കൊച്ചി: രണ്ടു ഹൃദയങ്ങളെ ഒന്നാക്കി, അതിലൂടെ പുതിയ കുടുംബത്തിന്റെ പിറവിക്കു തിരിതെളിച്ച സുകൃത സപര്യയ്ക്ക് 30 വയസ്. കേരളത്തിന്റെ മാട്രിമോണി രംഗത്ത് വിശ്വസ്തതയുടെയും മികവിന്റെയും അടയാളം കുറിച്ച ചാവറ മാട്രിമോണി, രണ്ടു ലക്ഷത്തോളം വിവാഹങ്ങൾക്കു വഴിയൊരുക്കിയാണ് അഭിമാനകരമായ 30 വർഷം പൂർത്തിയാക്കുന്നത്.
എറണാകുളത്ത് തുടക്കമിട്ട ചാവറ മാട്രിമോണി മൂന്നു പതിറ്റാണ്ടുകൊണ്ടു വളര്‍ന്നു പന്തലിച്ച് കേരളമാകെ തിളങ്ങി, ഇന്ത്യയില്‍ തന്നെ ഒന്നാമതുള്ള മാട്രിമോണിയല്‍ സംരംഭമായി മാറി. നല്ല കുടുംബം ആകാശമോക്ഷത്തിന് സദൃശ്യം എന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ ദര്‍ശനത്തെ വെളിച്ചമാക്കിയാണ് 1996ല്‍ ചാവറ മാട്രിമോണിയുടെ തുടക്കം. ക്രിസ്തീയ വിശ്വാസത്തില്‍ അധിഷ്ഠിതമായും ധാര്‍മിക മൂല്യങ്ങളില്‍ അടിയുറച്ചും കുടുംബങ്ങളെ രൂപപ്പെടുത്താന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസ്ഥാനം ആരംഭിച്ചത്.
സിഎംഐ സഭയുടെ കുടുംബ പ്രേഷിതവിഭാഗത്തിന്റെ ഭാഗമായി എറണാകുളത്തെ ചാവറ കള്‍ച്ചര്‍ സെന്ററിനു കീഴില്‍ ആരംഭിച്ചതാണു ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്ററും ചാവറ മാട്രിമോണിയും. ഫാ. ജോബ് മൈലാടിയില്‍ സിഎംഐ ഡയറക്ടറായിരിക്കെയാണ് ചാവറ മാട്രിമോണിയുടെ തുടക്കം. അമേരിക്കയില്‍ ഉള്‍പ്പെടെ 32 ബ്രാഞ്ചുകളുമായി ചാവറ മാട്രിമോണി ഇന്നു പ്രഫഷണൽ സേവനം നൽകി പുതിയ ഉയരങ്ങളിലാണ്. നാലു ലക്ഷത്തോളം സംതൃപ്ത കുടുംബങ്ങളും ഏഴു ലക്ഷത്തിലധികം മികച്ച പ്രൊഫൈലുകളുമായി മുന്നേറുന്നു.
ചാവറ മാട്രിമോണിയുടെ 30-ാം വാര്‍ഷികാഘോഷം ഇന്നു വൈകുന്നേരം 5.30ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ തിയറ്റര്‍ ഹാളില്‍ നടി ഷീല ഉദ്ഘാടനം ചെയ്യും. ചാവറ കള്‍ച്ചറല്‍ സെന്റര്‍ രക്ഷാധികാരിയും സിഎംഐ സഭ പ്രിയോര്‍ ജനറാളുമായ ഫാ. ഡോ. പോള്‍ അച്ചാണ്ടി മുഖ്യാതിഥിയാകും.
സിഎംഐ സഭ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറല്‍ കൗണ്‍സിലറും ചാവറ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാനുമായ ഫാ. ബിനോയ് ഇലവുങ്കല്‍ അധ്യക്ഷത വഹിക്കും. സന്തോഷ് ജോര്‍ജ് കുളങ്ങര പ്രഭാഷണം നടത്തും. ഹൈബി ഈഡന് എംപി, നടനും സംവിധായകനുമായ സിജോയ് വര്‍ഗീസ്, ടി.ജെ. വിനോദ് എംഎല്‍എ, നടനും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസഫ്, കോർപറേഷൻ കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലിയേറ്റീവ് രോഗികൾക്കായി മുളന്തുരുത്തി ബെത്ലെഹേം ജെറിയാട്രിക് കെയര്‍ഹോമിന് 80 കാര്‍ഡിയാക് ടേബിളുകള്‍ നൽകും. അതോടൊപ്പം കരിത്തല സെന്റ് ജോസഫ് സ്കൂളിലെ പുതിയ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നല്‍കുന്നതിനായി ഒരു ലക്ഷം രൂപ കൈമാറി. അതേ സ്കൂളില്‍ കുട്ടികളുടെ കംപ്യൂട്ടര്‍ പരിജ്ഞാനത്തിനായി ഒരു കംപ്യൂട്ടര്‍ ലാബും സജ്ജമാക്കും.
ഭവന രഹിതരായ മൂന്നു കുടുംബങ്ങള്‍ക്ക് 30-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഭവനം നിര്‍മിച്ചു നൽകും. ബാല്യത്തിലേ കാന്‍സര്‍ ബാധിതരായ കുട്ടികളെ പങ്കെടുപ്പിച്ചു വിമാനയാത്രയും സംഘടിപ്പിക്കുമെന്നു ചാവറ മാട്രിമോണി ഡയറക്ടർ ഫാ. അനില്‍ ഫിലിപ്പ്, എക്സിക്യുട്ടീവ് ഡയറക്ടർ ജോൺസൺ സി. ഏബ്രഹാം എന്നിവർ അറിയിച്ചു.
2011ല്‍ കെസിബിസി പ്രോലൈഫ് സമിതിയുമായി ചേര്‍ന്ന് നാലിലധികം കുട്ടികളുള്ള കുടുംബങ്ങളെ ആദരിക്കുന്ന ജവസമൃദ്ധി പദ്ധതിക്ക് ചാവറ മാട്രിമോണി തുടക്കം കുറിച്ചിരുന്നു. 2017ല്‍ 40 വയസു കഴിഞ്ഞവര്‍ക്കായി സൗജന്യ സേവനം നൽകുന്ന എക്സ്പ്രസ് മാട്രിമോണി പദ്ധതി ആരംഭിച്ചു.
2019ൽ ഭിന്നശേഷിക്കാര്‍ക്കു ഇണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി ആരംഭിച്ച ചാവറ എംപവര്‍ മാട്രിമോണിയും ശ്രദ്ധേയ മുന്നേറ്റമായി. ക്രിസ്മസ് കാലത്ത് അനാഥാലയങ്ങളിലെ അശരണര്‍ക്കായി ആരംഭിച്ച സാന്ത്വന സ്പര്‍ശം, സാമൂഹ്യ മേഖലയില്‍ നിസ്തുല സേവനം നല്‍കുന്നവരെ ആദരിക്കുന്ന കാരുണ്യസംഗമം തുടങ്ങിയ സേവന പദ്ധതികള്‍ തുടരുന്നുണ്ട്.
Tags : Chavara Matrimony