡ് സഫാരി നിരോധിച്ചതും തിരിച്ചടിയായി.
പ്രവേശന വിലക്ക്
മൂന്നാർ മാട്ടുപ്പെട്ടി ഡാമിൽ ജൂണിൽ 4,058 പേരും ജൂലൈയിൽ 4,428 പേരുമാണ് സന്ദർശിച്ചത്. ബോട്ടിംഗ് നിരോധിച്ചതോടെ ജൂണിൽ 12 ദിവസവും ജൂലൈയിൽ 10 ദിവസവും ടൂറിസം കേന്ദ്രം അടച്ചിട്ടു. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ 17460, 11870 എന്നിങ്ങനെയാണ് രണ്ടു മാസങ്ങളിൽ എത്തിയവരുടെ കണക്ക്. ജൂലൈയിൽ നാലു ദിവസം പ്രവേശനമില്ലായിരുന്നു.
വാഗമണ്‍ മൊട്ടക്കുന്നിൽ ജൂണ്‍- ജൂലൈയിൽ 89,763 പേരെത്തി. ജൂലൈയിൽ ഒരു ദിവസം ഇവിടെ പ്രവേശനം നിരോധിച്ചിരുന്നു. വാഗമണ്‍ അഡ്വഞ്ചർ പാർക്ക് 53,097 പേരാണ് സന്ദർശിച്ചു. ജൂണിൽ നാലു ദിവസവും ജൂലൈയിൽ രണ്ടു ദിവസവും അഡ്വഞ്ചർ പാർക്ക് അടച്ചിട്ടു. ഇരവികുളം ദേശീയോദ്യാനം, രാമക്കൽമേട്, ഇടുക്കി ഹിൽവ്യു പാർക്ക്, പാഞ്ചാലിമേട്, അരുവിക്കുഴി, ശ്രീനാരായണപുരം, ആമപ്പാറ എന്നിവിടങ്ങളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വിനോദസഞ്ചാരികൾ കുറഞ്ഞു.
ബുക്കിംഗുകൾ റദ്ദായി
മൂന്നാർ ദേശീയ പാതയിൽ പതിവായുണ്ടാകുന്ന മണ്ണിടിച്ചിലും ഇതേത്തുടർന്നുള്ള ഗതാഗത നിരോധനവും സഞ്ചാരികളെ മടുപ്പിച്ചു. കാലവർഷക്കാലത്തെ ചെറിയ പ്രകൃതിദുരന്തങ്ങൾ പോലും വലിയ വാർത്തയായി മാറുന്നതും മഴക്കാലത്ത് ഇത്തരം പ്രദേശങ്ങളിൽനിന്നു വിട്ടുനിൽക്കാൻ അവർക്കു പ്രേരണയാകുന്നുണ്ട്.
മണ്‍സൂണ്‍ സീസണിൽ കേരളത്തിനു പുറത്തുള്ള വിനോദ സഞ്ചാരികളാണ് കൂടുതലായി എത്തുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവരാണ് മൂന്നാറിലും മറ്റും ഈ സീസണിൽ എത്തുന്നവരിലേറെയും. എന്നാൽ, കാലാവസ്ഥ അനൂകൂലമല്ലാത്തതിനാൽ വിദേശ രാജ്യങ്ങളിൽനിന്നുള്ളവരുടെ വരവു കുറഞ്ഞു. ഇതുമൂലം ചെറുകിട കച്ചവടക്കാർ പോലും പ്രതിസന്ധിയിലായി.
സന്ദർശകരുടെ കുറവുമൂലം ഈ വർഷം പല റിസോർട്ടുകളും പൂർണമായി അടച്ചിടേണ്ടി വന്നെന്ന് മൂന്നാർ ഹോം സ്റ്റേ, കോട്ടേജ് ആൻഡ് ലോഡ്ജ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പി.ആർ. ജയിൻ പറഞ്ഞു. മഴക്കാലത്ത് അലർട്ടുകൾ പ്രഖ്യാപിക്കുന്ന പതിവ് മുന്‍പുണ്ടായിരുന്നില്ല. ഇപ്പോൾ മുൻകൂട്ടി മഴ മുന്നറിയിപ്പു വരുന്നതിനാൽ ബുക്കിംഗുകൾ വ്യാപകമായി റദ്ദാകുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.