ആർക്കും പ്രയോജനമില്ലാതെ 402 ബെഡുകൾ
തൊടുപുഴ: കിടക്കകൾ ഉണ്ടെങ്കിലും കിടത്തിച്ചികിത്സയില്ലാതെ ജില്ലയിലെ സർക്കാർ ആശുപത്രികൾ. കിടത്തിച്ചികിത്സ നിലച്ചതോടെ 211 കുടുംബാരോഗ്യ കേന്ദ്രങ്ങളിലായി 402 കിടക്കകളാണ് പ്രയോജനമില്ലാതെ നശിക്കുന്നത്.
ജില്ലയിൽ 24 കുടുംബാരോഗ്യ കേന്ദ്രങ്ങളിലായി കിടത്തിച്ചികിത്സ നൽകാനായി 504 കിടക്കകളുണ്ട്. എന്നാൽ, മൂന്നു കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മാത്രമേ കിടത്തിച്ചികിത്സയുള്ളൂ. ഇവിടെയുള്ളത് 102 കിടക്കകളാണ്. ഇവിടെയും പേരിനു മാത്രമാണ് രോഗികൾക്ക് കിടത്തിച്ചികിത്സ ലഭിക്കുന്നത്. നിലവിൽ കുമളി, ചിത്തിരപുരം, വണ്ടൻമേട് എന്നി ആശുപത്രികളിൽ മാത്രമാണ് കിടത്തിച്ചികിത്സയുള്ളത്.
ഹൈറേഞ്ചിലാണ് കിടക്കകളുള്ള ഭൂരിഭാഗം കുടുംബാരോഗ്യകേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. കിടത്തിച്ചികിത്സയുള്ള സ്വകാര്യ ആശുപത്രികൾ കുറവായ മേഖലകളിൽ സർക്കാർ ആശുപത്രികളാണ് ജനങ്ങളുടെ ഏക ആശ്രയം. ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കർഷകരും ആദിവാസികളും തോട്ടം തൊഴിലാളികളും ഉൾപ്പെടെയുള്ളവരാണ് ചികിത്സതേടിയെത്തുന്നത്. എന്നാൽ, ഭൂരിപക്ഷം ആശുപത്രികളിലും ഐപി വിഭാഗം നിർത്തിയത് ഇവരെയെല്ലാം പ്രതിസന്ധിയിലാക്കി.
ഈ ആശുപത്രികൾ എല്ലാം നേരത്തേ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായിരുന്നു. അതിനാൽ ജീവനക്കാരും കുറവായിരുന്നു. എങ്കിലും പരിമിതമായ സൗകര്യത്തിലും ഇത്തരം ആശുപത്രികളിൽ കിടത്തി ച്ചികിത്സ ലഭിച്ചിരുന്നു. പിന്നീട് ഘട്ടംഘട്ടമായി പല ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രമായി മാറി. തസ്തികകളുടെ എണ്ണം കൂടി. കൂടുതൽ സേവനത്തിനായി പഞ്ചായത്തുകളും ഡോക്ടർമാരെ പ്രത്യേകമായി നിയമിച്ചു.
എന്നാൽ, പിന്നീട് കൂടുതൽ ആശുപത്രികളിലും ഒരു കാരണവും കൂടാതെ കിടത്തിച്ചികിത്സ നിലച്ചു. കുടുംബരോഗ്യ കേന്ദ്രം ആകുന്നതോടെ വൈകുന്നേരം ആറുവരെ ഒപി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചാണ് കിടത്തിച്ചികിത്സ നിർത്തിയത്.
എന്നാൽ, വൈകുന്നേരം വരെയുള്ള ഒപി പോലും ഫലപ്രദമായി നടപ്പായില്ല. മിക്ക കുടുംബരോഗ്യ കേന്ദ്രങ്ങളിലും രണ്ടു ഡോക്ടർമാർ, ഒന്നു വീതം സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷൻ എന്നിങ്ങനെ അധികമായി നിയമനം നടത്തി. എന്നാൽ, ജീവനക്കാരുടെ എണ്ണം കൂടിയെങ്കിലും രോഗികൾക്ക് സേവനം ലഭ്യമായില്ല. ഉച്ചകഴിയുന്നതോടെ ഡോക്ടർമാർ ആശുപത്രിയിൽനിന്നു പോകും. മുട്ടം, ഉപ്പുതറ, ചിത്തിരപുരം, പുറപ്പുഴ, അറക്കുളം തുടങ്ങി വിവിധയിടങ്ങളിൽ മൂന്നിൽ കൂടുതൽ ഡോക്ടർമാരും നഴ്സുമാരും ഉണ്ടായിട്ടും രോഗികൾക്ക് പ്രയോജനമില്ല.
ജില്ലയിൽ 51 കുടുംബാരോഗ്യ കേന്ദ്രങ്ങളാണുള്ളത്. ഇതിൽ ആറു വരെയുള്ള സായാഹ്ന ഒപിയുള്ളത് മൂന്നിടത്തു മാത്രമാണ്. കൊന്നത്തടി, രാജകുമാരി, ബൈസണ്വാലി എന്നീ ആശുപത്രികളിലാണ് ഈ സേവനം ലഭിക്കുന്നത്.
അറക്കുളം, പുറപ്പുഴ, രാജാക്കാട്, കുമാരമംഗലം, വണ്ണപ്പുറം എന്നിവിടങ്ങളിൽ നാലു വരെ ഒപിയുണ്ട്. ബാക്കി ആശുപത്രികളിലും സായാഹ്ന ഒപി തുടങ്ങിയാൽ ദിവസവേതനത്തിനു ജോലി ചെയ്യുന്നവർക്ക് ഏറെ ആശ്വാസമാകും. ഇതിനിടെ മുടങ്ങിപ്പോയ കിടത്തിച്ചികിത്സ പുനഃസ്ഥാപിക്കാനോ സായാഹ്ന ഒപി തുടങ്ങാനോ മിക്ക പഞ്ചായത്തുകളും ആരോഗ്യ വകുപ്പിൽ സമ്മർദം ചെലുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കൽ ഓഫീസും ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തുന്നുമില്ല.
ആശുപത്രികളിലെ കിടക്കകളുടെ എണ്ണം
ദേവികുളം - 10
മുട്ടം - 16
കരുണാപുരം - 24
വാത്തിക്കുടി - 24
കരിമണ്ണൂർ - 24
കോടിക്കുളം - 24
കാമാക്ഷി - 10
കുമളി - 24
അറക്കുളം - 24
കുമാരമംഗലം - 24
അയ്യപ്പൻകോവിൽ -24
കൊക്കയാർ - 24
വാഴത്തോപ്പ് -10
ഇളംദേശം -24
കാഞ്ചിയാർ -24
ഉടുന്പൻചോല -10
കഞ്ഞിക്കുഴി - 24
പുറപ്പുഴ - 8
പെരുവന്താനം - 4
രാജകുമാരി - 24
രാജാക്കാട് - 16
ചിത്തിരപുരം - 34
വണ്ടൻമേട് - 44
ഉപ്പുതറ - 30