പാലക്കാട്: കാർഷികമേഖല ലാഭകരമാക്കുന്നതിൽ ജലസംരക്ഷണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. പനപർവം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ ജൂണ്‍ അഞ്ചു മുതൽ സെപ്തംബർ 30 വരെ 10 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക, വംശനാശഭീഷണി നേരിടുന്ന കരിന്പനകളെ തിരിച്ചു കൊണ്ടുവരിക എന്ന ദൗത്യത്തിന്റെയും ഭാഗമായാണ് പനപർവം പദ്ധതി നടപ്പാക്കുന്നത്.
ജലസംരക്ഷണത്തിന്റെ ഭാഗമായി ചിറ്റൂർ മണ്ഡലത്തിൽ 19 തടയണകൾ നിർമിക്കാൻ സാധിച്ചെന്നും ഈ ജലം ഉപയോഗിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ പ്രിസിഷൻ ഫാമിംഗ് നടക്കുന്നത് ഇവിടെയാണെന്നും മന്ത്രി പറഞ്ഞു. തൃത്താല മണ്ഡലത്തിലെ വേസ്റ്റ് മാനേജ്മെന്റ് ഗൗരവമായി കണ്ട് ചിറ്റൂർ മണ്ഡലത്തിൽ എങ്ങനെ പ്രായോഗികമാക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് പഠിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാലക്കാട് വിക്ടോറിയ കോളജിലെ എൻഎസ്എസ് യൂണിറ്റ് ശേഖരിച്ച പനവിത്തുകൾ മന്ത്രിക്ക് പരിപാടിയിൽ വെച്ച് കൈമാറി.
ഹോർത്തൂസ് ട്രൈബലിക്കസ്
പ്രദർശനം ശ്രദ്ധേയമായി
അഗളി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൂക്കംപാളയം ഗവ. യുപി സ്കൂളിൽ നടത്തിയ ഹോർത്തൂസ് ട്രൈബലിക്കസ് പ്രദർശനം ശ്രദ്ധേയമായി. അട്ടപ്പാടിയുടെ ആദിവാസി ചികിത്സാ പാരന്പര്യവുമായി ബന്ധപ്പെട്ട അഞ്ഞൂറോളം ഔഷധസസ്യങ്ങളുടെ ചിത്രപ്രദർശനമാണ് ഒരുക്കിയത്. സ്വതന്ത്രഗവേഷകനായ ഡോ.എ.ഡി. മണികണ്ഠൻ ഒരുക്കിയ ചിത്രപ്രദർശനം കുട്ടികൾക്കു അക്ഷരാർഥത്തിൽ കൗതുകമായി. അട്ടപ്പാടിയുടെ പൈതൃക അറിവുകൾ അട്ടപ്പാടിയിലെ കുട്ടികളിലെത്തിക്കുക എന്നതായിരുന്നു പ്രദർശനത്തിന്റെ ലക്ഷ്യം. സ്കൂൾ ഹെഡ്മാസ്റ്റർ ജോസഫ് ആന്റണി, അധ്യാപകരായ വി.പി. മൻസൂർ, പ്രസാദ് എന്നിവർ പ്രദർശനത്തിനു നേതൃത്വം നൽകി.
വടക്കഞ്ചേരി പഞ്ചായത്ത്തല ഉദ്ഘാടനം
വടക്കഞ്ചേരി: പരിസ്ഥിതി ദിനാചരണത്തിന്റെ വടക്കഞ്ചേരി പഞ്ചായത്ത്തല ഉദ്ഘാടനം മംഗലം മൂച്ചിതൊടി പച്ചതുരുത്തിൽ പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി ഷാജി, മെംബർമാരായ എ.എം. സേതു, കെ. മോഹൻദാസ്, ഉഷാകുമാരി, ബിഎംസി കൺവീനർ കെ.എം. രാജു, ജൂണിയർ എൻജിനീയർ ശ്രീവിദ്യ, ഹെൽത്ത് ഇൻസ്പെക്ടർ രാജഗോപാൽ, എൻജിനീയർ ഫിനോയ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. കുമാരൻ, ഡിഎംസി മെംബർ ഡയാന, വോളന്റിയർമാരായ ദിവ്യ, രഞ്ജിത, ശരണ്യ തുടങ്ങിയവർ പങ്കെടുത്തു.
ജൻശിക്ഷൻ സൻസ്ഥാൻ
പാലക്കാട്: കേന്ദ്രതൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ഒൗദ്യോഗിക തൊഴിൽ പരിശീലനസ്ഥാപനമായ ജൻശിക്ഷൻ സൻസ്ഥാൻ പാലക്കാട്, ടൗണ്‍ റെയിൽവേസ്റ്റേഷൻ, ലീഡ് ബാങ്ക് എന്നിവർ സംയുക്തമായി ലോക പരിസ്ഥിതിദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ടൗണ്‍ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച ആചരണത്തിൽ പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ബോധവത്കരണവും സ്റ്റേഷൻ പരിസര ശുചീകരണവും ഫലവൃക്ഷ തൈകളുടെ നടീലും വിതരണവും സംഘടിപ്പിച്ചു.
ചടങ്ങിൽ റെയിൽവേ ട്രാഫിക് ഇൻസ്പെക്ടർ ബിനോയ് ജോർജ്, റെയിൽവേ ഡിവിഷൻ സീനിയർ സെഷൻ എൻജിനീയർ ജോണ്സണ്, ടൗണ്‍ സ്റ്റേഷൻ സൂപ്രണ്ട് എം.എ. മനോജ്, ആർപിഎഫ് ഓഫീസർ എം.ഡി. സണ്ണി, ജില്ലാ ലീഡ് ബാങ്ക് മാനേജർ അനിൽകുമാർ, ലീഡ് ബാങ്ക് ഓഫീസർ രൂപലേഖ, പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ, ജെഎസ്എസ് ഡയറക്ടർ സിജു മാത്യു പ്രസംഗിച്ചു. ജെഎസ്എസ് പാലക്കാടിന്റെ ഈ വർഷത്തെ തൊഴിൽപരിശീലനബാച്ചുകളിലെ അന്‍പതിലധികം പഠിതാക്കൾ സംബന്ധിച്ചു.
ജെഎസ്എസ് ഉദ്യോഗസ്ഥരായ ജോയ് ജോസഫ്, ശ്വേത, ലൂയിസ് ജോർജ്, സുഹാസിനി, സോന പരിശീലകരായ ആതിര, പ്രഭ പരിപാടിക്ക് നേതൃത്വം നൽകി.
പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ
കാഞ്ഞിരപ്പുഴ: പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ ഉദ്ഘാടനം ചെയ്തു. നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ കൽപ്പകം പരിപാടിയുടെ ഭാഗമായി സ്കൂൾ കോന്പൗണ്ടിൽ തെങ്ങിൻതൈകൾ നടുകയും സ്കൂൾ പരിസരങ്ങളിലും പൊതു സ്ഥലങ്ങളിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്കൂൾപരിസരത്തും പൊതു സ്ഥലങ്ങളിലും ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ കൃഷിക്ക് തുടക്കംകുറിച്ചു. വിദ്യാർഥികൾക്കായി നടത്തിയ പരിസ്ഥിതിദിന സെമിനാറിന് കാഞ്ഞിരപ്പുഴ കൃഷി ഓഫീസർ സഫീന നേതൃത്വം നൽകി. എൻഎസ്എസ് ലീഡർ ശ്വേത പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ പി. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് ടി. സബിത, പിടിഎ പ്രസിഡന്റ് കെ.എസ.് സുനേഷ്, അധ്യാപകരായ ദിവ്യ അച്യുതൻ, ടി. രാധാകൃഷ്ണൻ, മൈക്കിൾ ജോസഫ്, മഞ്ജു പി. ജോയ്, എച്ച്. അനീസ്, കെ.സി. മുരുകൻ, അനീഷ, ലീഡർമാരായ ഹൃദ്യ കൃഷ്ണ, എ. നന്ദു കൃഷ്ണൻ, ഗ്ളാഡ്വിൻ സിജിൻ, എൻ. ദിയ ഫാത്തിമ, എൻ. അർജുൻ എന്നിവർ നേതൃത്വം നൽകി.
പിഎസ്എസ്പി ജില്ലാ വിമണ്‍സ് ഫെഡ്
പാലക്കാട്: പീപ്പിൾസ് സർവീസ് സൊസൈറ്റിയുടെ ജില്ലാ വിമണ്‍സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഓഫീസ് കാന്പസിൽ വൃക്ഷതൈ നട്ട് പരിസ്ഥിതിദിനം ആചരിച്ചു. പിഎസ്എസ്പി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോണ്സണ് വലിയപാടത്ത്, വിമണ്‍സ് ഫെഡറേഷൻ പ്രസിഡന്റ് മഞ്ജു ബിനു, പിഎസ്എസ്പി ട്രഷറർ സി. മാഗി, സ്റ്റാഫ് അംഗങ്ങൾ, ജില്ലാ ഫെഡ് അംഗങ്ങൾ പങ്കെടുത്തു.
ആയക്കാട് സിഎ സ്കൂളിൽ
വടക്കഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ആയക്കാട് സിഎ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണ പരിപാടികൾ നടന്നു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.കെ.പി. ശ്രീകല ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ലെനിൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.ആർ. ജ്യോതി, ഹെഡ്മിസ്ട്രസ് ജയവല്ലി, പ്രിൻസിപ്പൽ അനൂപ്, സ്റ്റാഫ് സെക്രട്ടറി അസനാർകുട്ടി, അസിസ്റ്റന്റ് കൃഷി ഓഫീസർ എം. ദാവൂദ്, പെസ്റ്റ് സ്കൗട്ട് എം. ഷീജ എന്നിവർ പ്രസംഗിച്ചു.
മംഗലംഡാം ലൂർദ്മാതാ സ്കൂളിൽ
മംഗലംഡാം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മംഗലംഡാം ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ കല്പകം 2025 പരിപാടി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. എം. മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഡിനോയ് കോമ്പാറ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ആൽഫിൻ, എൻഎസ്എസ് ലീഡർ ജിതിൻ ബൈജു എന്നിവർ പ്രസംഗിച്ചു. സ്കൂൾ കോമ്പൗണ്ടിലും മംഗലംഡാം പോലീസ് സ്റ്റേഷനിൽ സിഐ ബിബിൻ മാത്യുവിന്റെ നേതൃത്വത്തിലും തെങ്ങിൻതൈ നടീൽ നടന്നു. വിദ്യാർഥികൾക്ക് വിത്തുകളും ഫലവൃക്ഷ തൈകളും വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള വിവിധ പരിപാടികളും വിദ്യാർഥികൾ അവതരിപ്പിച്ചു.
മംഗലംഡാം സെന്റ് സേവിയേഴ്സ്
സെൻട്രൽ സ്കൂളിൽ
മംഗലംഡാം: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മംഗലംഡാം സെന്റ് സേവിയേഴ്സ് സെൻട്രൽ സ്കൂളിൽ നടന്ന പരിപാടികൾ മംഗലംഡാം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് ഹാഷിം തൈനട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. സിബിൻ തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ജാൻസി ഷാജി, അഖില എലിസബത്ത്, റോസ്റ്റ്യാനോ മാത്യു റോഷൻ, ആഗ്നൻ ബിനോയ് എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പദ്യംചൊല്ലൽ, മൂകാഭിനയം, പ്രച്ഛന്നവേഷ മത്സരങ്ങൾ, ഡിജിറ്റൽ പോസ്റ്റർ നിർമാണം, ആൽബം നിർമിക്കൽ, ചിത്ര നിർമാണം എന്നിവ നടന്നു.
വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ്
ഹയർ സെക്കൻഡറി സ്കൂളിൽ
വടക്കഞ്ചേരി: ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന കല്പകവൃക്ഷ തൈനടീലിന്റെ ഉദ്ഘാടനം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി ഷാജി നിർവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ആഗ്നൽ ഡേവിഡ്, അധ്യാപിക സിസ്റ്റർ ഡീന, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സോജ, മുൻ ഓഫീസർ വി.പി. ഷീനടീച്ചർ എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് വോളന്റിയർമാരും ഗൈഡ്സും വടക്കഞ്ചേരി ടൗണിൽ പരിസ്ഥിതി സംരക്ഷണ റാലിയും നടത്തി.
ഓയിസ്ക പാലക്കാട് ചാപ്റ്റർ
പാലക്കാട്: ഓയിസ്ക പാലക്കാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കാണിക്കമാത സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് എ. സുരേന്ദ്രൻ അധ്യക്ഷനായി. പ്രഫ.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. നിർമൽ പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് നടന്ന ക്വിസ്മത്സര വിജയികൾക്ക് സമ്മാനം നൽകി. സെക്രട്ടറി സാവിത്രി വത്സൻ, ട്രഷറർ ഡോ
. സൗദാമിനി മേനോൻ, മുൻ പ്രസിഡന്റ് പി.എം. ശ്രീവൽസൻ എന്നിവർ പ്രസംഗിച്ചു.
ജവഹർ നവോദയ വിദ്യാലയത്തിൽ സാവിത്രി വൽസന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സുധാമണി ഉദ്ഘാടനം ചെയ്തു. പ്രഫ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ടീച്ചേഴ്സ് കോ-ഓർഡിനേറ്റർ സരിത പ്രസംഗിച്ചു.
ഭാരതമാത ഹയർസെക്കൻഡറി സ്കൂളിൽ പ്രസിഡന്റ് എ. സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈൽഡ് ലൈഫ് എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ മനോജ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്ഐസി എൻവയോൺമെന്റൽ പ്രോഗ്രാം ഡയറക്ടർ പ്രഫ. കെ സുരേഷ് ബാബു, ടി. ശ്രീധരൻ വൈസ് പ്രസിഡന്റ് സിഎഫ്പി കണ്‍വീനർ ഡോ.കെ. സുരേഷ് പ്രസംഗിച്ചു.
ചിറ്റൂർ ഗവ. കോളജിൽ
ചിറ്റൂർ: ലോക പരിസ്ഥിതിദിനത്തിൽ വിവിധ പഞ്ചായത്തുകളിൽ ബിഎംസി കളുടെ നേതൃത്വത്തിൽ വച്ചുപിടിപ്പിക്കുന്നതിനായി സൗജന്യത്തൈകൾ വിതരണം ചെയ്തു. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ കോളജ് കാമ്പസിൽ വളർത്തിയെടുത്ത പതിനായിരത്തോളം തൈകളാണ് വിതരണം ചെയ്തത്. ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി, പെരുമാട്ടി, പട്ടഞ്ചേരി, പൊൽപ്പുള്ളി, പെരിങ്ങോട്ടുകുറിശി, പാലപ്പുറം പഞ്ചായത്തുകൾക്കാണ് തൈകൾ കൈമാറിയത്.