ന്യൂഡൽഹി: 2025-26 വർഷത്തെ എഥനോൾ വിതരണ വിഹിതം സംബന്ധിച്ച് തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവ്. എഥനോൾ വിഹിതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു ഡിസ്റ്റിലറി കമ്പനി സമർപ്പിച്ച ഹർജിയിൽ തീരുമാനം എടുക്കാൻ വിവിധ എണ്ണക്കമ്പനികൾക്ക് കർണാടക ഹൈക്കോടതി നേരത്തേ നിർദേശം നൽകിയിരുന്നു. ഇതിനെതിരേ നൽകിയ അപ്പീലിലാണ് എഥനോൾ വിതരണത്തിൽ കേന്ദ്ര സർക്കാരിന്റെ നിലവിലെ രീതി തുടരാൻ ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, ഷീൽ നാഗു എന്നിവരുടെ ബെഞ്ച് നിർദേശിച്ചത്.
ഹൈക്കോടതി വിധി നടപ്പാക്കുന്നത് രാജ്യത്തെ 20 ശതമാനം എഥനോൾ-പെട്രോൾ മിശ്രണ നയത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഭാരത് പെട്രോളിയം കോർപറേഷനു വേണ്ടി ഹാജരായ ഇന്ത്യയുടെ അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയിൽ വ്യക്തമാക്കി. എഥനോൾ വിതരണ കരാറുകൾ 2025 ഒക്ടോബറിൽതന്നെ അന്തിമമാക്കിയതാണെന്നും ഇതുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ വിവിധ ഹൈക്കോടതികളിൽ നിലവിലുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
വാർഷിക ഉത്പാദന ശേഷി 9.90 കോടി ലിറ്ററാണെങ്കിലും തങ്ങൾക്ക് 2025-26 വർഷത്തേക്ക് 3.92 കോടി ലിറ്റർ മാത്രമേ അനുവദിച്ചുള്ളൂ എന്ന് ചൂണ്ടിക്കാട്ടി എഥനോൾ നിർമാതാക്കളായ വിൻപ് ഡിസ്റ്റിലറീസ് ആൻഡ് ഷുഗർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്.
തങ്ങൾ പ്രത്യേകമായി എഥനോൾ നിർമാണത്തിന് വേണ്ടി മാത്രം പ്ലാന്റ് സ്ഥാപിച്ചവരാണെന്നും മറ്റ് കമ്പനികൾക്കു വിൽക്കാൻ കരാറില്ലാത്തതിനാൽ കുറഞ്ഞ വിഹിതം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നുമുള്ള കമ്പനിയുടെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.
എന്നാൽ മുൻഗണനാടിസ്ഥാനത്തിലുള്ള വിഹിതം ഒരു അവകാശമായി ഉന്നയിക്കാനാകില്ലെന്നും, ഇത് സർക്കാരിന്റെ ദേശീയ നയത്തിൽ മാറ്റം വരുത്തുന്നതിന് തുല്യമാണെന്നുമുള്ള എണ്ണക്കമ്പനികളുടെ വാദം പരിഗണിച്ച സുപ്രീംകോടതി ഇപ്പോൾ തുടർനടപടികൾ തടഞ്ഞുകൊണ്ട് തൽസ്ഥിതി തുടരാൻ ഉത്തരവിടുകയായിരുന്നു. അതേസമയം രാജ്യത്തെ 20 ശതമാനം എഥനോൾ മിശ്രണ പദ്ധതി ഇപ്പോഴും വിലയിരുത്തി വരികയാണെന്നും അടുത്തവർഷം ഇതിന്റെ ഫലം വ്യക്തമാകുമെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
Tags : Ethanol distribution quota