ഒറ്റപ്പാലം: കാർഷികമേഖലയിൽ വൻമുന്നേറ്റം നടത്തിവരുന്ന വല്ലപ്പുഴക്ക് തിലകക്കുറിയായി കാർഷികകർമസേനക്ക് പുരസ്കാരം. ജനങ്ങളിൽ കാർഷികസംസ്കാരം വളർത്തുന്നതിനും യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും ഇവർ പ്രവർത്തിച്ചു വരുന്നുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വഴി തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ഉദാത്തലക്ഷ്യവുമായി കാർഷികമേഖലയിൽ പല നൂതനകൃഷിരീതികളും ഇവർ നടപ്പാക്കി.
യന്ത്രവത്കരണത്തിന്റെ സാധ്യതകളെയും പരമാവധി പ്രയോജനപ്പെടുത്തി. ഇതെല്ലാം തന്നെയാണ് ഈ കാർഷികകർമസേന കൃഷിക്കൂട്ടത്തിന്റെ വിജയമന്ത്രവും. മൾച്ചിംഗ് മെഷീൻ, റോക്കർ സ്പ്രയർ, നെല്ലു പാറ്റുന്ന യന്ത്രം, വളങ്ങൾ പൊടിക്കുന്ന യന്ത്രം, നിലം പൂട്ടൽ, തെങ്ങിന് തടം തുറക്കൽ തുടങ്ങിയ സേവനങ്ങൾ കർഷകരിലേക്ക് കുറഞ്ഞ നിരക്കിൽ എത്തിക്കാൻ കാർഷികകർമസേന കൃഷിക്കൂട്ടം സഹായംചെയ്ത് പോരുന്നുണ്ട്.
ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം മനസിലാക്കി ഒരു കുടുംബത്തിന്റെ അടുക്കള തോട്ടത്തിന് ആവശ്യമായ പച്ചക്കറി തൈകൾ, പഴവർഗ തൈകൾ, ജൈവവളങ്ങൾ, പോട്ടിംഗ് മിച്ചർ, ജൈവ കീടനാശിനികൾ, ചകിരിച്ചോറ് കമ്പോസ്റ്റ്, സമ്പുഷ്ടീകരിച്ച ചാണകം എന്നിവ കർഷകരുടെ ആവശ്യപ്രകാരം ചെയ്ത് നൽകുന്നുമുണ്ട്. വല്ലപ്പുഴ കാർഷികകർമസേനയിൽ 14 ടെക്നീഷ്യൻസും ഒരു സൂപ്പർവൈസറുമുണ്ട്. 2019 ൽ ആരംഭിച്ച കാർഷികകർമസേന തരിശ് നിലം കൃഷിയോഗ്യമാക്കി നെൽകൃഷി ചെയ്തു പോരുന്നതിലും ശ്രദ്ധയൂന്നുന്നു.
കൂടാതെ തണ്ണിമത്തൻ, കുമ്പളം, മത്തൻ, സൂര്യകാന്തി, ചെണ്ടുമല്ലി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കെ. സുരേഷ്കുമാർ പ്രസിഡന്റും സി. സുബ്രഹ്മണ്യൻ സെക്രട്ടറിയും എൻ.സന്തോഷ്കുമാർ സംഘടനയുടെ ട്രഷററുമാണ്. സൂപ്പർവൈസർ അഭിറാമാണ്. എസ്. നാരായണൻ, അനൂപ്, ജയരാജൻ, ജയപ്രസാദ്, മുഹമ്മദ് മുസ്തഫ, അബൂബക്കർ സിദ്ധിക്ക്, അലി അക്ബർ, ഉമ്മർ, സരസ്വതി, സുനിത, പാർവതി, വിലാസിനി എന്നിവരാണ് അംഗങ്ങൾ.